KeralaLatest NewsNews

ബിജെപി സര്‍ക്കാരിന്റെ കൈയില്‍ സിപിഐഎമ്മിനെതിരായ അന്തിമായുധം? മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ..

ഒന്നല്ല, രണ്ടു കോടതികള്‍. ആ കേസില്‍ ഞാന്‍ പ്രതിപോലുമാകേണ്ടതില്ല എന്നു വ്യക്തമാക്കിയതാണ്.

തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഐഎമ്മിനെതിരായ ബിജെപി സര്‍ക്കാരിന്റെ അന്തിമായുധമാണോ ലാവ്‌ലിന്‍ കേസെന്ന് ചോദ്യത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശാഭിമാനി വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ചോദ്യവും മുഖ്യമന്ത്രിയുടെ മറുപടിയും. കേസില്‍ രണ്ടു കോടതികള്‍ വിധി പറഞ്ഞതാണെന്നും കേസില്‍ താന്‍ പ്രതിപോലുമാകേണ്ടതല്ലെന്ന് കോടതി വ്യക്തമാക്കിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”ആ കേസ് അന്വേഷണ ഏജന്‍സിയുടെ കൈയിലല്ല. കോടതി മുമ്പാകെ എത്തിയതും കോടതി വിധി പറഞ്ഞതുമാണ്. ഒന്നല്ല, രണ്ടു കോടതികള്‍. ആ കേസില്‍ ഞാന്‍ പ്രതിപോലുമാകേണ്ടതില്ല എന്നു വ്യക്തമാക്കിയതാണ്. രണ്ട് കോടതികള്‍ എന്നെ കുറ്റവിമുക്തനാക്കിയ കേസാണ്. വിചാരണ കോടതിയും ഹൈക്കോടതിയും. ഏജന്‍സികള്‍ക്ക് അന്വേഷണത്തില്‍ ഇനി ഒന്നും ചെയ്യാനില്ല. ഇക്കാര്യത്തില്‍ മുന്‍വിധിയോടെയുള്ള ഒരു പ്രതികരണത്തിനു ഞാനില്ല. നിയമപരമായ കാര്യങ്ങള്‍ അതിന്റെ മുറയ്ക്കു നടക്കട്ടെ.”

സ്വര്‍ണക്കടത്തുക്കേസിന്റെ അവസാനം എവിടെയെത്തും?

”സ്വര്‍ണക്കടത്ത് സര്‍ക്കാരിനെ ബാധിക്കുന്ന ഒരു വിഷയമല്ല. ഏതായാലും അതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നുണ്ട്. അത് നടക്കട്ടെ, കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരട്ടെ.എന്നാല്‍, അന്വേഷണത്തിന്റെ പേരുപറഞ്ഞ് കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാന സര്‍ക്കാരിന്റെ നയപരിപാടികളില്‍ കൈകടത്തുന്നത് ശരിയായ സമീപനമല്ല; ജനാധിപത്യത്തിനും ഭരണഘടനയ്ക്കും എതിരാണ്. ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണ്. നേരത്തെ നമ്മള്‍ പരാമര്‍ശിച്ച ലൈഫ് പദ്ധതിക്കെതിരെ ഒരന്വേഷണം നടത്താന്‍ ശ്രമിച്ചത് ആ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച്, അവയുമായി യാതൊരു ബന്ധവുമില്ലാത്ത വകുപ്പുകള്‍ ചേര്‍ത്താണ്. കോടതിതന്നെ ആ ശ്രമത്തെ തടഞ്ഞു.”

”പിന്നെയൊരു പ്രധാനപ്പെട്ട പദ്ധതി കെ ഫോണാണ്. ഇന്റര്‍നെറ്റ് അവകാശമായി പ്രഖ്യാപിച്ച ഏക സംസ്ഥാനമാണ് കേരളം. ഇവിടെ എല്ലാവര്‍ക്കും മികച്ച ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പാക്കാന്‍ അതുകൊണ്ടുതന്നെ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. അതിനുവേണ്ട പശ്ചാത്തല സൗകര്യമൊരുക്കലാണ് കെഫോണ്‍ പദ്ധതി. അതിലൂടെ എല്ലാ വീടുകളെയും ഓഫീസുകളെയും മറ്റും ഹൈസ്പീഡ് ഓപ്ടിക്കല്‍ ഫൈബര്‍ ശൃംഖലയുമായി ബന്ധിപ്പിക്കുകയാണ്. പാവപ്പെട്ടവര്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുകൂടിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഇത് നമ്മുടെ അനേകായിരം ചെറുപ്പക്കാര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതും സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതും അങ്ങനെ നാടിനാകെ ഗുണം വരുത്തുന്നതുമായ പദ്ധതിയാണ്. ഈ മേഖലയിലെ കുത്തകകളുടെ താല്‍പ്പര്യം ഈ പദ്ധതി പ്രായോഗികമായിക്കാണണമെന്നാവില്ലല്ലോ.”

Read Also: ‘എനിക്ക് വിശ്വാസമില്ല’; വാക്‌സിൻ പരീക്ഷണ വിവരങ്ങൾ പുറത്തുവിടണമെന്ന് യെച്ചൂരി

”പ്രതിപക്ഷ നേതാവുള്‍പ്പെടെയുള്ളവര്‍ നിയമസഭയില്‍ ഈ വിഷയം പരാമര്‍ശിച്ചപ്പോള്‍ ഇത്തരം വശങ്ങള്‍ കൂടി പരിഗണിക്കേണ്ടതായിരുന്നു. വിദ്യാഭ്യാസം നല്‍കാനും ആരോഗ്യം സംരക്ഷിക്കാനുമൊക്കെ ഇവിടെ കച്ചവട താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന സ്വകാര്യ വ്യവസായങ്ങളുണ്ടല്ലോ, അതുകൊണ്ട് സര്‍ക്കാര്‍ എന്തിന് ഈ മേഖലകളില്‍ പ്രവര്‍ത്തിക്കണം എന്ന മട്ടില്‍ ചോദിക്കുന്നതുപോലെയുള്ള തീര്‍ത്തും ജനദ്രോഹപരമായ വാദങ്ങള്‍ ഉണ്ടായിക്കൂടാത്തതാണ്. അതേ താല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് കേന്ദ്രത്തിന് ചങ്ങാത്തമുള്ള മുതലാളിമാരുടെ ബിസിനസ്സ് താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനെന്നോണം കേന്ദ്ര ഏജന്‍സികള്‍ ഈ ഘട്ടത്തില്‍ കേരള സര്‍ക്കാരിന്റെതന്നെ പ്രവര്‍ത്തനങ്ങളില്‍ കൈകടത്താന്‍ ശ്രമിക്കുന്നത്. അത് നമ്മുടെ നാടിന്റെ വികസനത്തെ അട്ടിമറിക്കാനും നമ്മുടെ ചെറുപ്പക്കാരുടെ ഭാവിയെ അപകടത്തിലാക്കാനുമുള്ള ശ്രമമാണ്. അതൊന്നും ഒരു കാരണവശാലും അനുവദിക്കാന്‍ കഴിയില്ല.”

shortlink

Related Articles

Post Your Comments

Related Articles


Back to top button