കണ്ണൂര്‍: 21 വയസുകാരിയെ മേയര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുത്ത സിപിഎമ്മിന്റെ ചരിത്രപരമായ തീരുമാനത്തിന് സമ്മിശ്ര പ്രതികരണമാണ് സംസ്ഥാനത്തെ ജനങ്ങളില്‍ നിന്ന് ലഭിച്ചത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിന്റെ ആര്യ രാജേന്ദ്രനെ തെരഞ്ഞെടുത്തതിനു പിന്നാലെയാണ് സിപിഎമ്മിന്റെ തീരുമാനത്തിന് വന്‍ ജനകീയത കൈവന്നിരിക്കുന്നത്. എന്നാല്‍ ഈ തീരുമാനത്തിനെ വിമര്‍ശിച്ചു രംഗത്തെത്തുന്ന ഒരു വിഭാഗവും സംസ്ഥാനത്തുണ്ട്.
Read Also : അധികാരത്തോട് ബിജെപിയ്ക്ക് ആര്‍ത്തിയില്ല, ക്ഷേമപദ്ധതികള്‍ രാജ്യത്തെ ഓരോ പൗരന്‍മാര്‍ക്കും
21 വയസുകാരിയയ ഒരു വനിതയെ എന്ത് ധൈര്യത്തിലാണ് മേയര്‍ സ്ഥാനത്ത് ഇരുത്തുന്നത്? അവര്‍ക്ക് അതിനുള്ള പക്വതയുണ്ടാകുമോ തുടങ്ങി സ്ത്രീവരുദ്ധതയടക്കമുള്ള പരാമര്‍ശങ്ങളുമായാണ് ഈ തീരുമാനത്തിനെ വിമര്‍ശിച്ച് ഒരു വിഭാഗം രംഗത്തെത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയ വഴിയും അല്ലാതെയും ഇത്തരം വാദങ്ങളും വിമര്‍ശനങ്ങളും ഉന്നയിച്ചെത്തുന്നവര്‍ക്ക് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് തലശ്ശേരി ബ്രണ്ണന്‍ കോളജിലെ മലയാളം വിഭാഗം അധ്യാപികയും എഴുത്തുകാരിയുമായ ആര്‍ രാജശ്രീ. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ രാജശ്രീ പങ്കുവെച്ച കുറിപ്പ് ഇപ്പോള്‍ വൈറലാവുകയാണ്.
രാജശ്രീയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
എന്തു ധൈര്യത്തിലാണ് ഇരുപത്തൊന്നു വയസ്സുള്ള ഒരു പെണ്‍കുട്ടിയെ മേയറാക്കുന്നത്?
ഇരുപത്തൊന്നു വയസ്സുള്ള വ്യക്തിക്ക് മേയറാവുന്നതില്‍ നിയമതടസ്സമൊന്നുമില്ലല്ലോ. അവര്‍ക്കും അവര്‍ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ കക്ഷിക്കും ധൈര്യക്കുറവില്ലെങ്കില്‍ പിന്നെന്താണ് പ്രശ്‌നം?
എന്തു ഭരണപരിചയമാണ് ഇത്ര പ്രായം കുറഞ്ഞ ഒരു പെണ്‍കുട്ടിക്കുണ്ടാവുക? അവള്‍ തളര്‍ന്നു പോവില്ലേ?
പതിനെട്ടു വയസ്സില്‍ ഒരു കുടുംബം കെട്ടി വലിക്കാം, അവരവരുടെ ഇഷ്ടങ്ങള്‍ മാറ്റിനിര്‍ത്തി മറ്റൊരിടത്തുചെന്ന് സമയപരിധിയില്ലാതെ അന്യര്‍ക്കു വേണ്ടി ജീവിക്കാം, ലേബര്‍ റൂമില്‍ പ്രാണന്‍ തല്ലി സുഖപ്രസവം നടത്താം, അഞ്ചു പൈസയുടെ അഴിമതി നടത്തിയില്ലെങ്കിലും വിമര്‍ശനങ്ങള്‍ നിര്‍ലോപം ഏറ്റുവാങ്ങാം, മനസ്സറിയാത്ത ആരോപണം കേള്‍ക്കാം, കുടുംബത്തിന്റെ മാനത്തിന് അത്യാവശ്യമാണെങ്കില്‍ ആത്മഹത്യയും ചെയ്യാം.ഇതൊക്കെ മുന്‍ പരിചയമുണ്ടായിട്ടല്ലല്ലോ എടുത്തു തലയിലേക്ക് വച്ചു കൊടുത്ത് ഇനി നീയായി നിന്റെ പാടായി ,ഞങ്ങളെ പറയിക്കരുത് എന്ന് കയ്യൊഴിയുന്നത്.
പക്ഷേ ഭരണ രംഗത്ത് മുന്‍പരിചയം അത്യാവശ്യമല്ലേ?
ഒരു നിര്‍ബ്ബന്ധവുമില്ല. വന്‍ മുന്‍ പരിചയമുള്ള എത്രയോ കൊമ്പന്മാര്‍ പലയിടത്തും തേഞ്ഞൊട്ടുന്നത് നമ്മള്‍ കണ്ടിരിക്കുന്നു! കുറച്ചു കാലം കൗണ്‍സിലറായി, പിന്നെ കുറച്ചു കാലം പ്രതിപക്ഷത്തിരുന്ന് – അങ്ങനെയല്ലേ വേണ്ടത്?മുടിയില്‍ നര ചൂടാന്‍ കാലം കഴിയുക തന്നെ വേണമെന്നു കേട്ടിട്ടില്ല?
കേട്ടിട്ടുണ്ട്. ഏതു രംഗത്തും പ്രവൃത്തി പരിചയം സ്വാഗതാര്‍ഹം തന്നെയാണ്. മേയര്‍ക്കും അങ്ങനെ തന്നെയാണ്.ഇതിലിപ്പോള്‍ നേരത്തേ മേയറായി പരിചയമുള്ള ആരെങ്കിലുമുണ്ടായിരുന്നോ? ഭരിച്ചാലല്ലേ പരിചയം വരൂ.
തിരുവിതാംകൂര്‍ ഭരിക്കാന്‍ പറ്റുമോ എന്ന് അവരൊന്ന് നോക്കട്ടെന്നേ. തെറ്റുപറ്റുമ്പോള്‍ ചൂണ്ടിക്കാട്ടി തിരുത്തിയാല്‍ മതിയല്ലോ. പിന്നെ ,നര കൊണ്ടു മാത്രം എന്തു കാര്യം? കുരങ്ങ് മൂത്ത പോലെ എന്നൊരു പ്രയോഗവുമുണ്ട്. കേട്ടിട്ടില്ല? ചിലരുടെ കാര്യത്തില്‍ അതാണുബാധകം. തെക്കുവടക്ക് ഓടുന്നതു കാണാം. ആര്‍ക്കും യാതൊരു ഗുണവും ഉണ്ടാവുകയുമില്ല.
ദീര്‍ഘകാലത്തെ രാഷ്ട്രീയ പ്രവര്‍ത്തന പാരമ്പര്യമുള്ള എത്ര പേരെ തഴഞ്ഞിട്ടാണ് ഈ കുട്ടിയെ മേയറാക്കിയത്?
ചില രാഷ്ട്രീയ കക്ഷികള്‍ക്ക് സ്വന്തമായി ചില നയങ്ങളും നിലപാടുകളും ഉണ്ടാവും. എഴുപത്തഞ്ചു വയസ്സ് നിരപ്പിലുള്ളവരെ യുവജന സംഘടനയുടെ തലപ്പത്ത് സ്ഥാപിക്കുന്നവരും കാണും. അത് അവരുടെ കാര്യം. മേയര്‍ പദവി വനിതാ സംവരണമായിരുന്നല്ലോ. യുവജനപ്രാതിനിധ്യം കൂടി ആയിക്കോട്ടെ എന്ന് അവരുടെ രാഷ്ട്രീയപ്പാര്‍ട്ടി തീരുമാനിച്ചു കാണും, അതിലെന്താ പ്രശ്‌നം?
അതല്ല, പലരെയും തഴഞ്ഞിട്ടാണ് ഈ കുട്ടിയെ പരിഗണിച്ചതെന്ന് പരാതിയുണ്ടല്ലോ?
ആര് പരാതിപ്പെട്ടു? വിജയിച്ചവരെല്ലാരും യോഗ്യതയുള്ളവരാണ്. അവരെ ഏതേതു സ്ഥാനങ്ങളിലേക്ക് പരിഗണിക്കണമെന്ന് അവരെ നിര്‍ത്തി ജയിപ്പിച്ചെടുത്ത രാഷ്ട്രീയ കക്ഷികളാണ് തീരുമാനിക്കുക. അതില്‍ പുറമേ നിന്ന് അഭിപ്രായങ്ങള്‍ സ്വീകരിക്കപ്പെടാറില്ല.
മേയറായിക്കണ്ടയാള്‍ തോറ്റപ്പോള്‍.. ഒന്നുഞെട്ടിക്കാന്‍ നോക്കി അത്ര മാത്രം…! അതിനിത്ര ബില്‍ഡപ്പ് വേണോ സുഹൃത്തേ..?
ഇതാണ് ഞങ്ങളുടെ മേയര്‍ സ്ഥാനാര്‍ത്ഥി എന്ന് സി.പിഎം ഒരാളെ ചൂണ്ടിക്കാട്ടിയിരുന്നോ? അതവരുടെ രീതിയല്ലെന്നാണറിവ്.വിജയിച്ചവരില്‍ നിന്ന് തെരഞ്ഞെടുക്കുന്ന പതിവാണ്. പക്ഷേ മാധ്യമങ്ങള്‍ സ്ഥാനാര്‍ത്ഥികളെ നോക്കി നിഗമനങ്ങളില്‍ എത്താറുണ്ട്. അതിന് മറ്റുള്ളവര്‍ ഉത്തരവാദികളാവുന്നതെങ്ങനെ? ഇനി ഞെട്ടിക്കാന്‍ നോക്കി എന്ന പ്രയോഗം തന്നെയെടുക്കാം. ഒരു ഇരുപത്തൊന്നുകാരി മേയറായാല്‍ ചിലര്‍ക്കെങ്കിലും ഞെട്ടലുണ്ടാകാം എന്ന മുന്‍ വിധിയില്‍ / പൊതുബോധത്തില്‍ നിന്നാണ് അത് പുറത്തുചാടുന്നത്. അങ്ങനെയാണെങ്കില്‍ അതു തന്നെയാണ് ഉദ്ദേശിച്ചത്.
നായരായതാണ് ആ കുട്ടിയുടെ യോഗ്യത എന്നു കേട്ടല്ലോ, അതോ ?
അവര്‍ നിലവില്‍ ബാലസംഘം സംസ്ഥാന പ്രസിഡന്റും എസ്എഫ്ഐ സംസ്ഥാന ഭാരവാഹിയുമാണ്. മുടവന്‍മുകളിന്റെ കൗണ്‍സിലറും സി.പി എമ്മിന്റെ ബ്രാഞ്ച് അംഗവുമാണ്. അത്തരം യോഗ്യതകളാണ് ഒരു രാഷ്ട്രീയക്കാരിക്ക് പ്രധാനം എന്നാണറിവ്. മറിച്ചാണെങ്കില്‍ കഷ്ടം തന്നെയാണ്. വാദത്തിനു വേണ്ടിയാണെങ്കില്‍, നറുക്കു വീഴാത്തവരിലും നായരുണ്ടായിരുന്നു എന്നു പറയേണ്ടി വരും.
സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ള കുടുംബമായിരിക്കണം, ആള്‍ സെയിന്റ് സില്‍ മാത്സ് പഠിക്കുന്ന കുട്ടിയാണല്ലോ?
ഇലക്ട്രീഷ്യന്റെയും എല്‍.ഐ.സി ഏജന്റിന്റെയും മകളാണ്. മിടുക്കിയാണ്. ആ കൊച്ചു വീട് നിറയെ അവള്‍ക്കു കിട്ടിയ സമ്മാനങ്ങളാണ്. ആള്‍ സെയിന്റ് സ് തലസ്ഥാനത്തെ ഒരു എയ്ഡഡ് കോളേജാണ്. അവിടെ ഡിഗ്രി പഠിക്കാനുള്ള ചെലവ് അന്വേഷിക്കാവുന്നതല്ലേയുള്ളൂ.
എന്തായാലും അതിനെ സ്ഥാനത്തിരുത്തി ആരെങ്കിലും ഭരിച്ചു കൊടുക്കുമായിരിക്കും, അല്ലേ?
ഇതിനുള്ള ഉത്തരമാണ് ആദ്യം പറഞ്ഞത്. ഒപ്പം ഇതു കൂടിയിരിക്കട്ടെ, ജയിപ്പിച്ച ജനങ്ങളോടും ഭരണഘടനയോടുമുള്ള ഉത്തരവാദിത്തത്തെക്കുറിച്ചു ബോധ്യവും ഉറച്ച രാഷ്ട്രീയനിലപാടുകളുമുള്ളവര്‍ക്ക് അതിന്റെ ആവശ്യം വരില്ല.പുതിയ തലമുറയോട് കുറച്ചു കൂടി സഹിഷ്ണുത കാണിച്ചാല്‍ ഈ സംശയവും മാറുന്നതേയുള്ളൂ.
അക്കൂട്ടത്തില്‍ പറയട്ടെ, പെണ്‍കുട്ടി , വെറുംകുട്ടി, അത്, എസ് എഫ് ഐ ക്കാരി, ഡിഗ്രിക്കുട്ടി ,മോളൂട്ടി, പെങ്ങളൂട്ടി എന്നതൊക്കെ ഒന്നു മാറ്റിപ്പിടിച്ചാല്‍ നന്നാവും.
പക്ഷേ ബാലസംഘം?
അതോ, അതവര് ഒരു ടീമിനു കൊടുത്ത വാക്കുപാലിച്ചതാ. നിങ്ങളെ നേരിടാന്‍ ഞങ്ങളുടെ ബാലസംഘം മതിയെന്ന് .അല്ലെങ്കില്‍പ്പിന്നെ എവിടെ അന്നു പറഞ്ഞ ബാലസംഘം എന്ന് നിങ്ങള്‍ തന്നെ ചോദിക്കില്ലേ?
ഇത്രയൊക്കെ ആയ സ്ഥിതിക്ക് ഭരിച്ചോട്ടെ, തള്ളാഞ്ഞാ മതി.
ഭരിക്കാനുള്ള അനുമതി ജനങ്ങള്‍ കൊടുത്ത സ്ഥിതിക്ക് ഇനി ഈ ഔദാര്യം അവിടെ എടുക്കുമോന്നറിയില്ല. നേരത്തേ പറഞ്ഞ പോലെ യുവാക്കള്‍ ഇരിക്കേണ്ടിടത്ത് സൂപ്പര്‍ സീനിയേഴ്‌സ് ഇരിക്കുക, അവര്‍ ഇവരെ നോക്കി കാണാതെ പല്ലു ഞെരിക്കുക ,നിലയവിദ്വാന്‍മാര്‍ക്കെതിരെ പോസ്റ്റര്‍ ഒട്ടിക്കുക തുടങ്ങിയ ഏര്‍പ്പാടുകള്‍ ചിരപരിചിതമായതുകൊണ്ടാണ് ഇങ്ങനെയൊരു സംഭവത്തെ ആള്‍ക്കാര്‍ കൗതുകത്തോടെ കാണുന്നത്. അവരത് പറയും. സ്ഥാനാര്‍ത്ഥികളെ നോക്കി സൗന്ദര്യ മത്സരത്തിന് മാര്‍ക്കിട്ട ടീമുകള്‍ക്ക് ഇതത്ര അങ്ങോട്ട് ദഹിക്കില്ല. പിന്നെ നമ്മുടെ വര്‍ഗീയ മുള്ളുമുരടുകള്‍ – ജനം പിഴുതു കളഞ്ഞ സങ്കടം ഓരിയിട്ടു തീര്‍ക്കുന്ന തിരക്കിലാണ് -അങ്ങനെ പലര്‍ക്കായി സ്വബോധം വരാന്‍ ഇതിങ്ങനെ കരുതിക്കൂട്ടി ഉറക്കെ പറയുന്നതാണ്. ഇരുപത്തൊന്നുകാരി മേയറായി, അവര്‍ സി.പിഎം പ്രതിനിധിയാണ്, ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ്.
അവര്‍ തള്ളിക്കോട്ടെ. കുറച്ച് മാധ്യമങ്ങളും തള്ളും.എന്തെങ്കിലും വിഷമമുണ്ടോ?
എന്നാലും ഇരുപത്തൊന്നു വയസ്സ്! ഇനി കല്യാണം അഞ്ചു കൊല്ലം കഴിഞ്ഞേ കഴിക്കുന്നുള്ളോ, അതിനിടയ്ക്ക് നടക്കുമോ, എങ്ങനെയാണെന്നൊക്കെയോര്‍ത്ത് ഒരു വിഷമം. കുഞ്ഞൊക്കെയായാല്‍പ്പിന്നെ ഭരണമൊക്കെ കണക്കാ.അതുമല്ല ഗൗരിയമ്മ, ടി വി തോമസ് … ഓര്‍മ്മയില്ലേ? ശരിയാവുമോ എന്തോ.
ഹാവൂ. പൊളിച്ച് .
ഈ സീരീസിലെ മില്യന്‍ ഡോളര്‍ ചോദ്യം!
ഇത് ചോദിക്കാതെയെങ്ങാന്‍ പോയേക്കുമോ എന്നോര്‍ത്ത് ഞാനും ചെറുതായൊന്നു വിഷമിച്ചു.
ലേശം കഞ്ഞിയെടുക്കട്ടെ?
Post Your Comments