നെയ്യാറ്റിന്‍കര : നെയ്യാറ്റിൻകരയിൽ രാജന്‍-അമ്പിളി ദമ്പതികള്‍ പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ ഈ കുടുംബത്തെ ഒഴിപ്പിക്കാന്‍ പരാതി നല്‍കിയ അയല്‍വാസി പോങ്ങില്‍ നെട്ടത്തോട്ടം ലക്ഷം വീട്ടില്‍ വസന്തയ്‌ക്ക് ഈ ഭൂമിയില്‍ പട്ടയാവകാശമില്ലെന്നു തെളിയിക്കുന്ന വിവരാവകാശ രേഖ പുറത്ത്. മരിച്ച രാജന്‍ 2 മാസം മുന്‍പേ ഈ വിവരാവകാശ രേഖ നേടിയിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. സര്‍ക്കാര്‍ കോളനികളില്‍ താമസിക്കുന്നവര്‍ക്കു പട്ടയം നല്‍കുമ്പോള്‍ പരമാവധി 2, 3, 4 സെന്റുകള്‍ വീതമാണു നല്‍കുന്നത്.
ഇവ നിശ്ചിത വര്‍ഷത്തേക്കു കൈമാറ്റം ചെയ്യാന്‍ പാടില്ലെന്നും വ്യവസ്ഥ ചെയ്യാറുണ്ട്. 12 സെന്റ് ഭൂമി ഒരാള്‍ക്കു മാത്രമായി പതിച്ചു നല്‍കാന്‍ സാധ്യതയില്ലെന്നു നിയമവിദഗ്‌ധര്‍ അറിയിച്ചു. പട്ടയം കിട്ടിയവരില്‍ നിന്നു വിലയ്‌ക്കു വാങ്ങാന്‍ സാധ്യതയുണ്ട്. പക്ഷേ രേഖകള്‍ പ്രകാരം വസന്ത ഈ സ്ഥലത്തിന്റെ ഉടമസ്ഥയല്ല.അതിയന്നൂര്‍ വില്ലേജില്‍ (ബ്ലോക്ക് നമ്പര്‍ 21) 852/16, 852/17, 852/18 എന്നീ റീസര്‍വേ നമ്പറുകളിലെ ഭൂമി തന്റേതാണെന്നായിരുന്നു വസന്തയുടെ അവകാശവാദം. ഇതെല്ലാം കൂടി 12 സെന്റ് വരും.
എന്നാല്‍ ഈ ഭൂമി എസ്.സുകുമാരന്‍ നായര്‍, കെ.കമലാക്ഷി, കെ.വിമല എന്നിവരുടെ പേരുകളിലാണെന്നു വിവരാവകാശ രേഖ പറയുന്നു. ഇതേ ഭൂമിയില്‍ അവകാശം സ്ഥാപിച്ചുകൊണ്ട് വസന്തയുടെ കൈവശമുള്ള പട്ടയം വ്യാജമാണോ എന്നു പരിശോധിക്കാന്‍ കലക്ടര്‍ നവ്ജ്യോത് ഖോസ തഹസില്‍ദാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചു വ്യക്തത വരുത്തിയ ശേഷം സര്‍ക്കാര്‍ കോടതിയെ അറിയിക്കും. രാജന്റെ വസതിയിലെത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രനും ഇക്കാര്യം അന്വേഷിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഈ രേഖ കോടതിയില്‍ ഹാജരാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ കേസിന്റെയും ആ കുടുംബത്തിന്റെയും വിധി മറ്റൊന്നായേനെ. എന്നാല്‍, എന്തുകൊണ്ടാണ് ഈ രേഖ കോടതിക്കു മുന്നില്‍ എത്താതിരുന്നത് എന്നതാണ് ദുരൂഹം.
read also: അധികാരമേറ്റ പിന്നാലെ പഞ്ചായത്ത് പ്രസിഡന്റിന്റെ ആത്മഹത്യാ ശ്രമം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍
നെയ്യാറ്റിന്‍കരയില്‍ കുടിയൊഴിപ്പിക്കലിനിടെ പൊള്ളലേറ്റു മരിച്ച രാജനെയും അമ്പിളിയെയും അടക്കം ചെയ്ത തര്‍ക്കഭൂമി അനാഥരായ മക്കള്‍ക്കു കൊടുക്കാനാകുമോ എന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കുന്നു. ഈ ഭൂമിയില്‍ പരാതിക്കാരിയായ വസന്തയ്ക്കുള്ള ഉടമസ്ഥാവകാശം സംബന്ധിച്ച് റവന്യു വകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. രാജന്റെ മക്കളായ രാഹുലും രഞ്ജിത്തും ഇന്നലെ പകല്‍ മുഴുവന്‍ മാതാപിതാക്കളുടെ കുഴിമാടത്തിനരികെ ആയിരുന്നു. കുട്ടികളുടെ പുനരധിവാസം സംബന്ധിച്ച ശുപാര്‍ശകള്‍ സഹിതമുള്ള റിപ്പോര്‍ട്ട് കലക്ടര്‍ ഉടന്‍ സര്‍ക്കാരിനു നല്‍കും.
Post Your Comments