തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ എസ്.വി. പ്രദീപിനെ അപായപ്പെടുത്തിയത് തന്നെ, മരണത്തില്‍ ദുരൂഹതയെന്ന് ഉറപ്പ് പറഞ്ഞ് കുടുംബാംഗങ്ങള്‍. എന്നാല്‍ അപകട മരണമെന്ന് പൊലീസ്. ഇതുവരെയുള്ള അന്വേഷണത്തില്‍ അസ്വഭാവികമായി യാതൊന്നും കണ്ടെത്താനായിട്ടില്ലെന്നും ഫോര്‍ട്ട് എസി പ്രതാപചന്ദ്രന്‍ നായര്‍ പറഞ്ഞു. പ്രദീപിനെ ഇടിച്ചിട്ടത് ഒരു ടിപ്പര്‍ ലോറിയാണ്. സമീപത്തെ സിസി ടിവി ദൃശ്യങ്ങളില്‍ നിന്നും അതു വ്യക്തമാണെന്ന് പ്രതാപചന്ദ്രന്‍ നായര്‍ പറയുന്നു. കാരയ്ക്കാമണ്ഡപത്തിനു സമീപത്തെ തുലവിള എന്ന സ്ഥലത്തുവച്ചാണ് അപകടം നടന്നത്. ഉച്ചയ്ക്ക് മൂന്നരയ്ക്കായിരുന്നു സംഭവം.
Read Also : ദുരൂഹതയിൽ നിറഞ്ഞ് എസ് വി പ്രദീപിൻറെ മരണം; സംശയ നിഴലിൽ..ഏറെ പേര്‍
പാപ്പനംകോട് നിന്നും പള്ളിച്ചലിലെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് പ്രദീപ് അപകടത്തില്‍പ്പെടുന്നത്. ഒരേദിശയില്‍ വരികയായിരുന്ന ടിപ്പര്‍ ലോറിയാണ് പ്രദീപിന്റെ സ്‌കൂട്ടറില്‍ ഇടിച്ചത്. പ്രദീപിന്റെ സ്‌കൂട്ടര്‍ മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെയില്‍ പുറകില്‍ നിന്നും വരികയായിരുന്ന ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. സ്‌കൂട്ടറിന്റെ സൈഡിലായാണ് തട്ടിയിരിക്കുന്നത്. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്കു വീണ പ്രദീപിന്റെ തയില്‍ കൂടി ലോറിയുടെ പിന്‍ചക്രം കയറിയിറങ്ങുകയായിരുന്നുവെന്ന് പ്രതാപചന്ദ്രന്‍ നായര്‍ പറഞ്ഞു. പ്രദീപ് ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കിലും തല പൊട്ടി തലച്ചോര്‍ തകര്‍ന്ന നിലയിലായിരുന്നു. സംഭവ സ്ഥലത്തുവച്ചുതന്നെ പ്രദീപ് മരണപ്പെടുകയും ചെയ്തുവെന്ന് പ്രതാപചന്ദ്രന്‍ നായര്‍ പറഞ്ഞു.
സംഭവസമയം ലോറി അമിത വേഗതയിലായിരുന്നുവെന്ന് നേമം പൊലീസ് പറയുന്നു. സമീപത്തെ സിസി ടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇത് വ്യക്തമായത്. മറ്റു വാഹനങ്ങള്‍ ലോറിക്കു പിന്നാലെ ഉണ്ടായിരുന്നെങ്കിലും അവരൊന്നും അപകടം നടന്ന സ്ഥലത്ത് നിര്‍ത്തിയില്ല. എന്നാല്‍ വാഹന ബാഹുല്യം കൂടിയപ്പോഴാണ് റോഡില്‍ ഒരാള്‍ രക്തത്തില്‍ കുളിച്ചു കിടന്നത് ആള്‍ക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍തന്നെ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. സ്ഥലത്തെത്തിയെങ്കിലും പ്രദീപ് മരിച്ചിരുന്നുവെന്ന് നേമം പൊലീസ് പറഞ്ഞു.
മൃതദേഹം മെഡിക്കല്‍കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കോവിഡ് ടെസ്റ്റിനു ശേഷം പോസ്റ്റ്മോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്കു കൈമാറുമെന്ന് ഫോര്‍ട്ട് എസി അറിയിച്ചു. ടിപ്പര്‍ ലോറിയാണെന്ന് കണ്ടെത്തിയെങ്കിലും വാഹനത്തിന്റെ നമ്പര്‍ കണ്ടെത്തിയിട്ടില്ല. ഇതിനായി കൂടുതല്‍ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.
അതേസമയം വാഹനാപകടത്തില്‍ ദുരൂഹതയുണ്ടെന്നു പ്രദീപിന്റെ കുടുംബം ആരോപിച്ചു. സമൂഹമാധ്യമങ്ങളിലടക്കം പ്രദീപിനു ഭീഷണി ഉണ്ടായിരുന്നതായി അമ്മ വസന്തകുമാരി പറഞ്ഞു. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ അടക്കമുളള സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
Post Your Comments