തിരുവനന്തപുരം : സിസ്റ്റർ അഭയ കേസില്‍ ശിക്ഷാ വിധിയുടെ വാദത്തിനിടെ പ്രായം കണക്കിലെടുത്ത് ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് കോടതിയോട് പ്രതികൾ. അര്‍ബുദരോഗിയാണെന്നും പ്രായം കണക്കിലെടുത്ത് ശിക്ഷയില്‍ ഇളവു നല്‍കണമെന്നും ഫാദര്‍ കോട്ടൂര്‍ കോടതിയില്‍ പറഞ്ഞു. പ്രായമായ മാതാപിതാക്കള്‍ ഉണ്ടെന്നും അവരെ സംരക്ഷിക്കുന്നത് താനാണെന്നും മറ്റൊരു പ്രതിയായ സിസ്റ്റര്‍ സെഫി പറഞ്ഞു. ശിക്ഷയില്‍ ഇളവു വേണമെന്ന് ഇരുവരും അഭ്യര്‍ഥിച്ചു.
അതേസമയം കുറ്റക്കാരെന്നു കണ്ടെത്തിയ ഇരുവര്‍ക്കും കോടതി ജീവപര്യന്തം തടവു ശിക്ഷ വിധിച്ചു. തിരുവനന്തപുരം സിബിഐ കോടതിയാണ് ശിക്ഷ പ്രഖ്യാപിച്ചത്. ഇരുവരും അഞ്ചു ലക്ഷംരൂപ പിഴയും ഒടുക്കണം. പിഴ ഒടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവു ശിക്ഷ അനുഭവിക്കണം.
ഇന്ത്യന്‍ ശിക്ഷാ നിയമം 302 (കൊലപാതകം), 201 (തെളിവു നശിപ്പിക്കല്‍), 449 (അതിക്രമിച്ചുകടക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. കൊലക്കുറ്റത്തിന് ജീവപര്യന്തം തടവും അതിക്രമിച്ചു കയറിയതിന് ഏഴു വര്‍ഷം തടവുമാണ് കോടതി വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. അതിക്രമിച്ചു കയറിയതിന് കോട്ടൂരിന് ഒരു ലക്ഷം രൂപ അധിക പിഴ ചുമത്തി.
Post Your Comments