ആലപ്പുഴ : തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ഏറ്റവും ശ്രദ്ധേയമാകുകയാണ് മാവേലിക്കര നഗരസഭ. യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ മുന്നണികൾക്ക് 9 സീറ്റുകൾ വീതമാണ് ഇവിടെ ലഭിച്ചത്. ഇതോടെ മാവേലിക്കര നഗരസഭയിലെ ഭരണ പ്രതിസന്ധിയിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി ജി സുധാകരൻ.
കാലുവാരിയായ വിമതൻ കെവി ശ്രീകുമാറിനെ ചെയർമാൻ ആക്കില്ലെന്ന് മന്ത്രി ജി സുധാകരൻ വ്യക്തമാക്കി. സ്ഥാനമോഹികളെ പാർട്ടിക്ക് ആവശ്യമില്ല. വേണമെങ്കിൽ പാർട്ടിയോടൊപ്പം നിൽക്കട്ടെ, ബാക്കി കാര്യം പിന്നീട് ആലോചിക്കാമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
മൂന്ന് മുന്നണികളും ഇവിടെ ഒപ്പത്തിനൊപ്പം എത്തിയതോടെയാണ് സ്വതന്ത്രനായ വിജയിച്ച കെവി ശ്രീകുമാറിന്റെ നിലപാട് നിർണായകമായത്. നഗരസഭ ചെയർമാൻ സ്ഥാനം നൽകുന്നവരെ പിന്തുണയ്ക്കാമെന്ന നിലപാടിലാണ് ശ്രീകുമാർ. അതേസമയം സിപിഎം ബ്രാഞ്ച് സെക്രട്ടറി ആയ തന്നെ പാർട്ടി പുറത്താക്കിയെങ്കിലും ഇപ്പോഴും അനുഭാവം ഇടതിനോട് ആണെന്നും ശ്രീകുമാർ പറഞ്ഞു. എന്നാൽ വിമതനെ ചെയർമാനാക്കില്ലെന്ന് മന്ത്രി തന്നെ വ്യക്തമാക്കിയതോടെ ഇനി ശ്രികുമാറിന്റെ നിലപാട് എന്തായിരിക്കുമെന്നാണ് ഇപ്പോൾ ചർച്ച വിഷയമായിരിക്കുന്നത്.
Post Your Comments