ചെന്നൈ : നടൻ രജനീകാന്ത് രാഷ്ട്രീയത്തിലേക്കില്ല. പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് അദ്ദേഹം പിന്മാറി. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണമാണെന്നാണ് വിശദീകരണം. കടുത്ത നിരാശയോടെ തീരുമാനം അറിയിക്കുന്നുവെന്നും രജനീകാന്ത് അറിയിച്ചു. എന്നോട് നിങ്ങള്‍ ക്ഷമിക്കുക എന്ന് ട്വിറ്ററില്‍ പങ്കുവെച്ച് കുറിപ്പില്‍ അദ്ദേഹം ജനങ്ങളോട് പറഞ്ഞു.
പാര്‍ട്ടി പ്രഖ്യാപിക്കുന്ന തീയതി ഈ മാസം 31 ന് അറിയിക്കുമെന്നായിരുന്നു രജനികാന്ത് നേരത്തെ അറിയിച്ചിരുന്നത്. അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ പുതിയ പേര് മക്കള്‍ സേവൈ കക്ഷി എന്ന് തീരുമാനിച്ചിരുന്നു. മക്കള്‍ ശക്തി കഴകമെന്ന പേരുമാറ്റിയാണ് പുതിയ പേര് രജിസ്റ്റര്‍ ചെയ്തത്. പാര്‍ട്ടിയുടെ ചിഹ്നം ഓട്ടോറിക്ഷയായിരിക്കും. ചിഹ്നവും പേരും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിച്ചിരുന്നു.
അതേസമയം കഴിഞ്ഞ ഒന്നരയാഴ്ചയായി പുതിയ ചിത്രം ‘അണ്ണാത്തെ’യുടെ ഹൈദരാബാദ് ഷെഡ്യൂളില്‍ പങ്കെടുത്തുവരികയായിരുന്നു രജനി. എന്നാല്‍ ചിത്രീകരണസംഘത്തിലെ എട്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ 23ന് ചിത്രീകരണം പൂര്‍ണ്ണമായും നിര്‍ത്തിവച്ചിരുന്നു. രജനീകാന്തിന് നടത്തിയ കോവിഡ് പരിശോധനയില്‍ നെഗറ്റീവ് ആണെന്നാണ് കണ്ടെത്തിയതെങ്കിലും അദ്ദേഹം സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചിരുന്നു. തുടര്‍ന്നാണ് രക്ത സമ്മര്‍ദ്ദത്തില്‍ വ്യതിയാനം കണ്ടെത്തിയത്.
Post Your Comments