
വാഷിംഗ്ടണ്‍ : അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ സീരിയല്‍ കില്ലര്‍ സാമുവല്‍ ലിറ്റില്‍ (80) മരിച്ചു. മയക്ക് മരുന്നിന് അടിമപ്പെട്ടവരും, തെരുവില്‍ കഴിയുന്ന സ്ത്രീകളും, ലൈംഗികത്തൊഴിലാളികളുമായിരുന്നു ഇയാളുടെ നീണ്ട കൊലപാതക പരമ്പരയുടെ ഇരകള്‍. 93 കൊലപാതകങ്ങള്‍ നടത്തിയതായുള്ള ഇയാളുടെ കുറ്റസമ്മതം ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനെ പോലും ഞെട്ടിക്കുന്നതായിരുന്നു.
അമേരിക്കയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ നടത്തിയത് സാമുവലാണെന്ന് ടെക്‌സസ് കോടതി സ്ഥിരീകരിക്കുന്നു. ഇതിന് മുന്‍പ് 49 പേരെ കൊന്ന ഗാരി റിഡ്ജിവാണ് അമേരിക്കയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കൊലപാതകം നടത്തിയിട്ടുള്ളത്. സാമുവലിന്റെ മരണ കാരണം വ്യക്തമല്ലെങ്കിലും വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെന്നാണ് റിപ്പോര്‍ട്ട്. 2014 മുതല്‍ പരോള്‍ ഇല്ലാതെ ജയിലില്‍ മൂന്ന് ജീവപര്യന്തം ശിക്ഷ അനുഭവിച്ച് വരികയായിരുന്നു സാമുവല്‍.
1970 മുതല്‍ 2005 വരെയുള്ള 35 വര്‍ഷത്തിനിടെ 93 പേരെ കൊലപ്പെടുത്തിയെന്നു സാമുവല്‍ ലിറ്റില്‍ സമ്മതിച്ചിരുന്നു. മയക്ക് മരുന്ന് കേസില്‍ 2012-ല്‍ പിടിയിലാകുന്നതോടെയാണ് ഇയാള്‍ നടത്തിയ കൊലപാതക പരമ്പരയുടെ ചുരുള്‍ അഴിഞ്ഞത്. 1956-ല്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെയാണ് സാമുവലിനെ ആദ്യമായി ഒരു കേസില്‍ അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് ദുര്‍ഗുണ പരിഹാരപാഠശാലയില്‍ പാര്‍പ്പിച്ചു.
1975-ല്‍ 11 സംസ്ഥാനങ്ങളിലായി നടത്തിയ വിവിധ കുറ്റകൃത്യങ്ങള്‍ക്ക് 26 തവണ അറസ്റ്റ് ചെയ്യപ്പെട്ടു. പിന്നീട് 1982-ല്‍ 22 വയസുള്ള ലൈംഗികത്തൊഴിലാളിയുടെ മരണവുമായി ബന്ധപ്പെട്ടാണ് വീണ്ടും അറസ്റ്റ് ചെയ്യുന്നത്. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചു. 1984ല്‍ വീണ്ടും അറസ്റ്റിലായി. ഓരോ മോചനത്തിനുമിടയിലാണ് സാമുവല്‍ കുറ്റകൃത്യം നടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
Post Your Comments