News

അഭയയ്ക്ക് നീതി; പ്രതികരണവുമായി സഹോദരൻ, മകൾക്ക് നീതി ലഭിച്ചത് കാണാൻ അച്ഛനും അമ്മയുമില്ല

സത്യം തെളിഞ്ഞുവെന്ന് അഭയയുടെ സഹോദരൻ

28 വർഷത്തെ നിയമപോരാട്ടങ്ങൾക്കൊടുവിൽ സിസ്റ്റർ അഭയയ്ക്ക് നീതി. അഭയയെ കൊലപ്പെടുത്തിയത് ഫാദർ തോമസ് എം കോട്ടൂരും സിസ്റ്റർ സെഫിയുമെന്ന് തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി. അഭയ്ക്ക് നീതി ലഭിച്ചതിൽ സന്തോഷമെന്ന് സഹോദരൻ ബിജു തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചു.

‘ദൈവത്തിന് നന്ദി. ഒരുപാട് ആഗ്രഹിച്ച വിധിയാണിത്. ഇത് കാണാൻ പക്ഷേ, അച്ഛനും അമ്മയുമില്ല. സത്യം തെളിഞ്ഞു. വർഷങ്ങൾ എത്ര കഴിഞ്ഞാലും സത്യം ഒരുന്നാൾ പുറത്തുവരിക തന്നെ ചെയ്യും‘. – സഹോദരൻ ബിജു തോമസ് പ്രതികരിച്ചു.

കേരളം കാത്തിരുന്ന വിധിയാണിതെന്ന് തന്നെ പറയാം. തൊണ്ടിമുതൽ പോലും നശിപ്പിക്കപ്പെട്ട കേസിലാണ് ഇപ്പോൾ വിധി പ്രഖ്യാപിക്കപ്പെട്ടത്. കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ അന്തേവാസി സിസ്റ്റര്‍ അഭയ എന്ന ബീന തോമസ് 1992 മാര്‍ച്ച്‌ 27നാണ് കൊല്ലപ്പെടുന്നത്.

Also Read:അഭയയ്ക്ക് നീതി; പ്രതികൾ കുറ്റക്കാരെന്ന് കോടതി, വിധി 28 വർഷത്തെ നിയമപോരാട്ടങ്ങൾക്കൊടുവിൽ

കേസിലെ ഒന്നാം പ്രതിയായ കോട്ടയം ബി സി എം കോളജിലെ അഭയയുടെ അധ്യാപകനായിരുന്ന ഫാദര്‍ തോമസ് എം കോട്ടൂരും, മൂന്നാം പ്രതിയായ പയസ് ടെന്‍ത് കോണ്‍വെന്റ് ഹോസ്റ്റലിലെ താത്ക്കാലിക ചുമതലക്കാരി സിസ്റ്റര്‍ സെഫിയുമാണ് കേസില്‍ വിചാരണ നേരിട്ടത്. രണ്ടാം പ്രതി സ്ഥാനത്തുണ്ടായിരുന്ന ഫാദര്‍ ജോസ് പുതൃക്കയിലിനെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടിരുന്നു.

പയസ് ടെന്‍ത് കോണ്‍വെന്റ് ഹോസ്റ്റലില്‍ പ്രതികള്‍ തമ്മിലുള്ള ലൈംഗിക ബന്ധം അഭയ കാണാനിടയായത് കൊലപാതകത്തിന് കാരണമായെന്നാണ് സി ബി ഐ കുറ്റപത്രം. കൊലപാതകം, ഹോസ്റ്റലിലേക്ക് അതിക്രമിച്ച്‌ കയറി കൊലപ്പെടുത്തല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ സി ബി ഐ ചുമത്തിയിരിക്കുന്നത്. ഒരു വര്‍ഷവും മൂന്നര മാസവും നീണ്ട വിചാരണ ഇക്കഴിഞ്ഞ ഡിസംബര്‍ പത്തിനാണ് പൂര്‍ത്തിയായത്. 49 സാക്ഷികളെ വിസ്തരിച്ചതില്‍ പ്രോസിക്യൂഷന്‍ സാക്ഷികളടക്കം എട്ട് പേര്‍ കൂറ് മാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button