സംസ്ഥാനത്തെ നേതാക്കൾക്ക് കഴിവില്ലാത്തത് കൊണ്ടാണ് കോൺഗ്രസുകാർ ബി.ജെ.പിയിലേക്ക് പോകുന്നതെന്ന് കോൺഗ്രസ് നേതാവും കണ്ണൂർ എം.പിയുമായ കെ സുധാകരൻ. തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനുണ്ടായ കനത്ത തിരിച്ചടി വിശകലനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ബിജെപിയുടെ വളർച്ച കോൺഗ്രസിന്റെ വലിയ വീഴ്ചയാണെന്ന് സുധാകരൻ കുമ്പസരിച്ചു.
Also Read: പാനൽ സമയം പാഴാക്കിക്കളയുന്നു; ചർച്ചയിൽ നിന്ന് രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതാക്കളും ഇറങ്ങിപ്പോയി
കേരള കോൺഗ്രസ് ജോസ് കെ മാണി ഗ്രൂപ്പ് മുന്നണി വിട്ടത് ദുരന്തമായി. മാണി കോൺഗ്രസിനെ വിട്ടയക്കാൻ തയ്യാറായ തീരുമാനം മോശമായി. മാണിക്കൊപ്പമാണ് അണികളെന്ന് തെളിഞ്ഞു. അവരെ പുറത്താക്കരുതെന്നായിരുന്നു അന്നും ഇന്നും തന്റെ നിലപാട്. പറ്റുമെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നെ മാണി വിഭാഗത്തെ തിരികെയെത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കെ പി സി സി തലത്തിലും ജില്ലാതലത്തിലും അടിമുടി മാറ്റം വേണം. ഇതിനായി ഡൽഹിക്ക് പോയി രാഹുൽ ഗാന്ധിയുമായി നേരിട്ട് ചർച്ചകൾ നടത്തി വേണ്ട നടപടികൾ കൈക്കൊള്ളുമെന്ന് സുധാകരൻ പരസ്യമായി അറിയിച്ചു. ഉമ്മൻചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും ജില്ലയിൽ കോൺഗ്രസ് പിന്നിലായതിൽ ആത്മപരിശോധന വേണം. സ്വന്തം ജില്ലയിൽ റിസൽറ്റ് ഉണ്ടാക്കാത്ത നേതാവിന് കേരള രാഷ്ട്രീയത്തിൽ പ്രസക്തിയില്ലെന്നും സുധാകരൻ വ്യക്തമാക്കി.
Post Your Comments