ന്യൂഡൽഹി: കേന്ദ്ര സർക്കാർ പുതുതായി അവതരിപ്പിച്ച തൊഴിൽ പദ്ധതി ആത്മനിർഭർ ഭാരത് റോസ്ഗാർ യോജനയ്ക്കായി 22,810 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ. തൊഴിൽ പദ്ധതിയിൽ സബ്‌സിഡി നൽകാനാണ് കേന്ദ്രം തുക അനുവദിച്ചത്. ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം പദ്ധതി വിഹിതത്തിന് അംഗീകാരം നൽകിയെന്ന് തൊഴിൽമന്ത്രി സന്തോഷ് ഗംഗ്‌വാർ അറിയിച്ചു.
ഇപിഎഫ്ഒയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനങ്ങളിൽ പുതുതായി ജോലി നൽകുന്നവരുടെ ഇപിഎഫ് വിഹിതം രണ്ടു വർഷം സർക്കാർ വഹിക്കുന്നതാണ് പദ്ധതി. 2020 ഒക്ടോബർ ഒന്ന് മുതൽ 2021 ജൂൺ 30 വരെയുള്ള നിയമനങ്ങളാണ് ഇതിനായി പരിഗണിക്കുക.
കൊറോണ വൈറസ് വ്യാപന സമയത്ത് 2020 മാർച്ച് ഒന്നിന് ശേഷം ജോലി നഷ്ടപ്പെട്ടവരെ തിരികെ എടുത്താലും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. കൊറോണ വൈറസ് വ്യാപനത്തെ തുടർന്നുള്ള പ്രതിസന്ധി പരിഹരിക്കുന്നതിനായാണ് കേന്ദ്ര സർക്കാർ റോസ്ഗാർ യോജന പദ്ധതി ആവിഷ്‌ക്കരിച്ചത്.
Post Your Comments