തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദത്തിന്റെ പ്രഭാവം കേരളത്തിലും ഉണ്ടാകാനുള്ള സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നതിനാല്‍ പൊതുജനങ്ങളോട് ജാഗ്രത പാലിക്കാനും സര്‍ക്കാര്‍ സംവിധാനങ്ങളോട് തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി.
Read Also : കൊറോണ വൈറസിനെ കണ്ടെത്താന്‍ വൈദ്യുതി ഉപയോഗിച്ചുള്ള പുതിയ മാര്‍ഗവുമായി ശാസ്ത്രജ്ഞര്‍
ഡിസംബര്‍ ഒന്നു മുതല്‍ കടല്‍ അതിപ്രക്ഷുബ്ധമാകുവാന്‍ സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് നവംബര്‍ 30 അര്‍ധരാത്രിയോടെ പൂര്‍ണമായും നിരോധിച്ചിരിക്കുന്നു. നിലവില്‍ മത്സ്യബന്ധനത്തിന് പോയിട്ടുള്ളവര്‍ നവംബര്‍ 30 അര്‍ധരാത്രിയോടെ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്ത് എത്തേണ്ടതാണ്. ഞായറാഴ്ച കടലില്‍ പോകുന്നവര്‍ തിങ്കളാഴ്ച അര്‍ധരാത്രിയോടെ തീരത്ത് നിര്‍ബന്ധമായും തിരിച്ചെത്തേണ്ടതാണ്.ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറാനുള്ള നേരിയ സാധ്യതയുള്ളതിനാല്‍ ഈ മുന്നറിയിപ്പുകള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്. ഡിസംബര്‍ ഒന്നു മുതല്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നതിന് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നു.
ന്യൂനമര്‍ദത്തിന്റെ സ്വാധീനം കേരളത്തിലും പ്രതീക്ഷിക്കുന്ന സാഹചര്യത്തില്‍ തെക്കന്‍ കേരളത്തില്‍ കനത്ത മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നിലവില്‍ കാലാവസ്ഥ മോഡലുകളുടെ സൂചന അനുസരിച്ച് തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിലാണ് അതീവ ജാഗ്രത ആവശ്യമുള്ളത്. എന്നിരുന്നാലും തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ജാഗ്രത പാലിക്കണമെന്നും ഇനിയുള്ള മുന്നറിയിപ്പുകള്‍ ശ്രദ്ധയോടെ വീക്ഷിക്കണമെന്നും നിര്‍ദേശിക്കുന്നു.
ശക്തമായ കാറ്റിന് സാധ്യത പ്രതീക്ഷിക്കുന്നതിനാല്‍ ശക്തമായ മേല്‍ക്കൂരയില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മുകളില്‍ ഷീറ്റ് പാകിയവരും അവ അടിയന്തരമായി ബലപ്പെടുത്താന്‍ ശ്രമിക്കേണ്ടതാണ്. അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷയെ മുന്‍കരുതി മാറി താമസിക്കാന്‍ തയ്യാറാവേണ്ടതാണ്.
സ്വകാര്യ-പൊതു ഇടങ്ങളില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍/പോസ്റ്റുകള്‍/ബോര്‍ഡുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങള്‍ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകള്‍ 1077 എന്ന നമ്പറില്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തേണ്ടതാണ്.
അതിതീവ്ര മഴ സാധ്യതയും പ്രവചിക്കപ്പെട്ടിരിക്കുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാനും നഗരങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്.
കനത്ത മഴ മലയോര മേഖലയെയും ബാധിച്ചേക്കാം എന്നത് കൊണ്ട് തന്നെ തെക്കന്‍ കേരളത്തിലെ മലയോര മേഖലയിലുള്ളവരും ജാഗ്രത പാലിക്കണം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര കാലവസ്ഥ വകുപ്പും ന്യൂനമര്‍ദത്തിന്റെ വികാസവും സഞ്ചാരപഥവും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. കൂടുതല്‍ വ്യക്തത വരുന്ന മുറക്ക് അപ്ഡേറ്റ് ചെയ്യുന്നതാണ്.
Post Your Comments