തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഉടന്‍ വർധിപ്പിക്കുമെന്നു സൂചന. സര്‍ചാര്‍ജ് ഇനത്തില്‍ യൂണിറ്റിന് മുപ്പത്തിമൂന്നു പൈസവരെ കൂടുമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈവര്‍ഷം ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള സർചാർജ് നിശ്ചയിക്കുന്ന നടപടി പുരോഗമിക്കുന്നു. എപ്പോള്‍ വേണമെങ്കിലും ഇതു സംബന്ധിച്ച ഉത്തരവിറങ്ങാം. സംസ്ഥാനത്തു വൈദ്യുതി ഉൽപാദിപ്പിച്ചു വിതരണം ചെയ്തതിനും പുറത്തുനിന്നു വൈദ്യുതി വാങ്ങി വിതരണം ചെയ്തതിനും വൈദ്യുതി ബോർഡിന് ഉണ്ടായ അധിക ബാധ്യത ഇന്ധന സർചാർജ് ആയി പിരിച്ചു നൽകണമെന്നു ബോർഡ് റഗുലേറ്ററി കമ്മിഷനോട് ആവശ്യപ്പെടാറുണ്ട്.
മൂന്നു മാസം കൂടുമ്പോഴാണ് ഇതു സംബന്ധിച്ച കണക്കുകൾ സമർപ്പിക്കുക.2019 ഒക്ടോബർ മുതലുള്ള ഇന്ധന സർചാർജ് പിരിച്ചെടുക്കാനുണ്ട്. 2019 ഒക്ടോബർ മുതൽ ഡിസംബർ വരെ യൂണിറ്റിനു 10 പൈസയും കഴിഞ്ഞ ജനുവരി മുതൽ മാർച്ച് വരെ 11 പൈസയും ഏപ്രിൽ മുതൽ ജൂൺ വരെ ആറു പൈസയും സർചാർജ് ഈടാക്കണമെന്നാണു ബോർഡ് ആവശ്യപ്പെട്ടത്.ബോര്‍ഡിന്റെ ആവശ്യം അതേപടി അംഗീകരിച്ചാല്‍ സര്‍ചാര്‍ജ് ഇനത്തില്‍ മാത്രം യൂണിറ്റിന് 33 പൈസ കൂടും .തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ വൈദ്യുതി നിരക്കുകള്‍ പുതുക്കുമെന്നാണ് സൂചന .
വൈദ്യുതി ബോർഡ് ഓരോ വർഷവും പ്രതീക്ഷിക്കുന്ന വരവുചെലവു കണക്കുകൾ വിലയിരുത്തിയ ശേഷം കമ്മി നികത്തുന്ന വിധത്തിലാണു സംസ്ഥാനത്തു വൈദ്യുതി നിരക്ക് പുതുക്കി നിശ്ചയിക്കുന്നത്. പതിവിനു വിരുദ്ധമായി മൂന്നു വർഷത്തെ വരവുചെലവു കണക്ക് റഗുലേറ്ററി കമ്മിഷൻ അംഗീകരിച്ചു നൽകിയിട്ടുണ്ട്. ഇതനുസരിച്ച് 2019–20, 2020–21, 2021–22 വർഷത്തെ വരവു ചെലവു കണക്കുകൾ അംഗീകരിച്ചു.
2019–20 വർഷത്തെ വരവു ചെലവു കണക്കിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം വൈദ്യുതി നിരക്കു പുതുക്കി നിശ്ചയിച്ചിരുന്നു. വർധിപ്പിച്ച നിരക്കിനു കഴിഞ്ഞ മാർച്ച് 31 വരെയായിരുന്നു പ്രാബല്യം. എന്നാൽ കൊറോണ സാഹചര്യത്തിൽ ഈ നിരക്കുകൾക്ക് അടുത്ത വർഷം മാർച്ച് 31 വരെ പ്രാബല്യം നൽകി റഗുലേറ്ററി കമ്മിഷൻ ഉത്തരവിറക്കി. സ്വാഭാവികമായും അടുത്ത മാർച്ചിനു ശേഷം നിരക്കു പുതുക്കി നിശ്ചയിക്കേണ്ടി വരും.
Post Your Comments