KeralaLatest NewsIndia

ഭരണഘടനാ പദവിയുള്ള ഉന്നത നേതാവിന്റെ വിദേശ യാത്രകള്‍ കേന്ദ്രീകരിച്ച് കേന്ദ്ര ഏജന്‍സികള്‍ : അറസ്റ്റ് ഉടനെന്ന് സൂചന

ദുബായില്‍ സര്‍വ്വകലാശാലയുടെ ശാഖ തുടങ്ങാന്‍ ഇടത് നേതാവ് ശ്രമം നടത്തിയതായി സ്വപ്ന സുരേഷ് കസ്റ്റംസിനോട് പറഞ്ഞു.

തിരുവനന്തപുരം: രാഷ്ട്രീയ, സിനിമ, ഉദ്യോഗസ്ഥ പ്രമുഖരുടെ കള്ളപ്പണം ഡോളറാക്കി വിദേശത്തേക്ക് കടത്തിയെന്ന് സംശയിക്കുന്ന ഭരണഘടനാ പദവിയുള്ള ഉന്നത നേതാവിന്റെ ഇരുപതിലേറെ വിദേശ യാത്രകള്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നു. ഈ യാത്രകളില്‍ ഭൂരിഭാഗവും യു. എ. ഇയിലേക്കായിരുന്നു. നാല് യാത്രകളില്‍ സ്വ‌ര്‍ണക്കടത്തു കേസ് പ്രതി സ്വപ്നയും ഒപ്പമുണ്ടായിരുന്നു. പ്രത്യേക പരിരക്ഷയുള്ള ഇദ്ദേഹത്തിന്റെ ലഗേജുകള്‍ വിമാനത്താവളത്തില്‍ ഗ്രീന്‍ചാനലിലൂടെ,​ പരിശോധനയില്ലാതെ വിമാനത്തിലേക്ക് കയറ്റും.

യു.എ.യിലും ഇതേ സൗകര്യം ഉപയോഗിച്ച്‌ പരിശോധയില്ലാതെ ബാഗുകള്‍ പുറത്തെത്തിക്കും. സംസ്ഥാനത്ത് ഈ പരിരക്ഷയുള്ള ചുരുക്കം നേതാക്കളേയുള്ളൂ. ഈ സൗകര്യം ഉപയോഗിച്ച്‌ ഡോളര്‍ കടത്തിയെന്നാണ് സംശയം. കസ്റ്റംസ് മുദ്രവച്ച കവറില്‍ കോടതിയില്‍ നല്‍കിയ മൊഴിയിലുള്ള വമ്ബന്‍ സ്രാവുകളിലൊരാള്‍ ഈ ഉന്നതനാണ്.പലവട്ടം ചോദ്യം ചെയ്തിട്ടും ഈ ഉന്നതന്റെ വിവരങ്ങള്‍ സ്വപ്ന വെളിപ്പെടുത്തിയിരുന്നില്ല. സ്വപ്ന മായ്ചുകളഞ്ഞ വാട്സാപ് സന്ദേശങ്ങള്‍ സി-ഡാക്കില്‍ വീണ്ടെടുത്തപ്പോഴാണ് ഉന്നതന്റെ പങ്ക് കണ്ടെത്തിയത്.

ഈ നേതാവുമായുള്ള ഉറ്റബന്ധം ഉപയോഗിച്ചാണ് ഡോളര്‍ കടത്തിയതെന്നാണ് സ്വപ്ന പിന്നീടുള്ള ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയത്. അതേസമയം സ്വപ്നയുടെയും സരിത്തിന്റെയും മൊഴികൾ ഞെട്ടിക്കുന്നതാണ്. അഴിമതിയിലൂടെ ലഭിച്ച പണമാണ് ഇത്തരത്തില്‍ കടത്തിയതെന്നും പ്രതികള്‍ നല്‍കിയ മൊഴിയിലുണ്ട്. സംസ്ഥാനത്തെ വിവിധ ഐടി പദ്ധതികളുടെ കമ്മീഷന്‍ വഴി ലഭിച്ച പണമാണ് ഇത്തരത്തില്‍ വിദേശത്ത് നിക്ഷേപിച്ചത്. ദുബായില്‍ സര്‍വ്വകലാശാലയുടെ ശാഖ തുടങ്ങാന്‍ ഇടത് നേതാവ് ശ്രമം നടത്തിയതായി സ്വപ്ന സുരേഷ് കസ്റ്റംസിനോട് പറഞ്ഞു. ഇതിനുവേണ്ടിയാണ് പണം ഡോളറായി കടത്തിയത്.

കോണ്‍സല്‍ ജനറല്‍ വഴിയാണ് ഇതിനുള്ള പണം എത്തിച്ചതെന്നും സ്വപ്ന പറഞ്ഞു. ഡോളറാക്കിയ പണത്തിന്റെ സാമ്ബത്തിക ഉറവിടത്തെക്കുറിച്ച്‌ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് പ്രതികളുടെ സുപ്രധാന വെളിപ്പെടുത്തല്‍.സ്വപ്‌ന സുരേഷ് ഭരണഘടനാ പദവിയിലുള്ള ഒരു ഉന്നതനൊപ്പം നടത്തിയ യാത്രകളും വിവാദമാകുകയാണ്. ഇദ്ദേഹത്തിന് സ്വപ്‌ന പല ഉപഹാരങ്ങളും നല്‍കിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ ഉന്നതന്റെ ഓഫീസിലേക്ക് ഒരു പൊതിയുമായി സ്വപ്‌ന കയറിപ്പോയതിനു സാക്ഷികളടക്കമുണ്ട്.

സ്വപ്‌നയും ഈ ഉന്നതനും തമ്മിലുള്ള വാട്ടസ്‌ആപ്പ് ചാറ്റുകളുടെയും ചെലഗ്രാം ചാറ്റുകളുടെയും വിശദാംശങ്ങള്‍ കസ്റ്റംസും ഇഡിയും ശേഖരിച്ചിരുന്നു. രണ്ടു വര്‍ഷത്തെ ഈ ചാറ്റില്‍ സ്വപ്‌നയുടെ പല ദുരൂഹ ഇടപാടുകളുടെയും പരാമര്‍ശമുണ്ട്. ഇദ്ദേഹത്തിന്റെ വിദേശത്തുള്ള ബന്ധുക്കളിലേക്കും അന്വേഷണം നീളും. ഈ ഭരണഘടനാ പദവിയുള്ള ഉന്നതന്റെ വിദേശയാത്രകളെ കുറിച്ച്‌ ഇഡി നേരത്തെ അന്വേഷിച്ചിരുന്നു. രഹസ്യമൊഴിയുടെ പകര്‍പ്പ് ലഭിച്ചാലുടന്‍ ഇദ്ദേഹത്തെ ചോദ്യം ചെയ്യാനുള്ള നടപടി ഇഡി ആരംഭിക്കും.

ഉന്നതനെ ചോദ്യംചെയ്യാനും പ്രതിയാക്കാനും കസ്റ്റംസിനും ഇ.ഡിക്കും നിയമതടസമില്ലെന്ന് നിയമവിദഗ്ദ്ധര്‍ പറയുന്നു. ഭരണഘടനാപരമായി ചില പരിരക്ഷകളുണ്ടെങ്കിലും ക്രിമിനല്‍ കേസുകളില്‍ ഇത് ബാധകമല്ല. വടക്കുകിഴക്കന്‍ സംസ്ഥാനത്ത് ഇതേ പദവിയിലിരുന്നയാള്‍ക്കതിരെ കോടതിയലക്ഷ്യ കേസില്‍ സുപ്രീംകോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button