മുംബൈ : മുസ്ലിം പള്ളികളിൽ ലൗഡ് സ്പീക്കറിൽ ബാങ്ക് കൊടുക്കുന്നത് നിരോധിക്കണമെന്ന ആവശ്യവുമായി ശിവസേന. പാർട്ടി മുഖപത്രമായ ‘സാമ്ന’യിലെ മുഖപ്രസംഗത്തിലാണ് കേന്ദ്ര സർക്കാരിനോട് ശിവസേന ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
മുസ്ലിം പള്ളികളിലെ ലൗഡ് സ്പീക്കറുകൾ ശബ്ദമലിനീകരണം ഉണ്ടാക്കുന്നെന്നും പരിസ്ഥിതിക്ക് ഹാനികരമാണെന്നും മുഖപ്രസംഗത്തിൽ ‘സാമ്ന’ പറയുന്നു. ശബ്ദ മലിനീകരണം നിയന്ത്രിക്കുന്നതിനായി മുസ്ലിം പള്ളികളിൽ ലൗഡ് സ്പീക്കർ നിരോധിച്ചു കൊണ്ട് കേന്ദ്രസർക്കാർ ഓർഡിനൻസ് പുറപ്പെടുവിക്കണമെന്നും സാമ്ന ആവശ്യപ്പെടുന്നു.
മുസ്ലീം കുട്ടികൾക്കായി ‘ആസാൻ’ പാരായണ മത്സരം നടത്തണമെന്ന് ശിവസേനയുടെ മുംബൈ-സൗത്ത് വിഭാഗ് പ്രമുഖ് പാണ്ഡുരംഗ് സക്പാൽ കഴിഞ്ഞദിവസം നിർദ്ദേശിച്ചിരുന്നു. എന്നാൽ സക്പാലിനെതിരെ ബി ജെ പി രംഗത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇത്തരത്തിലുള്ള അഭിപ്രായ പ്രകടനവുമായി സാമ്ന രംഗത്തെത്തിയിരിക്കുന്നത്.
സേനാ നേതാവ് ആസാനെ പ്രശംസിച്ചതിന് എതിരെയുള്ള ബിജെപിയുടെ വിമർശനം ഡൽഹി അതിർത്തികളിൽ പ്രക്ഷോഭം നടത്തുന്ന കർഷകരെ പാകിസ്ഥാൻ തീവ്രവാദികൾ എന്ന് വിശേഷിപ്പിക്കുന്നതിന് സമാനമാണെന്നും സാമ്ന എഡിറ്റോറിയൽ പറഞ്ഞു. പ്രക്ഷോഭം നടത്തുന്ന കർഷകരിൽ ഭൂരിഭാഗവും മുൻ സൈനികരോ അല്ലെങ്കിൽ അവരുടെ കുട്ടികൾ ഇപ്പോൾ രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കുന്നവരോ ആണെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
Post Your Comments