ന്യൂഡൽഹി : കോവിഡ് വാക്‌സിൻ നൽകണമെന്ന് 12 രാജ്യങ്ങൾ ഇന്ത്യയോട് ആവശ്യപ്പെട്ടതായി നീതി ആയോഗ് അംഗം ഡോ വി കെ പോൾ. ഉന്നത മന്ത്രിതല യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, വ്യോമയാനമന്ത്രി ഹർദ്ദീപ് സിംഗ് പുരി, കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വനി കുമാർ, ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
രാജ്യത്ത് ഇപ്പോൾ നടക്കുന്ന വാക്‌സിൻ പരീക്ഷണങ്ങളുടെ പുരോഗതി യോഗത്തിൽ വിലയിരുത്തി. രാജ്യത്തെ വാക്‌സിൻ നിർമ്മാതാക്കളെ കുറിച്ചും വാക്‌സിൻ ലഭ്യതയെ കുറിച്ചും സംഭരണത്തെ കുറിച്ചുമുള്ള വിശദാംശങ്ങളും വി കെ പോൾ യോഗത്തിൽ വിശദീകരിച്ചു.വാക്‌സിൻ ലഭ്യമായി കഴിഞ്ഞാൽ രാജ്യത്തെ ഒരു കോടിയോളം വരുന്ന ആരോഗ്യ പ്രവർത്തകർക്കും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻനിരയിൽ നിന്നും പ്രവർത്തിച്ച രണ്ടു കോടിയോളം ആളുകൾക്കും 50 വയസിന് മുകളിൽ പ്രായമുള്ളതും മറ്റ് ഗുരുതര രോഗങ്ങളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവരുമായ 270 മില്യൺ ആളുകൾക്കുമാണ് ആദ്യ ഘട്ടത്തിൽ വാക്‌സിൻ വിതരണം ചെയ്യേണ്ടതെന്ന് നാഷണൽ എക്‌സ്‌പേർട്ട് ഗ്രൂപ്പ് ഓൺ വാക്‌സിൻ അഡ്മിനിസ്‌ട്രേഷൻ മന്ത്രിതല യോഗത്തെ അറിയിച്ചു.
ഭാരത് ബയോടെകും ഐസിഎംആറും സംയുക്തമായി വികസിപ്പിക്കുന്ന കൊവാക്‌സിൻ, ഫൈസർ, ഓക്‌സ്ഫഡ്- സെറം ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കൊവീഷീൽഡ് എന്നീ വാക്‌സിനുകൾ അടിയന്തര വിതരണത്തിന് അനുമതി തേടി അപേക്ഷ നൽകിയിട്ടുണ്ടെന്നും പോൾ കൂട്ടിച്ചേർത്തു.
Post Your Comments