KeralaLatest NewsNews

അച്ഛനോട് പീഡനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ട് പോലീസ്; ഈ കേരള പോലീസിന് എന്തുപറ്റി?

പൊലീസ് സ്റ്റേഷനില്‍ പ്രാഥമികമായി വിവരം കൈമാറിയത് കുട്ടിയും കുട്ടിയുടെ അച്ഛനുമാണ്.

തിരുവനന്തപുരം: വാളയാര്‍ പീഡനക്കേസില്‍ അച്ഛനോട് പീഡനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ഡിവൈ.എസ്.പി ആവശ്യപ്പെട്ടുവെന്ന വെളിപ്പെടുത്തല്‍ പുറത്ത് വന്നതിന് പിന്നാലെ സാക്ഷര കേരളത്തിന് അപമാനമായ കടയ്ക്കാവൂര്‍ പീഡനക്കേസിലും പോലീസിലെ ഉന്നത ഉദ്യോഗസ്ഥന്റെ നിര്‍ദ്ദേശപ്രകാരം കടയ്ക്കാവൂര്‍ പോലീസ് നടത്തിയത് കേരളത്തെ ലജ്ജിപ്പിക്കുന്ന നടപടി. എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയതിലും അന്വേഷണത്തിലും പോലീസിന് സംഭവിച്ചത് ഗുരുതര പിഴവ്. കടയ്ക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ചതായി പറയപ്പെടുന്ന സംഭവം കെട്ടിച്ചമച്ചതാണെന്ന ആരോപണം ഉയരുന്നതിനിടെ സംശയങ്ങള്‍ ബലപ്പെടുന്ന വിധത്തിലാണ് സംഭവത്തില്‍ പൊലീസിനുണ്ടായ പിഴവുകള്‍. കേസുമായി ബന്ധപ്പെട്ട എഫ്.ഐ.ആറില്‍ വിവരം തന്നയാള്‍ ശിശുക്ഷേമസമിതി അദ്ധ്യക്ഷയാണെന്നാണ് കടയ്ക്കാവൂര്‍ പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ അച്ഛനോടൊപ്പം പോലീസ് സ്റ്റേഷനിലെത്തി വിവരം വെളിപ്പെടുത്തിയ കുട്ടിയെ പൊലീസാണ് ശിശുക്ഷേമ സമിതിയിലേക്ക് കൗണ്‍സലിംഗിനായി അയച്ചത്. പൊലീസ് സ്റ്റേഷനില്‍ പ്രാഥമികമായി വിവരം കൈമാറിയത് കുട്ടിയും കുട്ടിയുടെ അച്ഛനുമാണ്.

പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടിയിരുന്നത് ഇവരില്‍ ആരുടെയെങ്കിലും മൊഴിയുടെ അടിസ്ഥാനത്തിലാകണമായിരുന്നു. എന്നാല്‍, അതിന് പകരം ശിശുക്ഷേമ സമിതി അദ്ധ്യക്ഷയുടെ പേരില്‍ മൊഴി രേഖപ്പെടുത്തിയത് കേസിന്റെ ഗൗരവം കൂട്ടാനാണെന്നാണ് കരുതപ്പെടുന്നത്. ഇതിന് പിന്നില്‍ വ്യക്തമായ ആസൂത്രണവും ശക്തമായ സമ്മര്‍ദ്ദവുമുണ്ടായിട്ടുണ്ടെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. വാളയാറുള്‍പ്പെടെ പോക്സോ കേസുകളില്‍ പിഴവ് പതിവാകുന്ന പൊലീസിന് ആഭ്യന്തരവകുപ്പും ഹൈക്കോടതിയുള്‍പ്പെടെയുള്ള കോടതികളും നിരന്തരം സര്‍ക്കുലറുകള്‍ അയക്കുകയും ഉപദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നതിനിടെയാണ് കടയ്ക്കാവൂരില്‍ പെറ്റമ്മയെ പോക്സോ കേസില്‍ ജയിലിലാക്കിയെന്ന ഗുരുതരവീഴ്ചയിലും പൊലീസ് പ്രതിക്കൂട്ടിലായിരിക്കുന്നത്.

Read Also: പുഴയില്‍ നിന്നും സ്വര്‍ണനാണയങ്ങള്‍ കണ്ടെത്തി; തിക്കുംതിരക്കുമായി ജനങ്ങള്‍

മൂന്നുവര്‍ഷം മുമ്പുണ്ടായ സംഭവത്തില്‍ പരാതി നല്‍കാന്‍ താമസിച്ചതിനെപ്പറ്റിയോ കുട്ടിയുടെ മാതാപിതാക്കള്‍ തമ്മിലുള്ള പിണക്കങ്ങളോ കുടുംബപ്രശ്നങ്ങളുടെ ഗൗരവമോ കണക്കിലെടുക്കാതെ തിടുക്കത്തില്‍ അറസ്റ്റിലേക്ക് നീങ്ങിയതാണ് അമ്മ ജയിലിലാകാനും സംഭവം കേരളത്തിന് അപമാനമാകാനും കാരണമായത്. കേസില്‍ കുട്ടിയെ കൗണ്‍സലിംഗിനും വൈദ്യപരിശോധനയ്ക്കും അയച്ചതിലും കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിലും എസ്.എച്ച്‌.ഒയുടെയോ എസ്.ഐ.യുടെയോ മതിയായ മേല്‍നോട്ടമുണ്ടായില്ല. കൗണ്‍സലിംഗിനെത്തിയ കുട്ടിയെ മനോരോഗ വിദഗ്ദ്ധന്റെ പരിശോധനയ്ക്ക് വിധേയനാക്കാനും പോലീസ് ശ്രമിച്ചില്ല. കുട്ടിയുടെ മൊഴിയനുസരിച്ച്‌ പ്രതിസ്ഥാനത്തായ മാതാവിനെ സി.ആര്‍.പി.സി നിയമപ്രകാരം വിളിച്ചുവരുത്തി വിവരങ്ങള്‍ ശേഖരിക്കാന്‍ പൊലീസ് ശ്രമിച്ചിട്ടില്ല. മാത്രമല്ല കുട്ടിയുടെ കൂടെപ്പിറപ്പിനെയോ കുടുംബാംഗങ്ങളെയോ നേരില്‍ക്കാണാനോ അവരില്‍ നിന്ന് കൂടി വിവരങ്ങള്‍ ശേഖരിക്കാനോ പൊലീസ് ശ്രമിച്ചില്ല.

സാഹചര്യതെളിവുകളോ സാക്ഷി മൊഴികളോ വേണ്ടവിധം ശേഖരിക്കാനോ പരിശോധിക്കാനോ ശ്രമിക്കാതെയാണ് കുട്ടിയുടെ മാതാവിനെ ഗുരുതരമായ ഒരു പോക്സോ കേസില്‍ പൊലീസ് തിടുക്കത്തില്‍ അറസ്റ്റ് ചെയ്തത്. കുടുംബപ്രശ്നങ്ങള്‍ കാരണം ഭര്‍ത്താവിനെതിരെ ജീവനാംശത്തിനും ഗാ‌ര്‍ഹിക പീഡനത്തിനും യുവതിയുടെ പരാതിയോ കേസോ നിലവിലുണ്ടെന്ന കാര്യവും പൊലീസ് പരിഗണിച്ചിട്ടില്ല. ഇത്തരം പിഴവുകള്‍ പ്രാഥമികമായി തന്നെ ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സംഭവത്തെപ്പറ്റി വിശദമായി അന്വേഷിക്കാന്‍ കേസ് ഐ.ജി ഹര്‍ഷിത അട്ടല്ലൂരിയ്ക്ക് ഡി.ജി.പി കൈമാറിയത്. നെയ്യാറ്റിന്‍കരയില്‍ കുടിയൊഴിപ്പിക്കലില്‍ ദമ്ബതികള്‍ തീപ്പൊള്ളലേറ്റ് മരിക്കാനിടയായ സംഭവത്തിന് പിന്നാലെയാണ് കടയ്ക്കാവൂര്‍ സംഭവത്തിലും പൊലീസിന്റെ അനാവശ്യ തിടുക്കം സേനയ്ക്ക് നാണക്കേടിനും പേരുദോഷത്തിനും ഇടയാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button