കോഴിക്കോട്: സംസ്ഥാനത്തെ പൊതുമരാമത്ത് ജോലികളുടെ പേരില്‍ പലപ്പോഴും വിവാദത്തില്‍ പെട്ട കരാറുകാരായ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി ഓഫീസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തി. വടകര നാദാപുരം റോഡിലെ ഊരാളുങ്കല്‍ ആസ്ഥാനത്താണ് പരിശോധന നടന്നത്. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയുമായുള്ള ബന്ധത്തെ കുറിച്ചുള്ള അന്വേഷണത്തിന്‍റെ ഭാഗമായാണ് ഇ.ഡി വടകരയിലെ ഊരാളുങ്കല്‍ ഹെഡ് ഓഫീസില്‍ എത്തിയതെന്നാണ് വിവരം.
മൂന്നംഗ എന്‍ഫോഴ്‌സ്‌മെന്‍റ് സംഘമാണ് ഊരാളുങ്കല്‍ ആസ്ഥാനത്ത് എത്തിയത്. ഒമ്പത് മണിയോടെ എത്തിയ ഉദ്യോഗസ്ഥര്‍ പതിനൊന്നേ മുക്കാലോടെ മടങ്ങുകയായിരുന്നു. എന്നാല്‍ ഇഡി ഉദ്യോഗസ്ഥര്‍ ഹെഡ് ഓഫീസില്‍ എത്തിയത് ശരിയാണെങ്കിലും റെയ്ഡ് നടത്തിയിട്ടില്ലെന്ന് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി അധികൃതര്‍ അറിയിച്ചു. ചില കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം ഇഡി ഉദ്യോഗസ്ഥര്‍ മടങ്ങിപ്പോയെന്നാണ് അധികൃതരുടെ വാദം.
നേരത്തെ, സ്വര്‍ണക്കടത്ത് കേസില്‍ ഇഡി ഉടന്‍ ചോദ്യം ചെയ്യാനൊരുങ്ങുന്ന മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ വ്യാപക നിക്ഷേപമെന്ന് കണ്ടെത്തിയിരുന്നു. ജില്ലകളിലെ 12 സ്ഥാപനങ്ങളില്‍ രവീന്ദ്രന്‍ ഓഹരി നിക്ഷേപം നടത്തി തെളിവുകള്‍ ഇഡിക്ക് ലഭിച്ചതായാണു റിപ്പോര്‍ട്ട് . രണ്ട് ദിവസങ്ങളിലായി ഇഡി നടത്തിയ പ്രാഥമിക പരിശോധനയിലാണ് രവീന്ദ്രനുമായി ബന്ധപ്പെട്ട ഇടപാടുകള്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.
Post Your Comments