കോട്ടയം: സിസ്റ്റര്‍ അഭയകേസിൽ വിവാദ പ്രസംഗവുമായി മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തിലെ ഫാ. മാത്യു നായ്ക്കം പറമ്പില്‍. സിസ്റ്റര്‍ അഭയയെ വ്യക്തിഹത്യ നടത്തിയും സഭയെ ന്യായീകരിച്ചുമാണ് ഫാ. മാത്യു നായ്ക്കംപറമ്പിലിന്റെ പ്രസംഗം. അഭയയെ ആരും കൊന്നതല്ലെന്നും കള്ളനെ കണ്ട് പേടിച്ചോടിയപ്പോള്‍ കിണറ്റില്‍ വീണതാണെന്നുമാണ് ഫാ.മാത്യു വാദിക്കുന്നത്. അഭയയുടെ ആത്മാവ് വെളിപ്പെടുത്തുന്നുയെന്ന ഒരാളുടെ വാട്‌സ്ആപ്പ് സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് പറയുന്നതെന്നും മാത്യു നായ്ക്കംപറമ്പില്‍ പറഞ്ഞു.
ഫാ. മാത്യുവിന്റെ വാദം ഇങ്ങനെ:
”അടുത്ത ദിവസങ്ങളില്‍ ഒരു വാട്‌സ്ആപ്പ് വാര്‍ത്ത കണ്ടിരുന്നു. മരിച്ച സിസ്റ്റര്‍ അഭയയെ കുറിച്ച് വന്ന വാര്‍ത്ത ഇങ്ങനെയായിരുന്നു, ഒരാളുടെ അടുത്ത് ചെന്ന് അഭയ പറഞ്ഞ കാര്യമാണ്. എന്നെ ആരും കൊന്നതുമല്ല, ഞാനൊട്ട് ആത്മഹത്യ ചെയ്തതുമല്ല. ഞാന്‍ ഒരു കാലത്ത് ദുരുപയോഗിക്കപ്പെട്ട ഒരു വ്യക്തിയാണ്. പുരുഷന്മാരാല്‍ ദുരുപയോഗിക്കപ്പെട്ട്, പുരുഷന്മാരെ കാണുമ്പോള്‍ പേടി. പല ധ്യാനങ്ങള്‍ കൂടിയിട്ടും ആന്തരികസൗഖ്യം കിട്ടിയില്ല. അങ്ങനെ ഞാന്‍ കന്യാസ്ത്രീയായെങ്കിലും ഒരു കള്ളനെ കണ്ട് ഞാന്‍ പേടിച്ചോടിയപ്പോള്‍ കിണറ്റില്‍ വീണതാണ്. കിണറ്റില്‍ വീണ് മരിച്ചു. അന്ന് തൊട്ട് കൊലപാതകമാണെന്നാണ് പറയുന്നത്. 28 കൊല്ലമായി ഒരാളും എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നില്ലെന്നും സിസ്റ്റര്‍ അഭയ പറഞ്ഞു. അത് കേട്ടപ്പോള്‍ എനിക്ക് വളരെ സന്തോഷമായി. വിശ്വസിക്കാന്‍ കൊള്ളാവുന്ന ഒരു സന്ദേശമാണെന്ന് എനിക്ക് മനസിലായി. ഈ സന്ദേശം പലര്‍ക്കും അയച്ചുകൊടുക്കാന്‍ ഞാന്‍ നിര്‍ദേശം നല്‍കി. അങ്ങനെ മഠങ്ങളില്‍ സിസ്റ്റര്‍ അഭയക്കായി പ്രാര്‍ത്ഥനകള്‍ നടത്തി. ”
വീഡിയോ പുറത്തുവന്നതോടെ ഫാ. മാത്യുവിനെതിരെ വ്യാപകപ്രതിഷേധമാണ് ഉയരുന്നത്. അഭയ കേസിലെ പ്രതികളെ രക്ഷപെടുത്താന്‍ വേണ്ടി ന്യായികരണ തൊഴിലാളികള്‍ ആയിട്ടുള്ള ചിലര്‍ നുണ ഫാക്ടറി നിര്‍മിക്കുന്നവരാണ് എന്ന് പറഞ്ഞത് അക്ഷരം പ്രതി ശരി വെക്കുന്നതാണ് മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തിലെ ഫാ:മാത്യു നായ്ക്കംപറമ്പില്‍ വിശ്വാസികളെ പറ്റിക്കുന്ന വീഡിയോയെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു.
Post Your Comments