മലപ്പുറം : പൂജ നടത്താനെന്ന പേരില്‍ യുവാവിന്റെ കണ്ണും കൈകളും കെട്ടിയ ശേഷം തലയ്ക്കടിച്ച് കൊന്ന സംഭവത്തില്‍ സുഹൃത്തുക്കള്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തി. പന്താവൂര്‍ സ്വദേശിയായ കിഴക്കേ വളപ്പില്‍ ഹനീഫയുടെ മകന്‍ ഇര്‍ഷാദിനെ(24) 6 മാസം മുന്‍പാണ് കാണാതായത്. അറസ്റ്റിലായ വട്ടംകുളം സ്വദേശികളും ഇര്‍ഷാദിന്റെ സുഹൃത്തുക്കളുമായ അധികാരിപ്പടി വീട്ടില്‍ സുഭാഷ് (35), മേനോംപറമ്പില്‍ എബിന്‍ (27) എന്നിവരെ ചോദ്യം ചെയ്തതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത്.
ജൂണ്‍ 11-ന് കോഴിക്കോട്ടേക്ക് പോകുകയാണെന്ന് പറഞ്ഞാണ് ഇര്‍ഷാദ് വീട്ടില്‍ നിന്നിറങ്ങിയതെന്ന് ബന്ധുക്കള്‍ പറയുന്നു. അടുത്ത ദിവസവും കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ചങ്ങരംകുളം പൊലീസില്‍ പരാതി നല്‍കി. ഇര്‍ഷാദിന് പഞ്ചലോഹ വിഗ്രഹം നല്‍കാമെന്ന് പറഞ്ഞ് നേരത്തേ 5 ലക്ഷം രൂപ സുഹൃത്തുക്കളായ സുഭാഷും എബിനും ചേര്‍ന്ന് വാങ്ങിയിരുന്നതായി പൊലീസ് പറയുന്നു. വിഗ്രഹം നല്‍കാത്തതിനാല്‍ പണം തിരിച്ചു ചോദിക്കുമോയെന്ന ആശങ്കയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം.
വീണ്ടും പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ജൂണ്‍ 11ന് രാത്രി 9ന് ഇര്‍ഷാദ് ഒന്നരലക്ഷം രൂപയുമായി പ്രതികള്‍ വാടകയ്ക്ക് താമസിക്കുന്ന വട്ടംകുളത്തെ ക്വാര്‍ട്ടേഴ്സില്‍ എത്തി. പൂജയുടെ ഭാഗമെന്ന് വിശ്വസിപ്പിച്ച് ഇര്‍ഷാദിന്റെ കണ്ണും കൈകളും കെട്ടിയ ശേഷം മയക്കുന്ന രാസവസ്തു പ്രയോഗിച്ചെങ്കിലും ഫലിക്കാതായതോടെ കയ്യില്‍ കരുതിയിരുന്ന ഇരുമ്പ് വടി ഉപയോഗിച്ച് തലയ്ക്ക് പുറകില്‍ അടിച്ചു വീഴ്ത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇര്‍ഷാദിന്റെ മരണം ഉറപ്പാക്കിയ ശേഷം ആദ്യം പ്ലാസ്റ്റിക് കവറിലും പിന്നീട് ചാക്കിലുമാക്കി പുലര്‍ച്ചെ മൃതദേഹം കാറില്‍ കൊണ്ടു പോയി പ്രതികള്‍ പൂക്കരത്തറയിലെ കിണറ്റില്‍ തള്ളുകയായിരുന്നെന്ന് പൊലീസ് പറയുന്നു.
എടപ്പാള്‍ നടുവട്ടം-അയിലക്കാട് റോഡില്‍ പൂക്കരത്തറ സെന്ററിലെ കെട്ടിടത്തിനു പിന്നിലെ ഉപയോഗശൂന്യമായ കിണറ്റില്‍ മൃതദേഹം തള്ളിയെന്നാണ് അറസ്റ്റിലായ പ്രതികള്‍ നല്‍കിയ മൊഴി. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അഡീഷണല്‍ തഹസില്‍ദാര്‍ ഉള്‍പ്പടെയുള്ളവരുടെ സാന്നിധ്യത്തില്‍ ഇവിടെ തിരച്ചില്‍ നടത്തുകയായിരുന്നു. കിണറ്റിലെ മാലിന്യം നീക്കം ചെയ്ത് മൃതദേഹം കണ്ടെത്താന്‍ പൊലീസും അഗ്നിരക്ഷാസേനയും ഇന്നലെ പകല്‍ മുഴുവന്‍ നടത്തിയ നീക്കം വിജയിച്ചില്ല. 2 മീറ്ററോളം ആഴത്തിലുള്ള മാലിന്യം നീക്കേണ്ടതുള്ളതിനാല്‍ തിരച്ചില്‍ ഇന്നും തുടരും.
Post Your Comments