ന്യൂഡൽഹി : ഇന്ത്യയിൽ തദ്ദേശീയമായി നിർമ്മിച്ച കോവിഡ് വാക്‌സിനുകൾ കയറ്റിയയ്ക്കുന്നതിൽ സുഹൃദ് രാജ്യങ്ങൾക്ക് ആദ്യ പരിഗണന നൽകുമെന്ന് കേന്ദ്ര സർക്കാർ.രാജ്യത്തെ ജനങ്ങൾക്ക് ആവശ്യമായ കോവിഡ് വാക്‌സിനുകൾ മാറ്റിവെച്ചതിന് ശേഷമാകും വിദേശ രാജ്യങ്ങൾക്ക് നൽകുകയെന്നും ഉന്നതതല വൃത്തങ്ങൾ അറിയിച്ചു.
സുഹൃദ് രാജ്യങ്ങൾക്ക് വാക്‌സിൻ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി ആദ്യ 12 മില്ല്യൺ ഡോസ് നേപ്പാളിന് നൽകാനാണ് തീരുമാനം. വിദേശകാര്യ സെക്രട്ടറി നടത്തിയ നേപ്പാൾ സന്ദർശനവേളയിൽ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. അടുത്ത ദിവസം ഇന്ത്യയിലെത്തുന്ന നേപ്പാൾ വിദേശകാര്യ മന്ത്രിയുമായി നടത്തുന്ന ചർച്ചയിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും.
ബംഗ്ലാദേശുമായും വാക്‌സിൻ വിതരണം സംബന്ധിച്ച് ഇന്ത്യ കരാർ ഒപ്പിട്ടിരുന്നു. ഫെബ്രുവരി ആദ്യത്തോടെ 30 മില്ല്യൺ കൊവിഷീൽഡ് വാക്‌സിൻ ഡോസുകളാണ് ബംഗ്ലാദേശിലേക്ക് കയറ്റി അയയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയിൽ സെറം ഇൻസ്റ്റിറ്റ്യൂട്ടാണ് കൊവിഷീൽഡ് വാക്‌സിൻ നിർമ്മിക്കുന്നത്.
മ്യാന്മറും ഇന്ത്യയിൽ നിന്നും ആദ്യ ബാച്ച് വാക്‌സിൻ വാങ്ങുന്നതിനായി കരാർ ഒപ്പിട്ടിട്ടുണ്ട്. ഇന്ത്യയിൽ വാക്‌സിൻ ഉപയോഗത്തിന് അനുമതി ലഭിച്ചാലുടൻ സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിർമ്മിച്ച വാക്‌സിൻ വാങ്ങുമെന്ന് മ്യാന്മർ സ്റ്റേറ്റ് കൗൺസിലർ ഡാവ് ആങ്സാൻ സൂകി പറഞ്ഞിരുന്നു.
Post Your Comments