ബെയ്ജിങ് : അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലിരുന്നവരുടെ ശരീരത്തിലെ അവയവങ്ങള്‍ അനധികൃതമായി നീക്കം ചെയ്ത സംഭവത്തില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള മാഫിയാ സംഘം അറസ്റ്റിലായി. ചൈനയിലാണ് സംഭവം. അന്‍ഹ്യു പ്രവിശ്യയിലെ ഹുവൈവാന്‍ കൗണ്ടി പീപ്പിള്‍സ് ആശുപത്രിയില്‍ 2017നും 2018നും ഇടയില്‍ 11 പേരുടെ വൃക്കയും കരളും സമ്മതമില്ലാതെ നീക്കം ചെയ്തിനാണ് അറസ്റ്റ്.
Read Also : ഇറാനില്‍ ഭീകരാക്രമണം, ആണവായുധ പദ്ധതികളുടെ തലവന്‍ മൊഹ്‌സെന്‍ ഫക്രിസാദെ കൊല്ലപ്പെട്ടു
2018ല്‍ ആശുപത്രിയില്‍വച്ചു മരിച്ച ഒരാളുടെ മകന് ഡോക്ടര്‍മാരുടെ നടപടികളില്‍ സംശയം തോന്നിയതിനു പിന്നാലെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനുശേഷം ജൂലൈയിലാണ് ആറ് പേരേ അറസ്റ്റ് ചെയ്തത്. എന്നാല്‍ പരാതിക്കാരന്‍ പ്രാദേശിക മാധ്യമങ്ങളോട് സംസാരിച്ചപ്പോള്‍ ഇപ്പോഴാണ് ഇക്കാര്യം പുറംലോകം അറിയുന്നത്.
കാര്‍ അപകടത്തില്‍ പരുക്കേറ്റ് മസ്തിഷ്‌ക മരണം സംഭവിക്കുന്നവരെയാണ് സംഘം ലക്ഷ്യമിട്ടിരുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിന്റെ മേധാവി യാങ് സുക്‌സുന്‍ പരുക്കേറ്റയാളുടെ ബന്ധുക്കളെ സമീപിച്ച് അവയവാദാനത്തിന് സമ്മതിപ്പിക്കുകയും സമ്മതപത്രം ഒപ്പിടിവിക്കുകയുമായിരുന്നു പതിവ്.
എന്നാല്‍ ഈ സമ്മതപത്രങ്ങള്‍ വ്യാജമായിരുന്നെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. അര്‍ധരാത്രിയില്‍ ആശുപത്രിയുടെ പുറത്തു പാര്‍ക്ക് ചെയ്തിരുന്ന, ആംബുലന്‍സെന്ന് തോന്നിപ്പിക്കുന്ന വാനിനുള്ളില്‍വച്ചായിരുന്നു രോഗികളുടെ അവയവങ്ങള്‍ നീക്കം ചെയ്തിരുന്നത്. ഇവ, മാഫിയ സംഘത്തിന്റെ തന്നെ ഭാഗമായിരുന്ന വ്യക്തികള്‍ക്കും മറ്റ് ആശുപത്രികള്‍ക്കും വില്‍ക്കുകയായിരുന്നു പതിവ്.
2018ല്‍ ഹുവൈവാന്‍ ആശുപത്രിയില്‍വച്ചു മരിച്ച അമ്മയുടെ അവയവദാനത്തിന്റെ രേഖകള്‍ പുനപരിശോധിച്ചപ്പോള്‍ സംശയം തോന്നിയ ഷി ചിയാങ്ലിനാണ് അധികൃതര്‍ക്ക് പരാതി നല്‍കിയത്. രേഖകളിലെ പല ഭാഗങ്ങളും ശൂന്യമായിരുന്നെന്ന് ഷി പറഞ്ഞു. അവയവങ്ങള്‍ ദാനം ചെയ്തവരുടെ പട്ടിക സൂക്ഷിക്കുന്ന രേഖകളില്‍ തന്റെ മാതാവിന്റെ പേരില്ലെന്നും ഷി കണ്ടെത്തി. ഇക്കാര്യങ്ങള്‍ പുറത്തുപറയാതിരിക്കാന്‍ തനിക്ക് വന്‍ തുക വാഗ്ദാനം നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments