Latest NewsKeralaNews

‘സഖാക്കൾ ഇപ്പോൾ ഒരു തള്ള് വണ്ടിയാണ്, രാജാവ് നഗ്നനാണ് എന്ന് ചങ്കൂറ്റത്തോടെ വിളിച്ച് പറയാൻ കഴിയുന്ന ഒരുത്തൻ പോലും ഇല്ലല്ലോ‘; ക്ഷേമപെൻഷനിലെ സത്യമെന്ത്?

എം ലിജുവിൻറെ ഫേസ്ബുക്ക് കുറിപ്പ്

ക്ഷേമ പെൻഷൻ തുക വർധിപ്പിച്ചതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയകളിൽ സി പി എം പ്രവർത്തകർ നടത്തുന്ന തള്ളിനെതിരെ ആലപ്പുഴ ഡിസിസി അധ്യക്ഷന്‍ എം.ലിജു. കഴിഞ്ഞ സർക്കാൻറെ കാലത്ത് 300 രൂപയായിരുന്ന ക്ഷേമ പെൻഷൻ എൽ ഡി എഫ് സർക്കാർ വന്നപ്പോൾ 1400 രൂപയാക്കി എന്ന സൈബർ സഖാക്കളുടെ തള്ളിനെതിരെയാണ് എം ലിജു പ്രതികരിച്ചിരിക്കുന്നത്.

എം ലിജുവിൻറെ ഫേസ്ബുക്ക് കുറിപ്പ്:

ഏറെ പ്രശസ്തമായ ജാലിയൻ കണാരൻ എന്നൊരു ഹാസ്യ കഥാപാത്രമുണ്ട്. ഇല്ലാത്ത കാര്യങ്ങൽ പറയലും ഉള്ളത് പെരുപ്പിച്ചു പറയലുമാണ് അദ്ദേഹത്തിന്റെ പ്രധാന ഹോബി. സോഷ്യൽ മീഡിയയിൽ ഇപ്പൊ സഖാക്കളുടെ അവസ്ഥയും ഏതാണ്ട് സമാനമാണ്. തള്ളോഴിഞ്ഞ സമയമില്ല. യുഡിഎഫ് ഭരണ കാലത്ത് 300 രൂപയായിരുന്ന പെൻഷൻ എൽഡിഎഫ് സർക്കാർ വന്നതിനു ശേഷം 1200 രൂപയാക്കി എന്നാണ് ലേറ്റസ്റ്റ് തള്ള്.

എന്നാൽ എന്താണിതിൻറെ സത്യാവസ്ഥ…?

2011 മെയ് മാസം പതിനെട്ടാം തീയ്യതി ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ കേരളത്തിൽ പെൻഷൻ തുക പ്രതിമാസം 300 രൂപ ആയിരുന്നു. (വി എസ് അച്യുതാനന്ദൻ നേതൃത്വം നൽകിയ എൽ ഡി എഫ് സർക്കാരാണ് അതുവരെ ഉണ്ടായിരുന്ന പെൻഷൻ തുകയായ 250രൂപയിൽ നിന്ന് ആയിരുന്നത് GO (ms) 38/2010 പ്രകാരം 50 രൂപ കൂട്ടി 300 രൂപയാക്കിയത്)

ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ആദ്യവർഷം തന്നെ പെൻഷൻതുക 300ൽ നിന്ന് 400 ആക്കി ഉയർത്തി. (GO (ms) 60/2011 SWD-13/12/2011) തൊട്ടടുത്ത വർഷം വീണ്ടും സർക്കാർ ഓർഡർ (ms) 50/2012-22/8/2012 പ്രകാരം:

1. 80 വയസ്സിന് മുകളിലുള്ളവർക്കുള്ള വാർദ്ധക്യകാല പെൻഷൻ 400ൽ നിന്ന് 900 രൂപയാക്കി.
2. വികലാംഗ പെൻഷൻ 400ൽ നിന്ന് 700 ആക്കി.
3. മറ്റുള്ള മുഴുവൻ പെൻഷനുകളും 400 രൂപയിൽ നിന്ന് 525 രൂപയാക്കിയും ഉയർത്തി.

മാത്രമല്ല വർദ്ധിച്ച നിരക്ക് 2012 ഏപ്രിൽ ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെ നൽകാനും തീരുമാനിച്ചു.

കൂടാതെ 20/06/2014 ന് GO (ms) 52/2014 നമ്പർ ഉത്തരവ് പ്രകാരം പെൻഷൻ നൽകാനുള്ള വരുമാന പരിധി ഒരു ലക്ഷം ആക്കിയതോടൊപ്പം, വിവിധ ക്ഷേമനിധി ബോർഡുകളിൽ നിന്ന് ലഭിക്കുന്ന പെൻഷൻ വാങ്ങുന്നവർക്കും അർഹതാ മാനദണ്ഡങ്ങൾക്ക് വിധേയമായി സാമൂഹ്യ സുരക്ഷാ പെൻഷനുകൾ വാങ്ങാം എന്നും തീരുമാനിച്ചു.

തുടർന്ന്, G0 (ms) 24/2016 – 1/3/2016 നമ്പർ ഉത്തരവ് പ്രകാരം 75 വയസ്സിന് മുകളിലുള്ളവർക്കുള്ള വാർദ്ധക്യകാല പെൻഷൻ 900 രൂപയിൽ നിന്ന് വീണ്ടും 1500 രൂപയാക്കി ഉയർത്തിയതും ഉമ്മൻ ചാണ്ടി സർക്കാറിൻറെ കാലത്താണ്.

ഇനിയാണ് കഥയിലെ ട്വിസ്റ്റ് വരുന്നത്, 2016ൽ കൊട്ടിഘോഷിച്ച് അധികാരത്തിൽ വന്ന പിണറായി സർക്കാർ GO (ms) 282/2016-15/7/2016 നമ്പർ സർക്കാർ ഉത്തരവ് പ്രകാരം എല്ലാ പെൻഷനുകളും പ്രതിമാസം 1000 രൂപയായി നിജപ്പെടുത്തുകയാണ് ആദ്യം ചെയ്തത്. മാത്രമല്ല, ക്ഷേമനിധി ബോർഡുകളിൽ നിന്ന് പെൻഷൻ വാങ്ങുന്ന ആളുകൾക്ക് സാമൂഹ്യ സുരക്ഷ പെൻഷൻ നൽകാൻ പാടില്ല എന്ന ക്രൂരമായ ചട്ടവും പുറപ്പെടുവിച്ചു .

തുടർന്ന് ഓരോ വർഷവും ബജറ്റ് പരാമർശങ്ങളുടെ പേരിൽ പെൻഷൻ തുക വർദ്ധിപ്പിക്കുക എന്ന എല്ലാ സർക്കാരുകളും ചെയ്തു വരുന്ന വർദ്ധനവിനെയാണ് സൈബറിടത്തിലെ സഖാക്കൾ രാജാവിൻറെ അമാനുഷികതയായി വാഴ്ത്തിപ്പാടുന്നത്. അതുപിന്നെ അങ്ങനെയല്ലേ വരൂ. അഴിമതിയും കെടുകാര്യസ്ഥതയും അടക്കി വാഴുമ്പോഴും പാർട്ടി സെക്രട്ടറി സ്ഥാനമൊഴിയേണ്ടി വന്നപ്പോഴും രാജാവ് നഗ്നനാണ് എന്ന് ചങ്കൂറ്റത്തോടെ വിളിച്ച് പറയാൻ പാകത്തിലൊരു സഖാവിനെ മഷിയിട്ടു തിരഞ്ഞാൽ പോലും കിട്ടാത്ത കാലമാണ്.

പെൻഷൻ തുകയെ പറ്റി വേവലാതികൾ ഇല്ലാത്ത സൈബറിടത്തിലെ യുവാക്കൾക്ക് മുന്നിൽ ഒരുപക്ഷെ ഇത്തരം തള്ളുവണ്ടികൾ ഓടിക്കാൻ പറ്റുമായിരിക്കും. പക്ഷെ പെൻഷൻ തുക കിട്ടാൻ കാത്തിരിക്കുന്ന വലിയൊരു വിഭാഗം പുറത്തുണ്ട്. അത് മറക്കരുത്. കഴിഞ്ഞ നാലര കൊല്ലം കൊണ്ട് കയ്യിട്ട് വാരാതെ കാര്യക്ഷമമായി നടപ്പിലാക്കിയ ഒരു പദ്ധതിയുടെ പേരെങ്കിലും മനഃപാഠമാക്കി പഠിച്ചിട്ടു വേണം വോട്ടു ചോദിച്ച് അവരുടെ മുന്നിൽ ചെല്ലാൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button