ദുബായ് : കൊവിഡ് മാനദണ്ഡങ്ങള്‍ പുതുക്കി ദുബായ് എക്കോണമി. പുതിയ നിര്‍ദ്ദേശങ്ങള്‍ ജനുവരി ഒന്നു മുതലാണ് പ്രാബല്യത്തില്‍ വരുന്നത്. വൈറസ് വ്യാപനത്തെ പ്രതിരോധിക്കാന്‍ സ്ഥാപനങ്ങളുടെയും ബിസിനസ് കേന്ദ്രങ്ങളുടെയും കവാടങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന തെര്‍മല്‍ സ്‌കാനിംഗ് സംവിധാനം ഇനി തുടരേണ്ടതില്ലെന്ന് ദുബായ് എക്കോണമി ബുധനാഴ്ച അറിയിച്ചു.
ദുബായിലെ വ്യാപാര സ്ഥാപനങ്ങളും ബിസിനസ് കമ്മ്യൂണിറ്റികളും കര്‍ശനമായ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ അതിജാഗ്രത പുലര്‍ത്തുകയാണ്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നിയമലംഘനത്തിന് ഒരു പിഴ പോലും ചുമത്തേണ്ടി വന്നിട്ടില്ലെന്നും ദുബായ് എക്കോണമി വ്യക്തമാക്കി. വാലറ്റ് പാര്‍ക്കിംഗ് സംബന്ധിച്ചും പുതിയ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. ഇനി മുതല്‍ വാലറ്റ് പാര്‍ക്കിംഗിനായി വാഹനം കൈമാറുമ്പോള്‍ സ്റ്റിയറിങ് വീലിലും മുന്‍ സീറ്റിലും പ്ലാസ്റ്റിക് ഷീറ്റുകള്‍ മൂടേണ്ടതില്ലെന്നും ഏറ്റവും പുതിയ നിര്‍ദ്ദേശങ്ങളടങ്ങിയ ട്വീറ്റില്‍ ദുബായ് എക്കോണമി വ്യക്തമാക്കി.
പുതുവര്‍ഷാഘോഷ വേളയില്‍ കോവിഡിനെതിരായ എല്ലാ മുന്‍ കരുതല്‍ നടപടികളും കര്‍ശനമായി പാലിക്കണമെന്ന് ദുബായ് എക്കോണമി എല്ലാ വാണിജ്യ സ്ഥാപനങ്ങളോടും അഭ്യര്‍ഥിച്ചു. ഫേസ് മാസ്‌ക്കുകള്‍ ധരിക്കുക, ശാരീരിക അകലം പാലിക്കുക, സാനിറ്റൈസേഷന്‍ പ്രോട്ടോക്കോളുകള്‍ പിന്തുടരുക എന്നിവയാണ് പ്രധാന പ്രതിരോധ മാര്‍ഗങ്ങളായി എക്കോണമി നിര്‍ദേശിച്ചിട്ടുള്ളത്. 449 ബിസിനസ് സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ എല്ലാവരും സുരക്ഷിത മാര്‍ഗങ്ങള്‍ പിന്തുടരുന്നതായി കണ്ടെത്തി. ചൊവ്വാഴ്ച പരിശോധിച്ച 455 ബിസിനസുകളും ചട്ടങ്ങള്‍ പാലിക്കുന്നതായും കണ്ടെത്തി. എങ്കിലും ചില ബിസിനസ് ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായും എക്കോണമി വ്യക്തമാക്കി.
Post Your Comments