![](/wp-content/uploads/2020/11/saritha-v.jpg)
സോളാർ കേസ് അന്വേഷിക്കുന്ന കമ്മീഷൻ തെളിവെടുപ്പ് അവസാനിപ്പിക്കുന്നു. നവംബർ 30ന് ഉമ്മൻ ചാണ്ടിയെ വീണ്ടും വിസ്തരിക്കും. ഇതോടെ റിപ്പോർട്ട് സമർപ്പിക്കുന്നതിലെ അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് കമ്മീഷൻ. സരിത എസ് നായർക്ക് ഇനി അവസരമില്ലെന്നും കമ്മീഷൻ അറിയിച്ചു.
സരിതയോട് ഇന്നലെ ഹാജരാകാൻ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഹാജരാകാത്ത പക്ഷമാണ് സരിതയ്ക്ക് ഇനി ഒരു അവസരമില്ലെന്ന് അന്വേഷണ കമ്മീഷൻ ജസ്റ്റിസ് ജി ശിവരാജൻ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഹാവാല പണം കടത്താൻ ഉപയോഗിച്ചുവെന്ന് തന്നോട് സരിത പറഞ്ഞുവെന്ന് ജോസ് കുറ്റിയാനി വെളിപ്പെടുത്തിയിരുന്നു. ഇതിനെ കുറിച്ച് ചോദിക്കാനാണ് കമ്മീഷൻ സരിതയോട് ഹാജരാകാൻ ആവശ്യപ്പെട്ടത്.
സരിതയ്ക്ക് ചില അസൗകര്യങ്ങൾ ഉണ്ടെന്നും ആയതിനാൽ പിന്നീടോരു ദിവസം ഹാജരാകാൻ അനുവദിക്കണമെന്നുമുള്ള സരിതയുടെ അഭിഭാഷകന്റെ അപേക്ഷ കമ്മീഷൻ തള്ളി. അതേസമയം, ഉമ്മൻ ചാണ്ടിക്കെതിരെ കമ്മീഷനു മൊഴി നൽകിയ ഒക്ടോബർ 13നു രാത്രി തനിക്ക് ഭീഷണി കോളുകൾ വന്നതായി ജോസ് കുറ്റിയാനി കമ്മീഷനെ അറിയിച്ചു.
‘ഉമ്മൻ ചാണ്ടിക്കെതിരെ മൊഴി നൽകാനും മാത്രം ധൈര്യമോ? അദ്ദേഹത്തിനെതിരെ മൊഴി നൽകിയത് ശരിയായില്ല. ഭവിഷ്യത്തുകൾ അറിയില്ലേ?‘ എന്നും ചോദിച്ച് തനിക്ക് ഭീഷണി സന്ദേശം വന്നുവെന്നാണ് ജോസ് കുറ്റിയാനി കമ്മീഷനോട് പറഞ്ഞത്.
Post Your Comments