പാമ്പുകൾക്ക് മാത്രമായി ഒരു വീട്. അറിയാതെങ്ങാനും അകപ്പെട്ടാൽ മരണമുറപ്പ്. ഉഗ്രവിഷമുള്ള അണലികളും മൂർഖൻ പാമ്പുകളും കൂറ്റൻ പെരുമ്പാമ്പുകളുമാണ് ഈ വീട്ടിലെ അന്തേവാസികൾ. മ്യാന്മാറിലെ യങ്കോണിലുള്ള സെകീറ്റ തുകാഹ ടെറ്റോ എന്ന സന്യാസി മഠത്തിലാണ് പാമ്പുകൾ വസിക്കുന്നത്. ബുദ്ധ സന്യാസിയായ വിലാത്തയാണ് വിഷ സർപ്പങ്ങൾക്കായി അഭയകേന്ദ്രം ഒരുക്കിയിരിക്കുന്നത്.
മ്യാന്മാറിലെ കരിഞ്ചന്തകളിൽ വിൽപ്പനയ്ക്കായി എത്തുന്ന പാമ്പുകളെ രക്ഷപ്പെടുത്തി പാർപ്പിച്ച് വരികയാണ് ഇദ്ദേഹം. അഞ്ച് വർഷം മുമ്പാണ് വിലാത്ത പാമ്പുകൾക്കായി അഭയകേന്ദ്രം ഒരുക്കുന്നത്. പ്രദേശവാസികളുടെയും സർക്കാരിന്റെയും പൂർണമായ സഹകരണം വിലാത്തയ്ക്കുണ്ട്. ഇദ്ദേഹം തന്നെയാണ് പാമ്പുകളുടെ പാർപ്പിടത്തിന്റെ നടത്തിപ്പുകാരനും. പാമ്പുകളുടെ ആഹാരത്തിനും മറ്റുമായി ഒരു മാസം 22,000 രൂപയോളം ചെലവുവരും. നാറ്റുകാരും ഇദ്ദേഹത്തിന് സാമ്പത്തിക സഹായം നൽകാറുണ്ട്.
പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്താനാണ് താൻ ഇത്തരത്തിൽ ഒരു ദൗത്യം ഏറ്റെടുത്തതെന്ന് വിലാത്ത പറയുന്നു. ഇവിടങ്ങളിൽ എത്തുന്ന പാമ്പുകൾ ആരോഗ്യം വീണ്ടെടുക്കുമ്പോൾ അവരെ കാട്ടിലേക്ക് തുറന്നു വിടും. സ്വാതന്ത്ര്യത്തിലേത്ത് അവ ഇഴഞ്ഞു നീങ്ങുന്നത് കാണുന്നതാണ് തന്റെ സന്തോഷമെന്ന് വിലാത്ത പറയുന്നു. ഒരു നിശ്ചിത സമയത്തിനുള്ളിൽ പാമ്പുകളെ വനങ്ങളിലേക്ക് തുറന്നു വിടേണ്ടത് ആവശ്യമാണ്.
Post Your Comments