തിരുവനന്തപുരം: സ്വര്‍ണ്ണ കടത്തു കേസില്‍ നിർണായക മൊഴിയുമായി പ്രതി സ്വപ്നാ സുരേഷ്. എന്നാൽ സ്വപ്നയുടെ വെളിപ്പെടുത്തൽ സ്പീക്കര്‍ ശ്രീരാമകൃഷ്ണന് വിനയായി. സംസ്ഥാനത്ത് ഉന്നത പദവി വഹിക്കുന്ന നേതാവ് ഔദ്യോഗിക വസതിയില്‍ വച്ചാണ് ബാഗില്‍ തങ്ങള്‍ക്കു പണം നല്‍കിയതെന്നും അതു യുഎഇ കോണ്‍സുലേറ്റിലെ ഉന്നതോദ്യോഗസ്ഥനു കൈമാറിയെന്നും സ്വര്‍ണക്കടത്തു കേസ് പ്രതികളായ സ്വപ്നയും സരിത്തും കസ്റ്റംസിനു മൊഴി നല്‍കിയെന്ന് ആദ്യം റിപ്പോര്‍ട്ട് ചെയ്യുന്നത് മനോരമയാണ്. ഇതിന് പിന്നാലെ സംശയ നിഴലിലുള്ളത് സ്പീക്കറാണെന്ന് മറുനാടനും വെളിപ്പെടുത്തിയിരുന്നു.
എന്നാൽ സ്പീക്കറുടെ മൊഴി പരിശോധിച്ച ശേഷമേ തീരുമാനങ്ങള്‍ ഉണ്ടാകൂ. അന്വേഷണത്തെ വഴി തെറ്റിക്കാനാണോ സ്വപ്‌നയും സരിത്തും ഇങ്ങനെ പറഞ്ഞതെന്ന സംശയവും കസ്റ്റംസിനുണ്ട്. പ്രതികള്‍ മൊഴി നല്‍കിയതിനാല്‍ ചോദ്യം ചെയ്യും എന്നാണ് കസ്റ്റംസ് നല്‍കുന്ന സൂചന. എന്നാല്‍ ഈ ആരോപണത്തില്‍ പ്രാഥമിക തെളിവുകള്‍ കസ്റ്റംസ് ശേഖരിച്ചതായും സൂചനയുണ്ട്. വിവിഐപിയുമായി ബന്ധപ്പെട്ട് പേരു വയ്ക്കാതെ മനോരമയും കൗമുദിയും നിരന്തര വാര്‍ത്തകള്‍ കൊടുത്തിരുന്നു. സംശയ മുനയിലുള്ളത് സ്പീക്കറാണെന്ന് വ്യക്തമായി പറഞ്ഞത് മറുനാടന്‍ മാത്രമായിരുന്നു.
സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ഉടന്‍ ചോദ്യം ചെയ്യും.ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് ഉടന്‍ നല്‍കും.സ്വപ്ന സുരേഷിന്റെ നിര്‍ണായക രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.ഡോളര്‍ അടങ്ങിയ ബാഗ് സ്പീക്കര്‍ സ്വപ്നയ്ക്കും, സരിത്തിനും കൈമാറിയെന്നും മൊഴിയുണ്ട്. ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് സ്പീക്കറില്‍ നിന്ന് മൊഴി എടുക്കുന്നത്.
അതേസമയം ഗസലിനോട് താല്‍പ്പര്യമുള്ള നേതാവെന്ന വിശേഷണവും ഉന്നതന് മനോരമ കൊടുത്തിരുന്നു. പേട്ടയിലെ ഒരു ഫ്ളാറ്റില്‍ ചെല്ലാനാണ് തന്നോട് ആവശ്യപ്പെട്ടതെന്നു സ്വപ്ന പറയുന്നു. നാലാം നിലയിലെ ഫ്ളാറ്റില്‍ സരിത്തിനെയും കൂട്ടി ചെല്ലുമ്ബോള്‍ അദ്ദേഹം ഗസല്‍ കേട്ടിരിക്കുകയായിരുന്നു. അവിടെനിന്നു സ്വപ്നയുടെ വാഹനത്തിലാണ് ഔദ്യോഗിക വസതിയിലേക്കു പോയത്. ഔദ്യോഗിക വസതിയില്‍വച്ച് നേതാവ് എടുത്തുകൊണ്ടുവന്ന ബാഗ് സ്വപ്ന വാങ്ങി തന്നെ ഏല്‍പിച്ചുവെന്നും കോണ്‍സുലേറ്റിലെ ഉന്നതനു നല്‍കണമെന്നു പറഞ്ഞെന്നുമാണ് സരിത്തിന്റെ മൊഴി. സ്വപ്ന ഇതു ശരിവച്ചിട്ടുണ്ട്. എന്നാല്‍ തെളിവു ശേഖരണത്തിന് ശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കൂ. ഇതിന് വേണ്ടിയാണ് സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത്.
പേട്ടയിലെ ഫ്ളാറ്റ് ലണ്ടനിലുള്ള മലയാളി ദമ്പതികളുടേതാണ്. പണം കൈമാറിയെന്നു പറയുന്ന കാലത്ത് ആരാണിത് ഉപയോഗിച്ചിരുന്നതെന്നു കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്. റിവേഴ്‌സ് ഹവാല ഇടപാടുമായി ബന്ധപ്പെട്ട് ചില മന്ത്രിമാരും ഭരണഘടനാ പദവിയിലുള്ള ഉന്നതനും സിനിമാതാരവും ഉള്‍പ്പെടെ പ്രമുഖരുടെ പേരുകള്‍ കസ്റ്റംസിനോട് വെളിപ്പെടുത്തിയ സാഹചര്യത്തില്‍ സ്വപ്ന സുരേഷിനെയും പി.എസ്. സരിത്തിനെയും ഇ.ഡിയും ചോദ്യം ചെയ്തിരുന്നു. സ്വപ്നയുമൊത്ത് ദുബായിലെ ബുര്‍ജ് ഖലീഫയില്‍ വച്ച് ഉന്നതനെടുത്ത ചിത്രങ്ങള്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധനയില്‍ വീണ്ടെടുത്തുവെന്ന വാര്‍ത്തയും സജീവ ചര്‍ച്ചയായിരുന്നു.
ദുബായിലെ ഭരണക്രമം പഠിക്കാന്‍ കോണ്‍സുലേറ്റിന്റെ ചെലവില്‍ ചില ഉന്നതരെ സ്വപ്നയും സംഘവും യു.എ.ഇയില്‍ എത്തിച്ചതിന്റെ വിവരങ്ങളും കേന്ദ്ര ഏജന്‍സികള്‍ക്കു ലഭിച്ചു. മൂന്നുവര്‍ഷമായി സ്വപ്നയും സംഘവും റിവേഴ്‌സ് ഹവാല ഇടപാട് നടത്തിവന്നതായാണ് കണ്ടെത്തല്‍. അനധികൃത ഇടപാടുകളിലൂടെയും കോഴയായും ലഭിച്ച നൂറു കോടിയിലധികം രൂപ സ്വപ്നയുടെയും സന്ദീപിന്റെയും സഹായത്തോടെ ചില ഉന്നതര്‍ യു.എ.ഇയിലേക്കു കടത്തി. ഈ ഉന്നതരുടെ വിദേശത്തേതടക്കം കള്ളപ്പണ, ബിനാമി നിക്ഷേപവും ഇടപാടുകളും, പ്രത്യേകം കേസെടുത്ത് അന്വേഷിക്കാനാണ് നീക്കം.
ലൈഫ് കോഴ ഇടപാടുമായി ബന്ധപ്പെട്ട് ഒരു മന്ത്രിയുടെ മകന്റെ ഭാര്യാപിതാവിന്റെ ഇടപാടുകളെക്കുറിച്ചുള്ള വിവരവും കിട്ടിയെന്നാണ് റിപ്പോര്‍ട്ട്.. പൊലീസുമായി ബന്ധപ്പെട്ട വന്‍ ഇടപാടിലും ഈ മന്ത്രിബന്ധു സംശയമുനയിലാണ്. രണ്ടു പേര്‍ക്ക് വിദേശത്ത് നിക്ഷേപസൗകര്യം ഒരുക്കിയതും അവര്‍ക്കായി കള്ളപ്പണ ഇടപാട് നടത്തിയതുംപരിശോധിക്കും. അങ്ങനെ സ്വര്‍ണ്ണ കടത്ത് അന്വേഷണം എല്ലാ അര്‍ത്ഥത്തിലും വിവിഐപികളിലേക്ക് എത്തുകയാണ്.
Post Your Comments