
തിരുവനന്തപുരം : രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി ക്യാമ്പസിന് ആര്‍എസ്എസ് നേതാവായിരുന്ന എംഎസ് ഗോള്‍വാള്‍ക്കറുടെ പേര് നല്‍കുന്നതിനെ എതിര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗോൾവാൾക്കറുടെ പേരിടാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ഈ ഗവേഷണ സ്ഥാപനത്തിന് വിഖ്യാത ഇന്ത്യൻ ശാസ്ത്രജ്ഞൻ്റെ പേരിടണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ- ശാസ്ത്ര- സാങ്കേതിക മന്ത്രി ഹര്‍ഷ് വര്‍ധന് മുഖ്യമന്ത്രി കത്തെഴുതി. .
ഗവേഷണ കേന്ദ്രത്തിന്റെ പേര് മാറ്റുന്ന കാര്യം പരിഗണിക്കപ്പെടുന്നുവെന്നത് മാധ്യമങ്ങളിൽ നിന്നുമാണ് താൻ അറിഞ്ഞതെന്നും രാജ്യത്തെ പരമപ്രധാനമായ ഗവേഷണ സ്ഥാപനങ്ങളിൽ ഒന്നായ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി രാഷ്ട്രീയപരമായ ഭിന്നതകൾക്ക് അതീതമാണെന്നും അദ്ദേഹം തന്റെ കത്തിലൂടെ ചൂണ്ടിക്കാണിക്കുന്നു.
ആർ.ജി.സി.ബി ആദ്യം സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലായിരുന്നുവെന്നും അത് കേന്ദ്ര സർക്കാരിന് കൈമാറിയത് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യം വച്ചുകൊണ്ടാണെന്നും അദ്ദേഹം തന്റെ കത്തിൽ വിശദീകരിക്കുന്നു.ഇക്കാര്യം കണക്കിലെടുത്തുകൊണ്ട്, ഗോൾവാൾക്കറുടെ പേര് നൽകുന്നതിന് പകരം അന്താരാഷ്ട്ര തലത്തിൽ അംഗീകാരം നേടിയ ഏതെങ്കിലും ഇന്ത്യൻ ശാസ്ത്രഞ്ജന്റെ പേര് നൽകികൊണ്ട് ഗവേഷണ കേന്ദ്രത്തെ പുനർനാമകരണം ചെയ്യേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇങ്ങനെ ചെയ്യുന്നത് ഗവേഷണ കേന്ദ്രത്തിന്റെ കീർത്തി നിലനിർത്താൻ സഹായിക്കുമെന്നും അനാവശ്യ വിവാദങ്ങൾ ഉണ്ടാകുന്നത് തടയുമെന്നും മുഖ്യമന്ത്രി കത്തിലൂടെ പറഞ്ഞു.
Post Your Comments