നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ആലപ്പുഴ അരൂക്കുറ്റിയില്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്കനടപടി. 36 അംഗങ്ങളാണ് അച്ചടക്കനടപടിയെ തുടർന്ന് പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ടിരിക്കുന്നത്. ലോക്കല്‍ കമ്മിറ്റിയംഗം, മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാര്‍ തുടങ്ങിയവർക്കെതിരെയാണ് നടപടി.
സി പി എം കോട്ടയായ അരൂക്കുറ്റി പഞ്ചായത്തിലെ മൂന്നാംവാര്‍ഡില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ദയനീയമായി പരാജയപ്പെട്ടതാണ് സംഭവത്തിന് ആധാരം. വാര്‍ഡിലെ പാര്‍ട്ടി ഘടകങ്ങള്‍ നിര്‍ദേശിച്ച കെ.എ.മാത്യുവിനെ തള്ളി ലോക്കല്‍ കമ്മിറ്റി പുതിയ സ്ഥാനാര്‍ത്ഥിയെയാണ് ഇവിടെ നിർത്തിയത്. എന്നാല്‍ കെ.എ.മാത്യു റിബലായി മത്സരിച്ച് 128 വോട്ടിന് ജയിച്ചു.
Also Read: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2998 പേര്‍ക്ക് കോവിഡ്
ഇതോടെ പഞ്ചായത്ത് ഭരണം സി പി എമ്മിന് നഷ്ടമായി. പഞ്ചായത്ത് യു.ഡി.എഫ്. പിടിച്ചു. പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രവർത്തിക്കാതെ വിമതന് വേണ്ടി പ്രവർത്തിച്ചുവെന്നാണ് ഇവർക്കെതിരെ ഉയരുന്ന ആരോപണം. നടപടി നേരിട്ടവരില്‍ ഭൂരിപക്ഷവും എ.കെ.ജി. ബ്രാഞ്ചിലെ അംഗങ്ങളാണ്.
എന്നാല്‍ കാരണംകാണിക്കല്‍ നോട്ടീസ് പോലും നല്‍കാതെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതിനെ ചോദ്യം ചെയ്ത് പുറത്താക്കപ്പെട്ടവര്‍ സംസ്ഥാന നേതൃത്വത്തെ പരാതി അറിയിച്ചിട്ടുണ്ട്.
Post Your Comments