
ന്യൂഡൽഹി : ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആകാശ് മിസൈൽ സംവിധാനം ആവശ്യപ്പെട്ട് ഒൻപത് രാജ്യങ്ങൾ. ഒപ്പം തീര സംരക്ഷണത്തിന് ഉൾപ്പെടെയുള്ള മറ്റ് പ്രതിരോധ ആയുധങ്ങളും ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസം ആകാശ് മിസൈലുകൾ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണ് രാജ്യങ്ങൾ മിസൈലുകൾക്കായി ഇന്ത്യയെ സമീപിച്ചത്. സൈനിക ഉപകരണങ്ങൾ കയറ്റി അയക്കുന്നതു വഴി പ്രതിവർഷം 5 ബില്യൺ ഡോളറിന്റെ നേട്ടം സ്വന്തമാക്കാൻ കഴിയുമെന്നാണ് പ്രതിരോധ മന്ത്രാലയം വിലയിരുത്തുന്നത്.
ഉപരിതലത്തിൽ നിന്നും വായുവിലേക്ക് തൊടുക്കാൻ കഴിയുന്ന ആകാശ് മിസൈലുകൾ ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒയാണ് നിർമ്മിച്ചത്. 25 കിലോ മീറ്റർ സഞ്ചരിച്ച് ലക്ഷ്യം ഭേദിക്കാൻ കഴിയുന്ന മിസൈലുകൾ 2014 ൽ ഇന്ത്യൻ വ്യോമസേനയുടെയും, 2015 ൽ കരസേനയുടെയും ഭാഗമായി.
Post Your Comments