ന്യൂഡൽഹി: കോൺഗ്രസിന്‍റെ വിദ്യാർഥി വിഭാഗമായ നാഷനൽ സ്റ്റുഡന്‍റ്സ് യൂണിയന്‍റെ ജോയിന്‍റ് സെക്രട്ടറിയും രാഹുൽ ഗാന്ധിയുടെ വിശ്വസ്തയുമായ രുചി ഗുപ്ത കോൺഗ്രസ് പാർട്ടി വിട്ടു. കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെ പഴിചാരിയാണ് അവർ പാർട്ടി വിട്ടിരിക്കുന്നത്. രാഹുൽ ഗാന്ധിയുടെ ഏറ്റവും വിശ്വസ്തനായി അറിയപ്പെടുന്ന ആളാണ് കെ.സി വേണുഗോപാൽ.
രുചിയെ രാഹുൽ ഗാന്ധി തന്നെയാണ് ജോയിന്റ് സെക്രട്ടറിയായി നിയമിച്ചതും. എൻ.എസ്‍.യുവിന്‍റെ വാട്സാപ് ഗ്രൂപ്പിൽ അയച്ച സന്ദേശത്തിലാണ് പാർട്ടി വിടുന്നതു സംബന്ധിച്ച നിലപാട് രുചി അറിയിച്ചിരിക്കുന്നത്. സംഘടനാ തലത്തിലുണ്ടാകുന്ന കാലതാമസങ്ങളാണ് രാജിക്ക് കാരണമെന്നും രുചി പറഞ്ഞു.
തീരുമാനങ്ങളെടുക്കുന്നതിൽ തടസ്സം നിൽക്കുന്നത് കെ.സി വേണുഗോപാലാണ്. എൻ.എസ്.യു സംസ്ഥാന യൂണിറ്റുകൾ പുനസംഘടിപ്പിക്കുന്നതിൽ വേണുഗോപാൽ തടസം സൃഷ്ടിക്കുന്നെന്നും രുചി ആരോപിക്കുകയുണ്ടായി. പാർട്ടി പ്രസിഡന്‍റിന്‍റെ മുന്നിലേക്ക് പല കാര്യങ്ങളും എത്തിക്കാനാവില്ലെന്നും രാജി അറിയിച്ചുകൊണ്ടുള്ള സന്ദേശത്തിൽ അവർ പറഞ്ഞു.
സംഘടനാ തലത്തിൽ വരുത്തുന്ന കാലതാമസം പാർട്ടിയെ നാശത്തിലേക്കു നയിക്കുകയാണ്. കോൺഗ്രസിന് ശക്തമായ നേതൃത്വം ആവശ്യമുണ്ട്. രാഹുൽ ഗാന്ധിക്കു മാത്രമേ ആ നേതൃത്വം നൽകാനാകൂവെന്നും രുചി പറഞ്ഞു.
Post Your Comments