ന്യൂഡല്‍ഹി: ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് സിപിഎം വസ്തുതാന്വേഷണ റിപോര്‍ട്ട് പുറത്തുവിട്ടു. അക്രമത്തിന്റെ തീവ്രതയ്ക്ക് കാരണം അമിത് ഷായുടെ കീഴിലുള്ള ആഭ്യന്തര മന്ത്രാലയത്തിന് പങ്കുണ്ടെന്നും സി.പി.എം ഡല്‍ഹി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ വസ്തുതാറിപോര്‍ട്ടില്‍ പറയുന്നു. സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടാണ് ‘വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ വര്‍ഗീയ കലാപം- വസ്തുതാന്വേഷണ റിപോര്‍ട്ട്’ പുറത്തിറക്കിയത്.
ഡല്‍ഹിയില്‍ ഫെബ്രുവരിയില്‍ സംഭവിച്ചതിനെ കലാപം എന്ന് വിളിക്കുന്നത് തെറ്റാണെന്ന് റിപോര്‍ട്ട് നിഗമനം ചെയ്തു. ‘ഇരുപക്ഷത്തിനും തുല്യപങ്കാളിത്തമുള്ളപ്പോഴാണ് കലാപം എന്ന് വിളിക്കുക. ഇവിടെ ആക്രമണം ഹിന്ദുത്വവാദികളില്‍ നിന്നായിരുന്നു. മറുവശത്ത് ആ ആക്രമണങ്ങളില്‍ നിന്ന് സ്വയം രക്ഷപ്പെടാനുള്ള തീവ്രശ്രമമാണ് നടന്നത്. മിക്കവാറും എല്ലാ പ്രദേശങ്ങളിലും പോലിസ് ഹിന്ദുത്വ ശക്തികള്‍ക്കൊപ്പം നില്‍ക്കുന്നതിന്റെ ദൃശ്യങ്ങളും വീഡിയോകളുടെയും തെളിവുകള്‍ പുറത്തുവന്നിട്ടുണ്ടെന്നും’ വസ്തുതാന്വേഷണ റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
‘ഡല്‍ഹിയിലെ ഉന്നത പോലിസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ നിരന്തരം വിലയിരുത്തിയിരുന്നുവെന്നാണ് 2020 മാര്‍ച്ച് 11ന് അമിത് ഷാ പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. ഫെബ്രുവരി 24 മുതല്‍ അക്രമം വര്‍ദ്ധിച്ചപ്പോള്‍ എന്തുകൊണ്ട് കര്‍ഫ്യു ഏര്‍പ്പെടുത്തിയില്ല എന്തുകൊണ്ട് സൈന്യത്തെ വിന്യസിച്ചില്ല ?ഡല്‍ഹി പോലിസിന്റെയും റാപിഡ് ആക്ഷന്‍ ഫോഴ്സ് ഉദ്യോഗസ്ഥരുടെയും അധിക വിന്യാസം പോലും അപര്യാപ്തമായിരുന്നുവെന്ന് മാത്രമല്ല, വളരെ വൈകുകയും ചെയ്‌തെന്ന്’ റിപോര്‍ട്ട് വിശദീകരിക്കുന്നു.
read also: ഷർജീൽ ഇമാമുൾപ്പെടെയുള്ള യു.എ.പി.എ തടവുകാരെ മോചിപ്പിക്കണമെന്ന ആവശ്യവുമായി കര്‍ഷകര്‍
‘വംശഹത്യ ഇരകളും ദൃക്‌സാക്ഷികളുമായ 400 ഓളം പേരെ നേരില്‍കണ്ട് അഭിമുഖം നടത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടും ഡല്‍ഹി സംസ്ഥാന സെക്രട്ടറി കെ.എം. തിവാരിയും പറഞ്ഞു.വസ്തുതാന്വേഷണ സംഘം 400 പേരുടെ പ്രതികരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കലാപത്തിന് പ്രേരിപ്പിച്ചുവെന്നാരോപിച്ച് നിരവധി വിദ്യാര്‍ഥികള്‍ക്കെതിരെ തീവ്രവാദ കുറ്റം ചുമത്തിയത് വസ്തുതാന്വേഷണ സംഘം അപലപിച്ചു.
Post Your Comments