കൊച്ചി: കുരുക്കിൽ നിന്ന് കുരുക്കിലേയ്ക്ക് പിണറായി സർക്കാർ. സ്വര്‍ണക്കടത്തു കേസിലെ പ്രതികള്‍ സ്വപ്‌ന സുരേഷും പി.എസ്. സരിത്തും നല്‍കിയ രഹസ്യമൊഴികളില്‍ ആറ് പ്രമുഖര്‍. മൊഴിയുടെ പകര്‍പ്പ് മജിസ്‌ട്രേറ്റ് കോടതിയില്‍നിന്ന് കസ്റ്റംസ് ശേഖരിക്കുന്നതോടെ ഈ പ്രമുഖരുടെ പങ്കു സംബന്ധിച്ച അന്വേഷണം തുടങ്ങും. അതിനിടെ, യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട ‘റിവേഴ്‌സ് ഹവാല’ ഇടപാടില്‍ യുഎഇയിലും അന്വേഷണത്തിന് അന്വേഷണ ഏജന്‍സികള്‍ നടപടി തുടങ്ങി. ഇതിന് വിദേശ യാത്രയ്ക്ക് മന്ത്രാലയങ്ങളുടെ അനുമതി തേടി. എന്നാൽ സ്വപ്‌ന സുരേഷും സരിത്തും രഹസ്യമായി കോടതിയോട് സംസാരിക്കണമെന്നാവശ്യപ്പെട്ടിരുന്നു. കസ്റ്റംസിന് ഇക്കാര്യത്തില്‍ താല്‍പര്യമായിരുന്നു. പ്രതികള്‍ കസ്റ്റഡിയില്‍ നല്‍കുന്ന മൊഴികള്‍ എന്നതിനെക്കാള്‍ മജിസ്‌ട്രേറ്റിന് 164 ചട്ട പ്രകാരം നല്‍കുന്ന മൊഴിയെന്ന നിയമ സാധുത അന്വേഷണ ഏജന്‍സിക്കും ഇഷ്ടമായി. തുടര്‍ന്നായിരുന്നു മൊഴി രേഖപ്പെടുത്തല്‍. ഹൈക്കോടതിയില്‍ ഇന്ന് ശിവശങ്കറിന്റെ ഹര്‍ജി വാദം കേള്‍ക്കും.
സ്വപ്‌നയ്ക്കും സരിത്തിനും പിന്നില്‍, രഹസ്യമൊഴി നല്‍കലിന് ചില തല്‍പ്പര കക്ഷികളുടെ ആസൂത്രണമുണ്ടായിരുന്നു. എന്നാല്‍ മൂന്നു ദിവസത്തെ മൊഴി രേഖപ്പെടുത്തല്‍, ആസൂത്രകരുടെ കണക്കുകൂട്ടല്‍ തെറ്റിച്ചിട്ടുണ്ട്. സ്വപ്‌നയും സരിത്തും നല്‍കിയ മൊഴികളിലെ പൊതുവായ വിവരങ്ങള്‍ കേസില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ഏറെ ഗുണകരമായേക്കുമെന്നാണ് ഏജന്‍സികളുടെ വിശ്വാസം. വിവിധ ഏജന്‍സികള്‍ക്ക് നല്‍കിയ മൊഴികളില്‍ ആറു പ്രമുഖരുടെ പങ്കും സഹായങ്ങളും സ്വപ്‌നയും സരിത്തും പറഞ്ഞിട്ടുണ്ട്. എം. ശിവശങ്കറിന്റെ ഇടപാടുകളിലെ പങ്കാളിത്തവും സഹായവും സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ നിര്‍ണായകമാണ്. സര്‍ക്കാരിലും മന്ത്രിസഭയിലും മുഖ്യമന്ത്രിയുടെ ഓഫീസിലുമുള്ള ആറു പേരുടെ പങ്ക് ഏജന്‍സിക്ക് മൊഴികളില്‍നിന്ന് വ്യക്തമായിട്ടുണ്ട്. അവയുടെ ശരിവയ്ക്കലോ നിരാകരിക്കലോ ആണ് അന്വേഷണ ഏജന്‍സിയുടെ അടുത്ത ചുമതല.
Read Also: കേരളത്തിലോ കേന്ദ്രത്തിലോ സിപിഎമ്മിന് ഭാവിയുണ്ടോ?
സ്വപ്‌നയുടെയും സരിത്തിന്റെയും 164 മൊഴികളുമായി വിശകലനം ചെയ്തുവേണം അന്വേഷണം തുടരാന്‍.ഭരണഘടനാ പദവിയിലുള്ള ഒരാള്‍ക്ക് സ്വര്‍ണക്കടത്ത്-കറന്‍സിക്കടത്ത് ഇടപാടില്‍ ബന്ധമുള്ളതായി സ്വപ്‌നയുടെ മൊഴിയില്‍ പറയുന്നതായി പ്രചാരണമുണ്ട്. സ്വപ്‌നയും ചില പ്രമുഖരും ഉള്‍പ്പെടുന്ന, അവര്‍ അടുത്തിടപഴകുന്ന ദൃശ്യങ്ങള്‍ സ്വര്‍ണക്കടത്ത് വാര്‍ത്തകള്‍ പുറത്തുവന്ന കാലത്ത് പ്രചരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറും സ്വപ്‌നയും തമ്മിലുള്ള സൗഹാര്‍ദം സംബന്ധിച്ച വാര്‍ത്തകള്‍ക്കു പുറകേ മുഖ്യമന്ത്രിയും സ്വപ്‌നയും യുഎഇ കോണ്‍സല്‍ ജനറലും മാത്രം പങ്കെടുത്ത മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നടന്ന കൂടിക്കാഴ്ചകളെക്കുറിച്ചും വാര്‍ത്ത വന്നിരുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ യുഎഇ കോണ്‍സുലേറ്റ് സന്ദര്‍ശിച്ചതും മന്ത്രി കെ.ടി. ജലീല്‍ കോണ്‍സുലേറ്റിന്റെ ഈന്തപ്പഴവും ദുരിതാശ്വാസക്കിറ്റും വിതരണം ചെയ്തതും ഖുറാന്‍ വരുത്തി വിതരണം ചെയ്തതും വാര്‍ത്തകളായി പ്രചരിച്ചു.
ജലീലിനെ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. ഇവരുടെയെല്ലാം പങ്ക് സ്വപ്‌ന ഏജന്‍സികളോട് മൊഴിയില്‍ പറഞ്ഞിട്ടുള്ളതാണ്. രഹസ്യമൊഴികളില്‍ സരിത്തും ഇക്കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടാവുമെന്നാണ് അന്വേഷണ ഏജന്‍സികള്‍ പ്രതീക്ഷിക്കുന്നത്.
Post Your Comments