ചെന്നൈ : തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ ആരോഗ്യ നിലയെ കുറിച്ച് വ്യക്തമാക്കി ഹൈദരാബാദിലെ അപ്പോളോ ആശുപത്രി അധികൃതര്‍. താരത്തിന്റെ ആരോഗ്യ നിലയില്‍ ആശങ്കപെടാനില്ലെന്നും കൊവിഡല്ലെന്നും ആരോഗ്യ നില തൃപ്തികരമാണെന്നുമാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്. രക്ത സമ്മര്‍ദ്ദത്തില്‍ വ്യതിയാനം കണ്ടതിനെ തുടര്‍ന്നാണ് രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
താരത്തിന്റെ 168-ാമത്തെ ചിത്രം അണ്ണാത്തയുടെ അവസാന ഷെഡ്യൂള്‍ രാമോജി ഫിലിം സിറ്റിയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പുരോഗമിക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം നാല് യൂണിറ്റംഗങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച രജനികാന്തിനു ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി. ഫലം നെഗറ്റീവായതോടെ താരം ക്വാറന്റൈനില്‍ പ്രവേശിക്കുകയും ചെയ്തു. എന്നാല്‍ ഇന്നലെ രാവിലെ രക്ത സമ്മര്‍ദത്തില്‍ വലിയ വ്യതിയാനം വന്നതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്ക് താരത്തിനെ മാറ്റുകയായിരുന്നു. അതേസമയം, താരത്തിന്റെ മടങ്ങി വരവിനായി പ്രാര്‍ത്ഥനയോടെ കഴിയുകയാണ് തമിഴകം.
Post Your Comments