ബീജിങ്: സര്‍ക്കാരിനെ വിമര്‍ശിച്ചതിന് അതിസമ്പന്നന്‍ ജാക് മാക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ചൈന. ചൈനീസ് സര്‍ക്കാരിന് കീഴിലെ സ്റ്റേറ്റ് അഡ്മിനിസ്‌ട്രേഷന്‍ ഫോര്‍ മാര്‍ക്കറ്റ് റെഗുലേഷനാണ് അന്വേഷണം നടത്തുന്നത്. വിപണിയിലെ ഏകാധിപത്യ പ്രവണതകള്‍ക്ക് എതിരെയാണ് അന്വേഷണമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ തീരുമാനം ബിസിനസ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. അലിബാബയുടെ സഹസ്ഥാപനങ്ങളില്‍ നിരവധി ആഗോള കമ്പനികള്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. ഹോഗോങില്‍ അലിബാബ ഗ്രൂപ്പിന്റെ ഓഹരികള്‍ ഒന്‍പത് ശതമാനം ഇടിവ് രേഖപ്പെടുത്തി.
എന്നാൽ ഒരിക്കല്‍ സ്‌കൂള്‍ അധ്യാപകനായിരുന്ന ജാക് മായുടെ വളര്‍ച്ച ലോകത്തിന് വിസ്മയമാണ്. അദ്ദേഹത്തിന്റെ ഇ-കൊമേഴ്‌സ് കമ്പനി ലോകത്തിലെ ഏറ്റവും വലിയ ഇ – കൊമേഴ്‌സ് കമ്പനിയായിരുന്നു. ഒരു മാസം മുന്‍പാണ് അലിബാബ ഗ്രൂപ്പിന്റെ കീഴിലുള്ള ആന്റ്റ് ഗ്രൂപ്പിന്റെ ഇനീഷ്യല്‍ പബ്ലിക് ഓഫറിങ് ചൈനീസ് പ്രീമിയര്‍ ഷീ ജിന്‍പിങ് തടഞ്ഞത്. 37 ബില്യണ്‍ ഡോളര്‍ ചൈനയിലും ഹോങ്കോങിലും ലിസ്റ്റ് ചെയ്ത് നേടാനും അതുവഴി സാമ്പത്തിക സേവന സ്ഥാപനമായ ആന്റ്റ് ഗ്രൂപ്പിന്റെ വിപണി മൂലധനം 280 ബില്യണ്‍ ഡോളറിലെത്തിക്കാനുമുള്ള ജാക് മായുടെ നീക്കത്തിനാണ് തടസം നേരിട്ടത്.
അതേസമയം രാജ്യത്തെ സാമ്പത്തിക നിയന്ത്രണങ്ങള്‍ സാങ്കേതിക മുന്നേറ്റത്തിന് തടസം സൃഷ്ടിക്കുന്നതായി ഒക്ടോബര്‍ 24 ന് നടത്തിയ പ്രസംഗത്തില്‍ ജാക് മാ വിമര്‍ശിച്ചിരുന്നു. ചൈനയുടെ സാമ്പത്തിക പ്രശ്‌നങ്ങളെ പുതിയ മാറ്റങ്ങളിലൂടെ പരിഹരിക്കാനാണ് തന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗം വായിച്ച ഷീ ജിന്‍പിങും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ മറ്റ് മുതിര്‍ന്ന നേതാക്കളും ഇതില്‍ ആശ്ചര്യപ്പെട്ടതായാണ് വാര്‍ത്ത പുറത്തുവന്നത്. ഉപഭോക്താക്കളുടെയും നിക്ഷേപകരുടെയും സാമ്പത്തിക താത്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഷീ ജിന്‍പിങിന്റെ തന്നെ വ്യക്തിപരമായ തീരുമാനത്തോടെ ചൈനീസ് അധികൃതര്‍ ആന്റ്റ് ഗ്രൂപ്പിന്റെ മൂലധന സമാഹരണം തടഞ്ഞത്.
Read Also: പാകിസ്താനെ ന്യായികരിച്ച് ചൈന; ഇന്ത്യ കാര്യങ്ങള്‍ മനസ്സിലാക്കണമെന്ന് ഉപദേശവും
രാജ്യത്തെ അതിസമ്പന്നരുടെ സ്വാധീനം വളരുന്നത് ചൈനയില്‍ പുതിയ പ്രശ്‌നമല്ല. എന്നാല്‍ ലോകത്തിലെ ഒന്നാമത്തെ ധനികനായാലും ശരി, ചൈനയുടെ രാജ്യതാത്പര്യങ്ങളോടുള്ള ഇവരുടെ സമീപനം ധനികരായ ശേഷം എങ്ങിനെയെന്നത് സര്‍ക്കാര്‍ വളരെ സൂക്ഷ്മമായി നോക്കാറുണ്ട്. ആന്റ്‌റ് ഗ്രൂപ്പിന്റെ മൊബൈല്‍ പേമെന്റ് സിസ്റ്റമായ അലിപേ ചൈനക്കാരില്‍ 70 ശതമാനം പേര്‍ ഉപയോഗിക്കുന്നുണ്ട്. ബാങ്കുകള്‍ സഹായം നല്‍കാതെ അവഗണിച്ച കമ്പനികളെയും ചെറുകിട കച്ചവട സ്ഥാപനങ്ങളെയും ജാക് മാ കൈയ്യയച്ച് സഹായിക്കുന്നുണ്ട്. ഇതിനോടകം 20 ദശലക്ഷം ചെറുകിട ബിസിനസ് സംരംഭങ്ങള്‍ക്ക് ജാക് മായുടെ സഹായം ലഭിച്ചു. ഏതാണ്ട് 50 കോടി വ്യക്തികള്‍ക്കാണ് സഹായം കിട്ടിയത്.
Post Your Comments