എന്തെങ്കിലും വാങ്ങിത്തരണോ എന്ന് ചോദിച്ചപ്പോ വേണ്ടാന്ന് പറഞ്ഞു; സെക്രട്ടേറിയറ്റിന് മുന്നില്‍ വര്‍ഷങ്ങളായി സമരം തുടരുന്ന ശ്രീജിത്തിനെ കാണാന്‍ പോയ അനുഭവം പങ്കുവെച്ച്‌ നടി കവിത നായര്‍

രണ്ടു വര്‍ഷം മുന്നേ സ്ഥിരമായി സെക്രട്ടേറിയറ്റിനു മുന്നില്‍ക്കൂടെ രാവിലെ 6.30 നു കടന്ന് പോകുന്ന ലൊക്കേഷന്‍ വണ്ടിയിലിരുന്നു കണ്ടോണ്ടിരുന്ന യുവാവ്

സഹോദരന്‍ ശ്രീജിവിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കണമെന്നും മരണത്തിലെ ദുരൂഹതകള്‍ നീക്കണമെന്നും ആവശ്യപ്പെട്ടു സെക്രട്ടേറിയറ്റിന് മുന്നില്‍ വര്‍ഷങ്ങളായി സമരം തുടരുന്ന ശ്രീജിത്തിനെ കാണാന്‍ പോയ അനുഭവം പങ്കുവെച്ച്‌ നടി കവിത നായര്‍. പലപ്പോഴും ലൊക്കേഷനിലേക്ക് പോകുമ്പോള്‍ കണ്ടിരുന്ന യുവാവിനെ കാണാന്‍ വേണ്ടി പോയതിനെ കുറിച്ചാണ് കവിതയുടെ പോസ്റ്റ്.

കവിത നായരുടെ കുറിപ്പ്:

ശ്രീജിത്ത് .. രണ്ടു വര്‍ഷം മുന്നേ സ്ഥിരമായി സെക്രട്ടേറിയറ്റിനു മുന്നില്‍ക്കൂടെ രാവിലെ 6.30 നു കടന്ന് പോകുന്ന ലൊക്കേഷന്‍ വണ്ടിയിലിരുന്നു കണ്ടോണ്ടിരുന്ന യുവാവ്. കുറേ നാള്‍ കഴിഞ്ഞപ്പോ ഒരു ദിവസം അയാളെ കാണാന്‍ വേണ്ടി രാവിലെ ഹോട്ടലില്‍ നിന്നിറങ്ങി നടന്നു.
തിരുവനന്തപുരം.

ഇവിടെ അതിരാവിലെകള്‍ക്ക് പ്രത്യേക ശാന്തതയാണ്. അടുത്ത് ചെന്നപ്പോ അയാള്‍ തലേന്നത്തെ പത്രവും വായിച്ചിരിക്കുന്നു. അടുത്തിരുന്നോട്ടെ എന്ന് ചോദിച്ചപ്പോ പത്രം വിരിച്ചു തന്നൂ.

കേസൊന്നും പറഞ്ഞില്ല. നിരാഹാരവും രാഷ്ട്രീയവും പറഞ്ഞില്ല. മനസ്സ് പുകഞ്ഞപ്പോ ഞാന്‍ എഴുന്നേറ്റ് യാത്ര പറഞ്ഞു. എന്തെങ്കിലും വാങ്ങിത്തരണോ എന്ന് ചോദിച്ചപ്പോ വേണ്ടാന്ന് പറഞ്ഞു.

അതുകഴിഞ്ഞു പിന്നെയും ഓരോ തവണ അതേ വഴി പോവുമ്ബോ കണ്ണുകള് സെക്രട്ടേറിയറ്റിന്റെ ക്ലോക്കില്‍ നിന്ന് നേരെ താഴോട്ടു വരും.

ഇന്നും.

ഇന്‍സ്റ്റാഗ്രാം മതിലില്‍ ഇതിനു പ്രസക്തിയില്ലായിരിക്കും പക്ഷേ ചിലതിനു നിറമില്ല. ചില ദിവസങ്ങള്‍ക്കും ആളോള്‍ക്കും.

 

Share
Leave a Comment