അപ്രതീക്ഷിതമായി പ്രിയപ്പെട്ടതെന്തെങ്കിലും നഷ്ടമായാല്‍ വളരെയധികം വിഷമമായിരിക്കും നമുക്ക്. പ്രകൃതിക്ഷോഭത്താലോ മറ്റോ ആണെങ്കില്‍ ആ നഷ്ടത്തെ ഓര്‍ത്ത് ഒരുപാട് ദു:ഖിക്കുകയും ചെയ്യും. എന്നാല്‍ യാദൃശ്ചികമായി നഷ്ടപ്പെട്ട വസ്തു തിരികെ നമ്മുടെ അടുത്ത് തന്നെ എത്തിയാല്‍ വളരെയധികം സന്തോഷവും തോന്നും.
അത്തരമൊരു സംഭവമാണ് ജപ്പാനിലെ കെസെന്നുമ നഗരത്തിലും നടന്നത്. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കെസെന്നുമ നഗരത്തിലുണ്ടായ സുനാമിയില്‍ ഒരു മത്സ്യബന്ധന ബോട്ട് കാണാതായിരുന്നു. ജപ്പാനില്‍ 9.0 തീവ്രത രേഖപ്പെടുത്തിയ ഏറ്റവും ശക്തമായ ഭൂകമ്പമാണ് സുനാമിയെ തുടര്‍ന്ന് നടന്ന 2011ലെ ഗ്രേറ്റ് ഈസ്റ്റ് ജപ്പാന്‍ ഭൂകമ്പം. 15,000 ത്തോളം പേര്‍ അന്ന് കൊല്ലപ്പെട്ടിരുന്നു. നഷ്ടമായ ബോട്ടിനെ പറ്റി പിന്നീട് ഒരു വിവരവും ഉണ്ടായിരുന്നില്ല.
എന്നാല്‍ അടുത്ത സമയത്ത് ജപ്പാനില്‍ നിന്ന് 4-4 മൈല്‍ തെക്കോട്ട് മാറി സ്ഥിതി ചെയ്യുന്ന ഹച്ചിജോ എന്ന ദ്വീപില്‍ നിന്ന് ഈ ചെറിയ ബോട്ട് കണ്ടെത്തുകയായിരുന്നു. ഗാര്‍ഡിയനാണ് ബോട്ട് കണ്ടെത്തിയതായി റിപ്പോര്‍ട്ട് ചെയ്തത്. പ്രാദേശിക ഫിഷിംഗ് സഹകരണ സംഘം ബോട്ടിന്റെ രജിസ്‌ട്രേഷന്‍ ക്രോസ് പരിശോധിക്കുകയും 18 അടി നീളമുള്ള ബോട്ട് ഒരിക്കല്‍ കെസെന്നുമ ഫിഷിംഗ് കപ്പലിന്റേതായിരുന്നെന്ന് കണ്ടെത്തുകയും ചെയ്തു. തകര്‍ന്ന അവസ്ഥയിലാണ് ബോട്ട് തിരിച്ച് കിട്ടിയത്.
ബോട്ടിനകത്ത് മത്സ്യങ്ങള്‍ മുട്ടയിടുകയും പവിഴപ്പുറ്റുകള്‍ നിറഞ്ഞു നില്‍ക്കുന്നതും കാണാമായിരുന്നു. ഈ പവിഴപുറ്റുകളെ നിരീക്ഷിച്ചതില്‍ നിന്ന് ഹച്ചിജോ ദ്വീപില്‍ വീണ്ടും പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് ബോട്ട് എവിടേക്കാണ് നീങ്ങിയതെന്ന് വിദഗ്ദ്ധര്‍ക്ക് ഒരു ധാരണ ലഭിച്ചിട്ടുണ്ട്. അമേരിക്കയുടെ പടിഞ്ഞാറന്‍ തീരത്തിനടുത്തുള്ള ഒരു പ്രദേശത്തേക്കാണ് ബോട്ട് ആദ്യം ഒഴുകിയെത്തിയത്. പിന്നീട് തെക്ക് കിഴക്കന്‍ ഏഷ്യയിലേക്കും വടക്കന്‍ ഇക്വറ്റോറിയല്‍ കറന്റിലേക്ക് നീങ്ങി. തുടര്‍ന്ന് കുരോഷിയോ കറനില്‍ എത്തി. അവസാനമാണ് ഹച്ചിജോ ദ്വീപില്‍ എത്തിയതെന്ന് സമുദ്രവുമായി ബന്ധപ്പെട്ട് ഗവേഷണം നടത്തുന്നവര്‍ വ്യക്തമാക്കി.
Post Your Comments