ന്യൂഡല്‍ഹി : ഇന്ത്യയില്‍ നിന്ന് അരി വാങ്ങാന്‍ ഒരുങ്ങി വിയറ്റ്‌നാം. അരി കയറ്റുമതിയില്‍ ലോകത്ത് മൂന്നാം സ്ഥാനത്തുള്ള വിയറ്റ്‌നാമാണ് ദശാബ്ദങ്ങള്‍ക്കിടെ ആദ്യമായി ഇന്ത്യയില്‍ നിന്ന് അരി വാങ്ങാന്‍ ഒരുങ്ങുന്നത്. വിയറ്റ്നാം വിപണിയില്‍ അരി വില കുതിച്ചുയര്‍ന്നതോടെയാണ് ഇന്ത്യയില്‍ നിന്ന് വാങ്ങാന്‍ ഒരുങ്ങുന്നത്.
വിയറ്റ്നാമില്‍ 500 മുതല്‍ 505 ഡോളര്‍ വരെയാണ് അരി ടണ്ണിന് വില. എന്നാല്‍ ഇന്ത്യയിലാകട്ടെ 381 ഡോളര്‍ മുതല്‍ 387 ഡോളര്‍ വരെയാണ് വില. ഈ വില വ്യത്യാസം കാരണമാണ് ഇന്ത്യയില്‍ നിന്ന് അരി വാങ്ങാന്‍ വിയറ്റ്‌നാം തീരുമാനിച്ചത്. വിയറ്റ്നാമില്‍ ഒന്‍പത് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് അരി വ്യാപാരം നടക്കുന്നത്.
ജനുവരി, ഫെബ്രുവരി മാസങ്ങളിലായി 70,000 ടണ്‍ അരി വാങ്ങാനുള്ള കരാര്‍ ഇന്ത്യന്‍ വ്യാപാരികളുമായി വിയറ്റ്നാം ഒപ്പിട്ടു കഴിഞ്ഞു. ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന അരി മൃഗങ്ങള്‍ക്ക് തീറ്റ നല്‍കാനും മദ്യ നിര്‍മ്മാണ ശാലകളിലേക്കുമാണ് ഉപയോഗിക്കുക. കഴിഞ്ഞ ഡിസംബറില്‍ ചൈനയും ഇന്ത്യയില്‍ നിന്ന് അരി ഇറക്കുമതി ചെയ്തിരുന്നു.
Post Your Comments