കൊല്ലം : ഉത്ര വധക്കേസിലെ പ്രതി സൂരജിനെക്കുറിച്ച് പാമ്പു പിടുത്തക്കാരന്റെ നിര്‍ണായക സാക്ഷിമൊഴി പുറത്ത് വന്നു. മാനസികവളര്‍ച്ചയില്ലാത്ത ഭാര്യയുമായി ജീവിക്കാന്‍ വയ്യാത്തതു കൊണ്ട് താന്‍ തന്നെ ഉത്രയെ കൊലപ്പെടുത്തിയതാണെന്ന് സൂരജ് പറഞ്ഞതായാണ് പാമ്പുപിടിത്തക്കാരന്‍ ചാവരുകാവ് സുരേഷ് കൊല്ലം ആറാം നമ്പര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിചാരണയില്‍ വെളിപ്പെടുത്തിയത്. ഉത്രവധക്കേസില്‍ മാപ്പുസാക്ഷിയാണ് സുരേഷ്.
ഉത്രയെ കൊലപ്പെടുത്താനായി ബോധപൂര്‍വമായ ശ്രമമാണ് സൂരജില്‍ നിന്നുണ്ടായതെന്നും ഇതിനായാണ് തന്നെ പരിചയപ്പെട്ടതെന്നും തനിക്ക് ഈ കാര്യങ്ങള്‍ അറിവില്ലായിരുന്നെന്നും സുരേഷ് പറഞ്ഞു. മൂര്‍ഖനെ കൊടുത്ത പ്ലാസ്റ്റിക് ജാറും പ്രതിയുടെ ബാഗും തന്റെ ഫോണുകളും സുരേഷ് തിരിച്ചറിഞ്ഞു. കോടതിയിലും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്കും നല്‍കിയ മൊഴികളും വിവരിച്ചു.
2020 ഫെബ്രുവരി 12-നാണ് സൂരജ് തന്നെ ആദ്യമായി വിളിച്ചു പരിചയപ്പെട്ടത്. പിന്നീട് ചാത്തന്നൂരില്‍ നേരിട്ടുകണ്ടു. വീട്ടില്‍ ബോധവത്കരണ ക്ലാസ് എടുക്കണമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഫെബ്രുവരി 26-ന് വെളുപ്പിന് പ്രതിയുടെ അടൂരിലെ വീട്ടില്‍ ചെന്നത്. അന്ന് തന്റെ കൈയിലുണ്ടായിരുന്ന അണലിയെ സൂരജ് പതിനായിരം രൂപയ്ക്ക് വാങ്ങിയെന്നും വീട്ടു പരിസരത്തും പാമ്പുകളുണ്ടോയെന്ന് പരിശോധിക്കാനും ആവശ്യപ്പെട്ടെന്നും സുരേഷ് പറഞ്ഞു.
ബോധവത്കരണത്തിനായി കൊണ്ടുപോയ കാട്ടുചേരയെ സൂരജ് അനായാസേന കൈകാര്യം ചെയ്തു. മാര്‍ച്ച് 21-ന് സൂരജ് വീണ്ടും വിളിച്ച് അണലി പ്രസവിച്ചെന്നും അതിന്റെ കുഞ്ഞിനെ തിന്നാന്‍ ഒരു മൂര്‍ഖനെ വേണമെന്നും ആവശ്യപ്പെട്ടു. പണത്തിന് ആവശ്യമുള്ളതിനാല്‍ താന്‍ 7,000 രൂപ വാങ്ങി മൂര്‍ഖനെ കൊടുത്തു. അതിനു ശേഷം പ്രതി ബന്ധപ്പെട്ടിട്ടില്ലെന്നും സുരേഷ് പറയുന്നു.
ഉത്രയുടെ മരണവാര്‍ത്ത പത്രത്തില്‍ വായിച്ചാണ് അറിഞ്ഞതെന്നും തുടര്‍ന്ന് സൂരജിനെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ലെന്നും പിറ്റേന്ന് മറ്റൊരു നമ്പറില്‍ നിന്ന് സൂരജ് വിളിച്ച് ഭാര്യ മരിച്ച വിവരം പറഞ്ഞുവെന്നും സുരേഷ് വ്യക്തമാക്കി. എന്തിനാണ് മിണ്ടാപ്രാണിയെ ഉപയോഗിച്ച് ഈ മഹാപാപം ചെയ്തതെന്ന് തിരിച്ചു ചോദിച്ചപ്പോഴാണ് സൂരജ് കുറ്റംസമ്മതിച്ചത്. ഇക്കാര്യം ആരോടും പറയരുതെന്നും ഇതൊരു സര്‍പ്പദോഷമായി എല്ലാവരും കരുതുമെന്നും സൂരജ് പറഞ്ഞു. സൂരജ് കുടുങ്ങിയാല്‍ താനും കേസില്‍ പ്രതിയാകുമെന്നും പറഞ്ഞു. ഈ വിവരം പോലീസിനെ അറിയിക്കാമെന്ന് മകള്‍ പറഞ്ഞിരുന്നു. അപ്പോഴത്തെ മാനസികാവസ്ഥയില്‍ അതിനു കഴിഞ്ഞില്ല. പിന്നീടാണ് പോലീസ് തന്നെ അറസ്റ്റ് ചെയ്തതെന്നും സുരേഷ് പറഞ്ഞു. സാക്ഷിയുടെ വിസ്താരം ബുധനാഴ്ച തുടരും.
Post Your Comments