KeralaLatest NewsNews

വിവാദങ്ങളുടെ പെരുമഴയത്തും ജനങ്ങൾ സിപിഎമ്മിന് വോട്ട് ചെയ്തത് എന്തുകൊണ്ട്? രഹസ്യം തിരിച്ചറിഞ്ഞ് സർക്കാർ

വോട്ട് വീണതിന്‍റെ രഹസ്യം തിരിച്ചറിഞ്ഞ് സിപിഎം; തുടർഭരണത്തിന് ഇത് ആയുധമാക്കി ഇടതുപക്ഷം

വിവാദങ്ങളെയെല്ലാം തച്ചുടച്ചാണ് ഇടതുപക്ഷം തദ്ദേശ തെരഞ്ഞെടുപ്പിൽ മിന്നും വിജയം കരസ്ഥമാക്കിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഏറക്കുറെ സമ്പൂർണമായ പരാജയത്തിനിരയായ എൽ.ഡി.എഫിന് അതിന്‍റെ മുറിവ് ഉണങ്ങും മുൻപ് കേരളത്തിൽ ‘ഇടതുതരംഗം’ സൃഷ്ടിക്കാൻ സാധിച്ചിട്ടുണ്ടെങ്കിൽ അത് നിസാരകാര്യമായി തള്ളിക്കളയാനാകില്ല.

സ്വർണ്ണക്കടത്ത്, ലൈഫ് മിഷൻ, അഴിമതി തുടങ്ങിയ നിരവധി വിവാദങ്ങൾ കൂമ്പാരമായി കിടക്കുമ്പോഴും കേരളത്തെ ചുവപ്പിക്കാൻ അവർക്ക് കഴിഞ്ഞിട്ടുണ്ടെങ്കിൽ അതിനർത്ഥം പിണറായി സർക്കാരിന്‍റെ ജനകീയാടിത്തറയ്ക്ക് ഒരു പോറൽ പോലും ഏറ്റിട്ടില്ല എന്ന് തന്നെയാണ്. കഴിഞ്ഞ ഒരു വർഷമായി തിരിച്ചടികളും വിവാദങ്ങളും മാത്രമായിരുന്നു ഈ സർക്കാരിന് ഉണ്ടായത്. എന്നിട്ടും ജനങ്ങൾ ഇടതുപക്ഷത്തിനൊപ്പം നിന്നു.

Also Read: ബിനീഷ് കോടിയേരിയ്ക്ക് ഉടന്‍ പുറംലോകം കാണാനാകില്ല, കേരളമല്ല ഇത് ബംഗളൂരു

ബിനീഷ് കോടിയേരി, ബിനോയ് കോടിയേരി, ശിവശങ്കർ, രവീന്ദ്രൻ തുടങ്ങിയ പ്രമുഖരുടെ വഴിവിട്ട യാത്രകളും തിരിമറികളും സർക്കാരിന് തിരിച്ചടിയാകുമെന്ന് നേതൃത്വം തന്നെ വിലയിരുത്തിയ സമയത്താണ് അപ്രതീക്ഷിതമായ ഈ വിജയം. ഒരുപക്ഷേ, സർക്കാർ പോലും പ്രതീക്ഷിച്ചിരിക്കില്ല. ഇത്രയധികം വിവാദങ്ങൾ ഉടലെടുത്തിട്ടും എന്തുകൊണ്ട് കേരളത്തിലെ ജനങ്ങൾ ഇപ്പോഴും സർക്കാരിനൊപ്പം നിൽക്കുന്നുവെന്നതിന് വ്യക്തമായ കാരണമുണ്ട്. ആ കാരണങ്ങൾ സർക്കാർ ഇതിനോടകം തിരിച്ചറിഞ്ഞ് കഴിഞ്ഞു.

ഈ തിരിച്ചറിവിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ ‘മാളത്തിലിരുന്ന മുഖ്യൻ’ ജയിച്ചപ്പോൾ ‘തലപൊക്കി, കൈവീശി പുറത്തേക്ക്’ വരുന്നതെന്നാണ് സോഷ്യൽ മീഡിയ പരിഹസിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 22 മുതല്‍ 30 വരെ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന പര്യടനം നടത്തും.

Also Read: ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി വീണ്ടും നീട്ടി : ഒളിവിലുള്ള കൂട്ടാളി ശബീലിനായി തെരച്ചിൽ

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ പ്രവർത്തനങ്ങൾ ഒട്ടും വൈകാതെ ചിട്ടയോടെ തുടങ്ങാനുള്ള ഒരുക്കങ്ങൾ തുടങ്ങും. നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ സെമിഫൈനലായി കണക്കാക്കുന്ന ഈ തദ്ദേശ തിരഞ്ഞെടുപ്പിൽ നേടിയ മിന്നുന്ന വിജയം പാർട്ടിക്ക് ഊർജ്ജമാവുകയും ചെയ്യും.

കേരളത്തിന്‍റെ ഉമ്മറത്തിണ്ണയിൽ ഒരു കസേര വലിച്ചിട്ട് പിണറായി സർക്കാർ ഇരുപ്പുറപ്പിച്ച് വർഷങ്ങളാകുന്നു. ഭരണത്തുടർച്ച സ്വപ്നം കാണുന്ന സർക്കാർ തന്ത്രങ്ങൾ മെനഞ്ഞു തുടങ്ങി. രണ്ട് പ്രളയകാലത്തെയും ദുരിതാശ്വാസം, ക്ഷേമപെൻഷൻ വിതരണം, സൗജന്യ കിറ്റ് വിതരണം ഉൾപ്പെടെ ഇപ്പോഴും തുടരുന്ന കോവിഡ് ദുരിതാശ്വാസപ്രവർത്തനം എന്നിവയിൽ സർക്കാരിലുള്ള വിശ്വാസം ജനങ്ങൾക്ക് പൂർണമായും ബോധ്യമായിരിക്കുന്നു എന്ന് വേണം കരുതാൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button