Latest NewsUAE

സ്‌പോണ്‍സറുടെ ക്രൂര മര്‍ദനമേറ്റ് പ്രവാസി വീട്ടുജോലിക്കാരിക്ക് ദാരുണാന്ത്യം

പോഷകാഹാരക്കുറവും യുവതിയെ അവശനിലയിലാക്കിയിരുന്നു. 35 കിലോഗ്രാം മാത്രമായിരുന്നു ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ യുവതിയുടെ ശരീരഭാരം.

ദുബായ്: പ്രവാസി വീട്ടുജോലിക്കാരി മരിക്കാനിടയായത് സ്പോണ്‍സറുടെ ക്രൂരമായ ശാരീരിക ആക്രമണങ്ങള്‍ മൂലമെന്ന് ദുബായ് പൊലീസ്. കുളിമുറിയില്‍ ബോധരഹിതയായി വീണുവെന്ന് പറഞ്ഞാണ് അറബ് സ്പോണ്‍സര്‍ ഏഷ്യന്‍ വംശജയായ യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പേ യുവതി മരിച്ചിരുന്നു. സംശയാസ്പദമായ സാഹചര്യത്തില്‍ യുവതിയെ എത്തിച്ച വിവരം ആശുപത്രി അധികൃതര്‍ പോലീസിനെ അറിയിക്കുകയായിരുന്നുവെന്ന് ദുബായ് പോലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജമാല്‍ അല്‍ ജല്ലാഫ് പറഞ്ഞു.

റിക്രൂട്ട്‌മെന്റ് ഓഫീസ് വഴി 20,000 ദിര്‍ഹം കൊടുത്താണ് യുവതിയെ വീട്ടുജോലിക്ക് നിര്‍ത്തിയത്. എന്നാല്‍ ശാരീരിക അവശതകളെ തുടര്‍ന്ന് ഇവര്‍ക്ക് ജോലിയില്‍ തുടരാനായില്ല. മറ്റൊരാളെ വീട്ടുജോലിക്ക് വിട്ടുനല്‍കാന്‍ റിക്രൂട്ട്‌മെന്റ് ഓഫീസിനെ സമീപിച്ചെങ്കിലും കോവിഡ് കാലമായതിനാല്‍ നടന്നില്ലെന്നും സ്പോണ്‍സര്‍ പോലീസിനോട് പറഞ്ഞു. സ്പോണ്‍സറുടെ ജോലിയും അതിനിടയില്‍ നഷ്ടമായി. അതോടെ എപ്പോഴും വീട്ടിലുണ്ടായിരുന്ന ഇയാള്‍ യുവതിയെ നിരന്തരം മര്‍ദിക്കുകയായിരുന്നുവെന്നും ബ്രിഗേഡിയര്‍ അല്‍ ജല്ലാഫ് വിശദീകരിച്ചു.

അതേസമയം യുവതിയുടെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളുണ്ടായിരുന്നു. നെഞ്ചിലേറ്റ ക്ഷതമാണ് മരണകാരണം. പോഷകാഹാരക്കുറവും യുവതിയെ അവശനിലയിലാക്കിയിരുന്നു. 35 കിലോഗ്രാം മാത്രമായിരുന്നു ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ യുവതിയുടെ ശരീരഭാരം. യുവതിയുടെ മരണകാരണം അറിയില്ലെന്നാണ് സ്പോണ്‍സര്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍ സ്പോണ്‍സറുടെ ഭാര്യ മര്‍ദനവിവരം പോലീസിനെ അറിയിച്ചു.

തൊഴില്‍ നഷ്ടപ്പെട്ടതോടെ ഭര്‍ത്താവിന് മാനസികപ്രശ്നങ്ങളുണ്ടായെന്ന് സ്പോണ്‍സറുടെ ഭാര്യ പറഞ്ഞു. യുവതിയുടെ ശരീരത്തില്‍ മര്‍ദനത്തിന്റെ പാടുകള്‍ക്ക് പുറമെ കത്തിച്ച സിഗരറ്റ് കൊണ്ട് പൊള്ളിച്ച പാടുകളും ഉണ്ടായിരുന്നുവെന്ന് ദുബായ് പോലീസിലെ ക്രിമിനല്‍ റിസേര്‍ച്ച്‌ അഫയേഴ്‌സ് അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ കേണല്‍ അദെല്‍ അല്‍ ജോക്കെര്‍ സൂചിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button