ന്യൂഡല്‍ഹി : പ്രക്ഷോഭം 21-ാം ദിവസത്തിലേക്ക് എത്തുമ്പോള്‍ ഗ്രാമങ്ങളിലേക്ക് സമരം വ്യാപിക്കാന്‍ ഒരുങ്ങുകയാണ് കര്‍ഷക സംഘടനകള്‍. ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും സമരം അവസാനിപ്പിയ്ക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ വിട്ടുവീഴ്ചയ്ക്കു തയ്യാറല്ലെന്ന നിലപാടിലാണ് കര്‍ഷക നേതാക്കള്‍. പ്രക്ഷോഭത്തിനിടെ മരിച്ചവരോടുള്ള ആദരസൂചകമായി 20ന് രാജ്യമെമ്പാടുമുള്ള ഗ്രാമങ്ങളില്‍ ശ്രദ്ധാഞ്ജലിസഭകള്‍ നടത്താനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം.
സമരത്തിനു വരുന്ന കര്‍ഷകരെ ബലം പ്രയോഗിച്ചു തടഞ്ഞാല്‍ പൊലീസ് സ്റ്റേഷനുകളില്‍ കന്നുകാലികളെ കെട്ടിയിടുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് വ്യക്തമാക്കി. ഈ സ്ഥിതി തുടര്‍ന്നാല്‍ ഡല്‍ഹി-മീററ്റ് ദേശീയപാത ഉപരോധിക്കുമെന്നും പ്രഖ്യാപിച്ചു. ഡല്‍ഹി-നോയ്ഡ അതിര്‍ത്തിയായ ചില്ലയില്‍ ഭാഗികമായി വാഹന ഗതാഗതം അനുവദിച്ചിരുന്നെങ്കിലും ബുധനാഴ്ച പൂര്‍ണമായി സ്തംഭിപ്പിക്കുമെന്ന് കര്‍ഷകര്‍ അറിയിച്ചു. ജയ്പൂര്‍ ദേശീയപാതയിലെ ഷാജഹാന്‍പുരിലും ഡല്‍ഹി-ആഗ്ര ദേശീയപാതയിലെ പല്‍വലിലും പ്രക്ഷോഭകര്‍ പിന്മാറിയിട്ടില്ല.
അതേസമയം, നിയമങ്ങള്‍ മുഴുവനായി റദ്ദാക്കലല്ല പോംവഴിയെന്നും സര്‍ക്കാര്‍ തുറന്ന ചര്‍ച്ചയ്ക്കു തയ്യാറാണെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു. കാര്‍ഷിക വിഷയങ്ങളില്‍ ചര്‍ച്ചയ്ക്കായി പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കില്ലെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി വ്യക്തമാക്കി.
Post Your Comments