ന്യൂഡൽഹി : രാജ്യത്തെ ഏറ്റവും വലിയ ഫിലിം സിറ്റി ഉത്തർപ്രദേശിൽ സ്ഥാപിക്കുന്നതിനായുള്ള നടപടികൾ വേഗത്തിലാക്കി യോഗി സർക്കാർ. ഇതിനായി ബോളിവുഡ് താരം അക്ഷയ് കുമാറുമായി കൂടിക്കാഴ്ച്ച നടത്താനൊരുങ്ങിരിക്കുകയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബോളിവുഡ് താരങ്ങളുമായും നിക്ഷേപകരുമായും അദ്ദേഹം ചർച്ച നടത്തും.
ഇന്ന് വൈകുന്നേരം മുംബൈ വിമാനത്താവളത്തിലെത്തുന്ന യോഗി ആദിത്യനാഥ് അവിടെ നിന്നും ഒബ്രോയ് ഹോട്ടലിലേക്ക് പോകും. അവിടെ അക്ഷയ് കുമാറിനൊപ്പം അദ്ദേഹം അത്താഴ വിരുന്നിൽ പങ്കെടുക്കും. തുടർന്ന് ഫിലിം സിറ്റി സ്ഥാപിക്കുന്നതിനെ കുറിച്ചുള്ള കാര്യങ്ങലും ചർച്ച ചെയ്യും. രണ്ടാം ദിവസം യോഗി ആദിത്യനാഥ് ബോംബൈ സ്റ്റോക്ക് എക്സ്ചേഞ്ച് സന്ദർശിക്കും. ലക്നൗ മുൻസിപ്പൽ കോർപ്പറേഷൻ ബോണ്ടുകളുടെ ലിസ്റ്റിംഗിനായാണ് അദ്ദേഹം സ്റ്റോക്ക് എക്സ്ചേഞ്ചിലെത്തുന്നത്.
പിന്നീട് ഫിലിംസിറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം നിക്ഷേപകരെ കാണും. തുടർന്ന് ബുധനാഴ്ച്ച വൈകുന്നേരത്തോടെ അദ്ദേഹം ലക്നൗവിലേക്ക് തിരിച്ചു പോകും. ഇക്കഴിഞ്ഞ സെപ്തംബർ 19 നാണ് ഉത്തർപ്രദേശിൽ ഫിലിംസിറ്റി നിർമ്മിക്കുന്ന വിവരം യോഗി സർക്കാർ പ്രഖ്യാപിച്ചത്. രാജ്യത്തെ ഏറ്റവും വലിയ ഫിലിംസിറ്റി ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ നഗറിലാണ് സ്ഥാപിക്കുന്നത്.
Post Your Comments