ലൈംഗികാതിക്രമക്കേസില്‍ കുറ്റാരോപിതനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ചിത്രവുമായി തൃശൂര്‍ അതിരൂപത കലണ്ടര്‍ പുറത്തിറക്കിയതിനെതിരെ വിശ്വാസികളുടെ പ്രതിഷേധമുയര്‍ന്നത് ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വാര്‍ത്തയായിരുന്നു. എന്നിട്ടും കലണ്ടര്‍ പിന്‍വലിക്കാന്‍ തയാറാകാത്ത തൃശൂര്‍ അതിരൂപതയ്ക്കും കത്തോലിക്കാ സഭയ്ക്കും അതേനാണയത്തില്‍ തിരിച്ചടിയുമായി വിശ്വാസികള്‍ രംഗത്തെത്തി.
ഫ്രാങ്കോ കലണ്ടറിന് ബദലായി അഭയ കലണ്ടര്‍ ഇറക്കിക്കൊണ്ടാണ് വിശ്വാസികളുടെ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. അഭയ കേസിലെ വിധിക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് കേരള കത്തോലിക്ക സഭ നവീകരണ പ്രസ്ഥാനം (കെ.സി.ആര്.എം) കോട്ടയം ഗാന്ധിപ്രതിമയ്ക്കു മുന്നില്‍ നടത്തിയ പരിപാടിയിലാണു കലണ്ടര്‍ പ്രകാശനം ചെയ്തത്. ചടങ്ങില്‍ അഭയ കേസിലെ മുഖ്യസാക്ഷി രാജുവിനെ അനുമോദിക്കുകയും ചെയ്തു.
ഫ്രാങ്കോയുടെ ചിത്രമുള്ള കലണ്ടര്‍ കെ.സി.ആര്.എം പ്രവര്‍ത്തകര്‍ കഴിഞ്ഞയാഴ്ച കത്തിച്ചിരുന്നു. ക്രൈസ്തവ വിശ്വാസത്തെയും വിശ്വാസികളെയും അപമാനിക്കുകയും സമൂഹമധ്യത്തില്‍ അപഹാസ്യരാകുകയും ചെയ്യുന്ന അസാന്മാര്ഗീക പൗരോഹിത്യങ്ങളില്നിന്നും സഭയെ രക്ഷിക്കാന്‍ പ്രതികളെ എത്രയും പെട്ടന്ന് പുറത്താക്കണമെന്ന് കെസിആര്‍എം സെക്രട്ടറി ജോര്‍ജ് ജോസഫ് പറഞ്ഞു.ഇതിനെതിരെയാണ് ഇന്നത്തെ പ്രതിഷേധവും അഭയ കലണ്ടര്‍ പ്രകാശനവും കേസിലെ മുഖ്യ സാക്ഷിയായ രാജുവിനെ അനുമോദിക്കലും സംഘടിപ്പിച്ചത്.
കോട്ടയം അതിരൂപതാ മേധാവികള്‍ രാജ്യനിയമങ്ങളെയും ധാര്‍മികമൂല്യങ്ങളെയും വെല്ലുവിളിക്കുകയും പരിഹസിക്കുകയും ചെയ്തുകൊണ്ട് അഭയ കൊലക്കേസില്‍ പ്രതികളായ പുരോഹിതരെയും കന്യാസ്ത്രിയെയും പുറത്താക്കാതെ ഔദ്യോഗിക വേഷത്തില്‍ തുടരാനനുവദിക്കുകയും സഭാസ്വത്ത് ദുരുപയോഗം ചെയ്ത് കേസ് നടത്തുകയും വഴി ശിക്ഷിക്കപ്പെട്ട കുറ്റവാളികളെ സംരക്ഷിക്കുകയും ചെയ്യുന്നു എന്നാണ് വിശ്വാസികളുടെ വിമര്‍ശനം.
Post Your Comments