KeralaLatest NewsNews

നെല്ലിയാമ്പതി വ്യൂ പോയിന്റില്‍ നിന്ന് 3000 അടി താഴ്ചയിലേക്ക് വീണ ഒരു യുവാവിനെ കണ്ടെത്തി

പുലര്‍ച്ചെ വീണ്ടും തിരച്ചില്‍ ആരംഭിച്ചപ്പോഴാണ് രഘുനന്ദനെ കണ്ടെത്തിയത്

പാലക്കാട് : വിനോദ സഞ്ചാരകേന്ദ്രമായ പാലക്കാട് നെല്ലിയാമ്പതി വ്യൂപോയിന്റില്‍ നിന്ന് 3000 അടി താഴ്ചയിലേക്ക് വീണ യുവാക്കളില്‍ ഒരാളെ കണ്ടെത്തി. നെല്ലിയാമ്പതി സന്ദര്‍ശിക്കാനെത്തിയ യുവാക്കളാണ് സീതാര്‍കുണ്ട് വ്യൂ പോയിന്റില്‍ നിന്ന് കൊക്കയിലേക്ക് വീണത്. ഒറ്റപ്പാലം സ്വദേശി സന്ദീപ്, കോട്ടായി സ്വദേശി രഘുനന്ദന്‍ എന്നിവരെയാണ് കാണാതായത്. ഇതില്‍ രഘുനന്ദനെയാണ് കണ്ടെത്തിയത്.

വ്യൂ പോയിന്റില്‍ നിന്ന് മൊബൈലില്‍ ചിത്രം പകര്‍ത്തുന്നതിനിടെ സന്ദീപിന്റെ കാല്‍വഴുതി. കാല്‍വഴുതിയ സന്ദീപിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രഘുനന്ദനും വീണത്. മൂവായിരം അടി താഴ്ചയില്‍ കൊല്ലങ്കോട് ഭാഗത്തുള്ള വന മേഖലയിലേക്കാണ് ഇരുവരും വീണതെന്നായിരുന്നു റിപ്പോര്‍ട്ട്. കാണാതായ യുവാക്കള്‍ക്കായി പൊലീസ്, വനം, അഗ്‌നിശമന വിഭാഗങ്ങള്‍ തിരച്ചില്‍ നടത്തിയിരുന്നു. പിന്നീട് ഇരുട്ട് പരന്നതോടെ രാത്രിയിലെ തിരച്ചില്‍ നിര്‍ത്തി. ഇന്ന് പുലര്‍ച്ചെ വീണ്ടും തിരച്ചില്‍ ആരംഭിച്ചപ്പോഴാണ് രഘുനന്ദനെ കണ്ടെത്തിയത്.

കാല്‍വഴുതി വീണ ഭാഗത്തു നിന്നും 90 അടി താഴ്ചയില്‍ മരക്കൊമ്പില്‍ ഉടക്കിയ നിലയിലാണ് ഇയാളെ കണ്ടെത്തിയത്. കാലിനും തലയ്ക്കും പരിക്കുണ്ട്. സന്ദീപിനായുള്ള തിരച്ചില്‍ തുടരുകയാണ്. തിരച്ചിലിനായി ഡ്രോണും ഉപയോഗിക്കുന്നുണ്ട്. ബംഗളൂരുവില്‍ ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന സുഹൃത്തുക്കളുമായാണ് യുവാക്കള്‍ നെല്ലിയാമ്പതി സന്ദര്‍ശനത്തിന് എത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button