ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിനുളള കൊവിഷീല്‍ഡ് വാക്‌സിനുകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കി. ഈ മാസം 16 മുതൽ രാജ്യത്ത് വാക്‌സിൻ വിതരണം ആരംഭിക്കാനിരിക്കെയാണ് നീക്കം. സെറം ഇൻസ്റ്റിറ്റ്യൂട്ടാണ് ഇക്കാര്യം അറിയിച്ചത്. 200 രൂപയാണ് വാക്‌സിനുകളുടെ വിലയെന്നും സെറം ഇൻസ്റ്റിറ്റിയൂട്ട് വ്യക്തമാക്കി.
വാക്‌സിന്റെ വിപണിവില 1000 രൂപയാണെങ്കിലും കേന്ദ്ര സർക്കാർ ആദ്യ ഘട്ടത്തിൽ വാങ്ങുന്ന 10 കോടി ഡോസ് വാക്‌സിന് 200 രൂപ നിരക്കിൽ നൽകാനാണ് തീരുമാനമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവാലയും അറിയിച്ചു. ഇന്ത്യയിലേക്ക് വിതരണം ചെയ്യാൻ അഞ്ച് കോടി ഡോസ് വാക്‌സിൻ നിലവിൽ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിർമ്മാണ കേന്ദ്രത്തിൽ സജ്ജമാക്കിയിട്ടുണ്ട്.
തുടക്കത്തിൽ 11 ലക്ഷം വാക്‌സിനുകളായിരിക്കും നൽകുക. കൊവിഷീൽഡിനും കൊവാക്‌സിനുമാണ് രാജ്യത്ത് അടിയന്തിര ഉപയോഗത്തിനുള്ള അനുമതി ഡിസിജിഐ നൽകിയിരിക്കുന്നത്. വാക്‌സിൻ വിതരണത്തിന് മുന്നോടിയായുള്ള ഡ്രെെ റണ്ണുകൾ രാജ്യത്ത് വിജയകരമായി പൂർത്തിയാക്കിക്കഴിഞ്ഞു.
Post Your Comments