ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്സിൻ ലഭ്യമായാലും പ്രതിരോധ മുൻകരുതലുകൾ ദീർഘകാലം തുടരേണ്ടി വരുമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസര്‍ച്ച് (ICMR) ചീഫ് പ്രൊഫസർ ബൽറാം ഭാർഗവ. കോവിഡ് 19ന്‍റെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നിർബന്ധമാക്കിയ മാസ്ക് ഉൾപ്പെടെ സുരക്ഷാ മാനദണ്ഡങ്ങൾ കുറെ കാലം തുടരേണ്ടി വരുമെന്നാണ് അദ്ദേഹം അറിയിച്ചത്. ലക്നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റി സംഘടിപ്പിച്ച ഒരു വെബിനാറിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്‍റെ വാക്കുകൾ.
‘അടുത്ത വർഷം ജൂലൈയ്ക്കുള്ളിൽ മുപ്പത് കോടി ജനങ്ങൾക്ക് വാക്സിൻ ലഭ്യമാക്കാനാണ് നമ്മൾ ലക്ഷ്യം വക്കേണ്ടത്. അതിനു ശേഷം ഭാവിനടപടികൾ തീരുമാനിക്കാം. ഇന്ത്യ ഒരു വാക്സിൻ വികസിപ്പിച്ചെടുക്കും ഇത് രാജ്യത്തിന് വേണ്ടി മാത്രമാകില്ല മറ്റ് വികസ്വര രാഷ്ട്രങ്ങൾക്ക് വേണ്ടി കൂടിയാകും. 24 മാനുഫാക്ചറിംഗ് യൂണിറ്റുകളും 19 കമ്പനികളും കോവിഡ് 19 വാക്സിൻ വികസിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്നുണ്ട്’ ഭാർഗവ വ്യക്തമാക്കി.
എന്നാൽ വാക്സിൻ ലഭ്യതയുടെ കാര്യം പറയുമ്പോഴും മാസ്ക് ഉപയോഗം നിർബന്ധമായും തുടരണമെന്ന കാര്യവും ICMR ചീഫ് ഓർമ്മപ്പെടുത്തുന്നുണ്ട്. മാസ്ക് നിലവിൽ ഒരു വാക്സിന്‍ പോലെ തന്നെയാണ് പ്രവർത്തിക്കുന്നത്. കോവിഡ്19 ൽ നിന്നും മുക്തി നേടിയ ആളുകളിലടക്കം അതൊരു സുരക്ഷ കവചം തന്നെയാണ്. അതുകൊണ്ട് തന്നെ വാക്സിൻ ലഭ്യമായാലും മാസ്കിന്‍റെ ഉപയോഗം തുടരേണ്ടതുണ്ട്.
‘മാസ്ക് ഒരു ഫാബ്രിക് വാക്സിൻ പോലെയാണ്. കോവിഡ് 19 വ്യാപനം നിയന്ത്രിക്കാൻ മാസ്ക് വഹിച്ച പങ്ക് ഒരിക്കലും അവഗണിക്കാനാവില്ല. വാക്സിൻ വികസിപ്പിക്കുന്നതിനായി നമ്മൾ പ്രവർത്തിച്ചു വരികയാണ്. ഇന്ത്യയിൽ അഞ്ച് പേർ വാക്സിൻ പരിശോധനയ്ക്ക് വിധേയരാകുന്നുണ്ട്. ഇതിൽ രണ്ട് വാക്സിൻ തദ്ദേശിയമായി വികസിപ്പിച്ചതാണ്. മൂന്നെണ്ണം വിദേശത്തു നിന്നുള്ളത്. പക്ഷെ കോവിഡ് അവസാനിപ്പിക്കാൻ വാക്സിൻ മാത്രം പര്യാപ്തമല്ല. ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങളും കൃത്യമായി പാലിച്ചെ മതിയാകു’. ‘മാസ്കുകൾ ഒരിക്കലും ഉപേക്ഷിക്കാവുന്നതല്ല. വാക്സിൻ സംരക്ഷണം നൽകുമായിരിക്കും പക്ഷെ മാസ്ക് അല്ലെങ്കിൽ ആ ‘ഫാബ്രിക് വാക്സിൻ’ തുടരേണ്ടതുണ്ട്. ഇതിനൊപ്പം സാമൂഹിക അകലം പാലിക്കൽ ഉൾപ്പെടെയുള്ള നിർദേശങ്ങൾ തുടർന്നു പോകേണ്ടതുണ്ട്’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments