കോഴിക്കോട്: രാജ്യത്തുടനീളം ഏഴാം സാമ്പത്തിക സെന്‍സസ് പുരോഗമിക്കുന്നതിനിടെ കേരളത്തിലെ ചില പ്രദേശങ്ങളില്‍ എതിര്‍പ്പുമായി പോപുലര്‍ ഫ്രണ്ട് അടക്കമുള്ള സംഘടനകള്‍ . സംസ്ഥാന സര്‍ക്കാരിനെ നോക്കുകുത്തിയാക്കി പൗരത്വ ബില്ലിന്റെ വിവരശേഖരണം നടത്തുകയാണെന്ന് ആരോപിച്ചാണ് പ്രതിഷേധം. കോഴിക്കോട് അടക്കമുള്ള ജില്ലകളില്‍ വീടുകളില്‍ വിവരങ്ങള്‍ ശേഖരിക്കാനെത്തിയ എന്യൂമറേറ്റര്‍മാരെ ചോദ്യം ചെയ്യുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായും ആക്ഷേപം ഉയര്‍ന്നിരുന്നു.
സര്‍വേയ്ക്ക് എത്തുന്നവരെ വിവരങ്ങള്‍ ശേഖരിക്കുന്നത് തടസ്സപ്പെടുത്താന്‍ ബോധപൂര്‍വം ശ്രമം നടത്തുന്നതിന്റെ മൊബൈല്‍ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കണക്കെടുപ്പ് കേരളത്തില്‍ നടത്താന്‍ അനുവദിക്കില്ലെന്നും എസ്ഡിപിഐ കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു. ഡിസംബര്‍ 31ന് മുന്‍പേ സെന്‍സസ് പൂര്‍ത്തിയാക്കേണ്ടതുള്ളതിനാല്‍ ദ്രുതഗതിയിലാണ് പ്രവര്‍ത്തനം തുടരുന്നത്. അതാത് ജില്ലാ കളക്ടര്‍മാര്‍ അധ്യക്ഷനായ സമിതിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
ഏഴാം സാമ്പത്തിക സെന്‍സസിന് ജനങ്ങള്‍ കൃത്യമായ വിവരങ്ങള്‍ നല്‍കി സഹകരിക്കണമെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സുനിത ഭാസ്‌കര്‍ നേരത്തെ അറിയിച്ചിരുന്നു കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഡിജിറ്റല്‍ സേവന കേന്ദ്രമായ കമ്മ്യൂണിറ്റി സര്‍വീസ് സെന്ററുകള്‍ വഴിയാണ് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നത്. സാമ്പത്തിക സെന്‍സസ് വിവരങ്ങള്‍ വീടുകളിലും സ്ഥാപനങ്ങളിലും എത്തി ഗവണ്‍മെന്റ് അംഗീകൃത ഏജന്‍സിയുടെ എന്യൂമറേറ്റര്‍മാര്‍, മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്.
മുഴുവന്‍ വാര്‍ഡുകളും സന്ദര്‍ശിച്ചാണ് വിവര ശേഖരണം.എന്നാല്‍ സാമ്പത്തിക സര്‍വേയുടെ മറവില്‍ വിവരശേഖരണം കേന്ദ്ര സര്‍ക്കാരിന്റെ ദുരൂഹനീക്കമെന്നാണ് പോപുലര്‍ ഫ്രണ്ടിന്റെ ആക്ഷേപം. പൗരത്വ നിഷേധത്തിനെതിരായ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാന ഏജന്‍സികളെ ഒഴിവാക്കുന്നുവെന്നാണ് ഇവര്‍ ആരോപിക്കുന്നത്. സര്‍വേയില്‍ പൗരത്വ നിയമവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉള്‍പ്പെടുന്നതായി ഇവര്‍ ആരോപിക്കുന്നു.
Post Your Comments