സന്നിധാനം : ശബരിമലയില്‍ ഇതുവരെ 157പേര്‍ക്കാണ് കോവിഡ് രോഗബാധ കണ്ടെത്തിയത്. ഇതില്‍ 143പേരും വിവിധവകുപ്പുകളിലുള്ള ജീവനക്കാരാണ്. 51 ദേവസ്വം ജീവനക്കാര്‍ക്കും 47 പോലീസ് ഉദ്യോഗസ്ഥര്‍ക്കും രോഗം പിടിപെട്ടു.
നിലയ്ക്കലില്‍ അടക്കം ജോലിക്കെത്തിയ കെസ്‌ആര്‍ടിസി, കെഎസ്‌ഇബി, വാട്ടര്‍ അതോറിറ്റി ജീവനക്കാരിലും കൊറോണ രോഗികള്‍ ഉണ്ട്. ഇന്നലെ മാത്രം 17 പേര്‍ക്ക് പരിശോധനയില്‍ രോഗബാധ കണ്ടെത്തി. ദേവസ്വം വഴിപാട് കൗണ്ടറുകളിലും ഭക്ഷണശാലകളിലും ജോലിചെയ്യുന്നവരിലും രോഗബാധിതര്‍ ഉണ്ടായിരുന്നു.
ശബരിമല സന്നിധാനത്തും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന മുഴുവന്‍ ആളുകളും 14 ദിവസത്തിലൊരിക്കല്‍ നിര്‍ബന്ധമായും ആന്റിജന്‍ പരിശോധന നടത്തണമെന്ന് സന്നിധാനം എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റ് സി.പി. സത്യപാലന്‍ നായര്‍ അറിയിച്ചു.
സന്നിധാനത്തെയും പരിസരത്തെയും കടകളിലും മറ്റിടങ്ങളിലും കൊവിഡ് പരിശോധന നടത്തണമെന്ന് നിര്‍ദേശിച്ച് നോട്ടീസ് നല്‍കി. നോട്ടീസ് ലഭിച്ച് രണ്ടു ദിവസത്തിനകം എല്ലാ ജീവനക്കാരും പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് സൂക്ഷിക്കണം. സ്ഥാപനങ്ങളിലെ പരിശോധന സമയത്ത് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
14 ദിവസം പ്രാബല്യമുള്ള കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശമില്ലാത്ത സ്ഥാപനങ്ങളിലെ ജീവനക്കാരടക്കമുള്ള ആരെയും സന്നിധാനത്തും പരിസര പ്രദേശങ്ങളിലും യാതൊരു കാരണവശാലും തുടരാന്‍ അനുവദിക്കില്ല. നിര്‍ദേശം പാലിക്കാത്തവരെ നിര്‍ബന്ധമായും തിരിച്ചയക്കുന്നതാണെന്നും എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റ് അറിയിച്ചു.
Post Your Comments