കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പും കഴിഞ്ഞതിന് തൊട്ടുപിന്നാലെ പ്രാദേശിക നേതാക്കളെ പുറത്താക്കി കോണ്‍ഗ്രസ്. കോഴിക്കോട് മുക്കത്താണ് മൂന്ന് പ്രാദേശിക നേതാക്കളെ പാര്‍ട്ടി പുറത്താക്കിയത്. ആറ് വര്‍ഷത്തേക്കാണ് പുറത്താക്കല്‍.വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തെ ഇവര്‍ ചോദ്യം ചെയ്തതാണ് നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുന്നത്. സഖ്യം വേണ്ടെന്ന ഉറച്ച നിലപാടിലായിരുന്നു ഇവര്‍. ആറ് വര്‍ഷത്തേക്കാണ് ഈ മൂന്ന് പ്രാദേശിക നേതാക്കളെയും പുറത്താക്കിയിരിക്കുന്നത്.
അതേസമയം ഈ വിഷയത്തില്‍ ഇതോടെ കോണ്‍ഗ്രസില്‍ വലിയ വിവാദമുയര്‍ന്നിരിക്കുകയാണ്.കോണ്‍ഗ്രസിന്റെ ഔദ്യോഗിക തീരുമാനം വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യം പാടില്ലെന്നാണ്. കെസി വേണുഗോപാലും മുല്ലപ്പള്ളി രാമചന്ദ്രനും ഇത് പരസ്യമായി വ്യക്തമാക്കിയതാണ്. എന്നാല്‍ പ്രാദേശികമായി നീക്കുപോക്കുണ്ടെന്ന് കെ മുരളീധരനും എംഎം ഹസനും നിലപാടെടുത്തിരുന്നു. കഴിഞ്ഞ ദിവസം വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് തന്നെ സഖ്യമുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു.
ഇത് കോണ്‍ഗ്രസിനുള്ളിലെ നേതാക്കള്‍ക്ക് എതിര്‍പ്പുണ്ടാക്കുന്ന കാര്യമാണ്. എന്നാല്‍ മുസ്ലീം വോട്ടുകളെ നല്ല രീതിയില്‍ ഏകോപിപ്പിക്കാന്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് സാധിക്കുമെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്.കോണ്‍ഗ്രസില്‍ വന്‍ തര്‍ക്കം തന്നെ വെല്‍ഫെയര്‍ ബന്ധത്തെ ചൊല്ലിയുണ്ടായിരുന്നു. പുറത്താക്കിയ മൂന്ന് പേരും വെല്‍ഫെയര്‍ പാര്‍ട്ടിയുമായി നീക്കുപോക്കുണ്ടാക്കിയത് എതിര്‍ത്തിരുന്നു. കെസി മൂസ, പ്രസാദ് ചേനാംതൊടിക, എന്‍പി ഷംസുദ്ദീന് എന്നിവരെയാണ് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അധ്യക്ഷന്റെ നേതൃത്വത്തില്‍ പുറത്താക്കിയത്.
ഇവര്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധത്തെ പരസ്യമായി എതിര്‍ത്തിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ വെല്‍ഫെയറുമായുള്ള കോണ്‍ഗ്രസിന്റെ ബന്ധമാണ് സിപിഎം സജീവ ചര്‍ച്ചയാക്കിയത്. ബിജെപി ദേശീയ തലത്തിലും ഇത് ചര്‍ച്ചയാക്കാന്‍ ഒരുങ്ങുകയാണ്. 2015- ല്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ചേര്‍ന്ന് എല്‍ഡിഎഫ് അട്ടിമറിച്ച തദ്ദേശ സ്ഥാപനങ്ങള്‍ തിരിച്ചു പിടിക്കുകയാണ് ലക്ഷ്യം.
നിയമസഭാ തെരെഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ കൂടുതല്‍ തദ്ദേശസ്ഥാപനങ്ങളില്‍ അധികാരം പിടിച്ച് കരുത്ത് തെളിയിക്കുന്നതിന്റെ ഭാഗമായാണ് കൊടിയ വിവാദങ്ങള്‍ ഉണ്ടായിട്ടും വെല്‍ഫെയര്‍ ബന്ധത്തെ നിരാകരിക്കാന്‍ യുഡിഫ് തയ്യാറാവാത്തത്.
Post Your Comments